എട്ടിന്റെ പണികൊടുത്തൊരു ഫോൺ കോൾ

അധിപൻ സിനിമയിൽ മോഹൻലാൽ ദൂരദർശൻ കേന്ദ്രത്തിലേക്കു വിളിക്കുന്ന സീൻ ഓർമ്മയില്ലേ? ശ്യാമമേഘമേ നീ എന്ന ഗാനം പാടിയ പെൺകുട്ടിയെ അഭിനന്ദനമറിയിക്കാൻ അഡ്രസ് ചോദിച്ചുവിളിച്ച ലാലിനെ പക്ഷേ അപ്പുറത്തുള്ളയാൾ നിരാശപ്പെടുത്തി. തുടർന്ന് ലാലിന്റെ തെറിവിളിയും. ആദ്യം വിളിച്ച തെറിയ്ക്ക് ക്ഷമ പറയാൻ വീണ്ടും വിളിച്ചപ്പോൾ അതിനേക്കാൾ തെറി. അത്തരത്തിൽ ചിരിപ്പിക്കുന്നൊരു ഫോൺസംഭാഷണമാണ് ഇപ്പോൾ വൈറലാകുന്നത്.

ഇവിടെ പക്ഷേ കഥ വേറെയാണ്. മോഷ്ടാവ് ക്ഷമ പറയാൻ വിളിക്കുകയും പണവും മറ്റും തിരികെ നൽകണമെങ്കിൽ പാട്ടുപാടുകയും തന്നെ അനുസരിക്കുകയും വേണമെന്നും ആവശ്യപ്പെട്ടൊരു വിളി. ഇത്തരത്തിലൊരു വിളി വന്നാൽ ആരുടെയും നിയന്ത്രണം നഷ്ടപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളു. കനേഡിയക്കാരനും ഇന്ത്യക്കാരൻ എന്നു പരിചയപ്പെടുത്തുന്ന യുവാവും തമ്മിലുള്ള രസകരമായ സംഭാഷണം കേൾക്കാം.

കനേഡിയക്കാരന്റെ ബാഗും പണവും മോഷ്ടിച്ച ഇന്ത്യക്കാരൻ എന്നു പരിചയപ്പെടുത്തുന്ന ഫോൺ സംഭാഷണത്തിലുടനീളം കനേഡിയക്കാരനെ വട്ടുകളിപ്പിക്കുന്നതു കേൾക്കാം. ബാഗും പണവും മോഷ്ടിച്ചതിന് ക്ഷമ ചോദിച്ചു തുടങ്ങുന്ന യുവാവ് പണം മുഴുവനായി തിരികെ നൽകണമെങ്കിൽ നാവുവഴങ്ങാത്ത പഞ്ചാബി ഗാനം വരെ പാടിക്കുന്നുണ്ട്. ഗതികെട്ട് തെറിയഭിഷേകത്തിനിടയ്ക്ക് പാട്ടും പാടി നൽകുന്ന കനേഡിയക്കാരൻ അവസാനമാണ് അറിയുന്നത് തന്റെ പണം എവിടെയും പോയിട്ടില്ല, പറ്റിക്കൽ സംഭാഷണം മാത്രമായിരുന്നു അതെന്ന്.