കിഡ്നി വിറ്റും ഐഫോൺ വാങ്ങും !!!

ഫോൺഭ്രമം മൂത്ത് വിപണിയിലിറങ്ങുന്ന മൊബൈലുകള്‍ എല്ലാം പരീക്ഷിക്കുന്നവരെ കണ്ടിട്ടുണ്ട്. അതുപക്ഷേ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടു തങ്ങളുടെ ഭ്രമം അടക്കിയവരായിരുന്നു. ആരോഗ്യവും ശരീരവും പണയംവച്ച് ആർഭാടം സ്വന്തമാക്കുന്നവർ വിരളമാണ്. പക്ഷേ മൊബൈല്‍ വിപണിയിൽ തരംഗമാകുന്ന ഐഫോണ്‍ സ്വന്തമാക്കാൻ സ്വന്തം കിഡ്നി വിൽക്കാൻ ശ്രമിച്ച യുവാക്കളാണ് ഇപ്പോൾ ഞെട്ടിക്കുന്നത്. ഐഫോൺ സിക്സ് സ്വന്തമാക്കാനാണ് ചൈന സ്വദേശികളായ വു, ഹുവാങ്ങ് എന്നു പേരുള്ള യുവാക്കള്‍ ഈ കടുംകൈയ്ക്കു മുതിർന്നത്.

വുവിന് ഐഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കയ്യിൽ പണമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സുഹൃത്ത് ഹുവാങ് ഇരുവരുടെയും വൃക്ക വിൽക്കാമെന്ന കാര്യം സൂചിപ്പിച്ചത്. വൃക്ക വിൽക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഇരുവരും ഏജന്റുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നാൻജിങിലെ ആശുപത്രിയിൽ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയകാരാൻ ഇരുവരോടും ഏജന്റ് ആവശ്യപ്പെട്ടു. യുവാക്കൾ സ്ഥലത്തെത്തിയെങ്കിലും ഏജന്റ് പറഞ്ഞ വാക്കു പാലിച്ചില്ല. ഇതോടെ പദ്ധതിയെക്കുറിച്ച് ആദ്യം പറഞ്ഞ വു അതിൽ നിന്നും പിന്മാറുകയായിരുന്നു. ‌

എന്നാൽ വു പിന്മാറിയെങ്കിലും ഹുവാങ് തീരുമാനത്തിൽ നിന്നും പിന്മാറാന്‍ തയ്യാറായില്ല. അങ്ങനെ തർക്കംമൂത്തു കൂട്ടുകാരനെ പിന്തിരിപ്പിക്കാൻ വു തന്നെ വിവരം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. വൃക്ക വിൽപ്പന നടന്നില്ലെങ്കിലും സംഭവം പോലീസ് ഗൗരവമായെടുത്തിട്ടുണ്ട്. ഹുവാങിനെ ഇതുവരെയും പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല.

നേരത്തെയും ചൈനയിൽ സമാനമായ സംഭവം നടന്നിട്ടുണ്ട്. അന്നു പക്ഷേ ഐപോഡും ഐഫോണും വാങ്ങിക്കാനായിരുന്നു വൃക്ക വിറ്റത്. ഐഫോണുകൾക്ക് ദ്രുതഗതിയിലുള്ള വളർച്ചയാണ് ചൈനയിൽ രേഖപ്പെടുത്തുന്നത്.