ചാനൽ ക്യാമറകൾ ഐഫോണിനും സെൽഫി സ്റ്റിക്കിനും വഴിമാറുമ്പോൾ!

കാലം മാറിയതോടെ, ചാനൽ സ്റ്റുഡിയോകൾക്കും കാതലായ മാറ്റങ്ങൾ വന്നു തുടങ്ങിയെന്നു വേണം കരുതാൻ. സ്മാർട്ട് ഫോണുകളുടെയും സെൽഫിയുടെയും കാലത്ത് എന്തിനാണ് ലക്ഷകണക്കിന് രൂപ മുടക്കി വമ്പൻ ക്യാമറകളും മറ്റും ഉപയോഗിക്കുന്നതെന്ന് പല ചാനലുകളിലും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ചെലവ് ചുരുക്കലിനപ്പുറത്ത് വളരെ എളുപ്പത്തിൽ ഒരു ചെറിയ ബാഗിലോ പോക്കറ്റിലോ കൊണ്ടുനടക്കാവുന്ന സാമഗ്രഹികൾ ഉപയോഗിച്ച് എവിടെ നിന്നും, ലേഖകർക്ക് വീഡിയോ ലൈവ് ആയി വരെ സ്റ്റുഡിയോയിലേക്ക് നല്കാം എന്ന ഗുണവുമുണ്ട്. ഇതിനെല്ലാം അപ്പുറം ലേഖകരെ പോലെ തന്നെ, പ്രേക്ഷകവൃന്ദത്തിന് അവരുടെ ഫോണ്‍ ഉപയോഗിച്ചും മാധ്യമപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില ചാനലുകൾ ഐഫോണ്‍ ക്യാമറകളെ ചില അത്യാവശ്യഘട്ടങ്ങളിൽ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും സ്വിറ്റ്സർലാന്റിലെ ഒരു ലോക്കൽ ടിവി സ്റ്റേഷൻ  അവരുടെ നിലവിലുള്ള ചാനൽ ക്യാമറകൾ പൂര്ണ്ണമായും ഒഴിവാക്കി 100% ഐഫോണ്‍ ഉപയോഗിച്ച് തുടങ്ങി. സ്വിസ് പത്രമായ 'ലെ റ്റെമ്പ്സ്' റിപ്പോർട്ട്‌ പ്രകാരം 'ബ്ലൂ ലീമൻ' എന്ന ചാനലാണ്‌ ഇത്തരമൊരു നയം സ്വീകരിച്ചിരിക്കുന്നത്. ക്യാമറ ഐ ഫോണ്‍ ആകുമ്പോൾ അത് വെയ്ക്കാനുള്ള ട്രൈപ്പോഡ് സ്റ്റാന്റും വേണമല്ലോ, അതിനായി ഇവർ കണ്ടു പിടിച്ച മാർഗ്ഗം സെൽഫി സ്റ്റിക്കായിരുന്നു. വളരെ എളുപ്പത്തിൽ ലേഖകന് പരസഹായം കൂടാതെ ക്യാമറ ഏതു ദിശയിലേക്കും തിരിക്കാവുന്ന സംവിധാനം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്. ഡെനിസ് പാൽമ എന്ന ലേഖകൻ ചാനലിനു വേണ്ടി ഐഫോണ്‍ സെൽഫി സ്ടിക്കിൽ ഘടിപ്പിച്ച്  റിപ്പോർട്ട്‌ ചെയ്യുന്ന ചിത്രവും 'ലെ റ്റെമ്പ്സ്' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈയടുത്ത് തന്നെ എല്ലാ ലേഖകർക്കും ചാനൽ തന്നെ ഒരു ഐഫോണ്‍ 6 കിറ്റ്‌ നല്കി റെക്കോഡ് പരിപാടികളും തത്സമയം സംപ്രേഷനത്തിനുമുള്ള പരിശീലനം നടത്തിക്കഴിഞ്ഞു. മാധ്യമ പ്രവർത്തനത്തിന് ഒരു പുതിയ മാനം നല്കാനും, ചാനലിന്റെ പ്രവർത്തന ചെലവ് കുറയ്ക്കാനുമായിട്ടാണ് ഇത്തരം ഒരു നയം സ്വീകരിച്ചതെന്ന് സ്റ്റേഷൻ ഡയറക്ടർ ആയ ലോറെന്റ് കെല്ലർ പറയുന്നു.  എങ്കിലും ഐഫോണ്‍ പാതയിലേക്ക് മാറിയ ആദ്യ ചാനൽ ഇതല്ല, ഇതിനു മുൻപ് ഒരു സ്കാന്ഡനേവിയൻ മാധ്യമ സ്ഥാപനവും ഇതേ പാത സ്വീകരിച്ചിരുന്നു. ഐഫോണ്‍ ഉപയോഗത്തിലൂടെ എവിടെ നിന്നും ലേഖകർക്ക് ഓണ്‍ എയർ ആയും ഓണ്‍ലൈൻ ആയും തത്സമയ സംപ്രേഷണം നടത്താൻ സാധിക്കും. ഐഫോണ്‍ ജേണലിസം അല്ലെങ്കിൽ മൊബൈൽ ജേണലിസം ഉപയോഗിക്കുമ്പോൾ ഇതുവരെയുണ്ടായിരുന്ന ദൃശ്യഭാഷയല്ല ഉപയോഗിക്കേണ്ടതെന്നും കെല്ലർ ഓർമ്മിപ്പിക്കുന്നു, ഇതുവരെ ചാനലുകൾ പിന്തുടർന്ന രീതിയിൽ നിന്നും എങ്ങനെ മാറി ചിന്തിക്കാം എന്നായിരിക്കണം പുത്തൻ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ചാനൽ ദിവസവും ഏതാനം മണിക്കൂർ മാത്രമാണ് സംപ്രേഷണം ചെയ്യുന്നു എന്നതിനാൽ, ലേഖകർക്ക് അവർ പകർത്തുന്ന ദൃശ്യങ്ങൾ കൂടുതലായി എളുപ്പത്തിൽ ഓണ്‍ലൈൻ ആയും സംപ്രേഷണം ചെയ്യാൻ കഴിയുന്നു.

ഏറ്റവും ഒടുവിൽ നരേന്ദ്ര മോഡി യുഎസ് സന്ദർശിച്ചപ്പോൾ ബിബിസിയുടെ ലേഖകനായ ബ്രജേഷ് ഉപാധ്യായ് ഒരു ഐഫോണ്‍ തന്റെ ട്രൈപ്പോഡ് സ്ടാന്റിൽ ഘടിപ്പിച്ച് SAP സെന്ററിനു മുൻപിൽ നിന്ന് തത്സമയം റിപ്പോർട്ട്‌ ചെയ്തത് വാർത്ത ആയിരുന്നു. വീഡിയോയുടെ ക്വാളിറ്റി മികച്ചതായിരുന്നു എന്ന് ലണ്ടനിലെ സഹപ്രവർത്തകർ പറഞ്ഞതായി ബ്രജേഷ് ഫേസ് ബുക്കിലും ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരുന്നു. ബിബിസിയെ പോലൊരു ചാനൽ വിലകൂടിയ ക്യാമറകൾ ഉപയോഗിക്കാനുള്ള വിമുഖതയ്ക്ക് അപ്പുറം, ഏറ്റവും കൂടുതൽ പുരോഗതി കൈവരിക്കുന്ന മൊബൈൽ ജേണലിസം എന്ന ശാഖയിൽ കൈവെയ്ക്കുക കൂടിയായിരുന്നു.

2014 ൽ യു എസ്സിൽ ഫോക്സ് 46  എന്ന ചാനലും ഇത്തരമൊരു മാർഗം അവലംബിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ, അത് അധിക കാലം മുന്നോട്ടു പോയില്ല. മൊബൈൽ ഫോണ്‍ ജേണലിസത്തിൽ അധികം പരിചയം സിദ്ധിക്കാത്ത ലേഖകരും, മറ്റു സാങ്കേതിക തടസ്സങ്ങളും ആയിരുന്നു അന്നുയർത്തിയ വെല്ലുവിളികൾ. പക്ഷെ, ഇന്ന് സ്ഥിതി വിഭിന്നമാണ്, മൊബൈൽ ഫോണ്‍ ഒരു വിപ്ലവമായത്തോടെ അതിന്റെ സാധ്യത പ്രയോജനപ്പെടുത്താതെ മാധ്യമങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതി വന്നിരിക്കുകയാണ്. ഷിക്കാഗോ സണ്‍ ടൈംസ് പത്രത്തിൽ 2013 ൽ എല്ലാ ലേഖകരെയും 'ഐഫോണ്‍ ഫോടോഗ്രഫിയിൽ' പരിശീലനം നല്കിയിരുന്നു. ഐഫോണ്‍ ഉപയോഗിച്ച് പ്രൊഫഷണൽ വീഡിയോ നിർമ്മാണത്തിന് അനേകം ആപ്പുകളും ലഭ്യമാണ് ഇന്ന്.

കഴിഞ്ഞ ജനുവരി 28 നു ഇറങ്ങിയ ന്യൂയോർക്ക്‌ ടൈംസ് പത്രത്തിന്റെ ഒന്നാം പേജ് പലരെയും അമ്പരിപ്പിച്ചു. ന്യൂയോർക്കിലെ ശീതകാലത്തിന്റെ വിവിധ ചിത്രങ്ങൾ തങ്ങളുടെ മൊബൈൽ ഫോണിൽ എടുത്ത് ഇൻസ്റ്റാഗ്രാമിൽ തലേന്ന് അപ്‌ലോഡ്‌ ചെയ്തവരാണ് ഞെട്ടിയത്. അവരെടുത്ത ചിത്രങ്ങളായിരുന്നു, അവരുടെ പേരോടൊപ്പം പത്രത്തിന്റെ ഒന്നാം പേജിൽ അച്ചടിച്ച് വന്നത്. ക്രൌഡ് സോഴ്സിംഗ് (വിഭവസമാഹരണം) എങ്ങനെ നടത്താം എന്നതിന്റെ മികച്ച ഒരു ഉദ്ദാഹരണം കൂടിയായിരുന്നു അത്. യൂസർ ജെനറേറ്റഡ് കണ്ടന്റിനു ഉന്നതമായ പരിഗണന നല്കണമെന്ന് പറയുന്നതായിരുന്നു കഴിഞ്ഞ വർഷം പുറത്തായ ന്യൂയോർക്ക്‌ ടൈംസ്‌ ഇന്നൊവേഷൻ റിപ്പോർട്ട്‌ . "ഞങ്ങളുടെ വായനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ശ്രോതസ്. ഓണ്‍ലൈൻ ആയും ഓഫ് ലൈൻ ആയും അവരുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് പ്രധാനമാണ്" എന്നായിരുന്നു ന്യൂയോർക്ക്‌ ടൈംസ് പറഞ്ഞത്.  പൂർണ്ണമായും നിലവിലുള്ള ചാനൽ ക്യാമറകൾ ഒഴിവാക്കാൻ കഴിയില്ലെങ്കിലും പുത്തൻ മാധ്യമ ഭാവുകത്വത്തിലേക്ക് മാറത്തെ ഇനി രക്ഷയില്ല എന്ന് ചുരുക്കം.