Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കാളികള്‍ക്കിടയിലെ ന്യൂജനറേഷന്‍ വില്ലന്‍ !

Fubbing Representative Image

എന്താണ് ഫബിങ്? , എത്ര തിരക്കിലായാലും, എന്തു പ്രധാനപ്പെട്ട കാര്യം ചെയ്യുന്നതിനിടയിലായാലും ഫോണ്‍ ഇടയ്ക്കിടെ നോക്കുന്നതിനു ലഭിച്ചിരിക്കുന്ന പേരാണ് ഫബിങ്. മറ്റെല്ലാം മേഖലകളിലും എന്നതുപോലെ ഒരു വ്യക്തിയുടെ പ്രണയജീവിതത്തിലും ഫബിങ് കാര്യമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് അടുത്തിടെ നടത്തിയ രണ്ടുപഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രണയിക്കുന്നവരോ ദമ്പതികളോ ആയിട്ടുള്ള 60 ശതമാനം പങ്കാളികള്‍ക്കിടയിലും ഫബിങ് ദിവസേനയെന്നോണം തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ ഇടയാകുന്നു എന്നാണ് ഈ പഠനങ്ങളിലെ കണ്ടെത്തല്‍.

അമേരിക്കയിലെ കാസ്പിറസ്കി ലാബിലെ ഗവേഷകരും ബ്രിട്ടണിലെ കെന്റ് സര്‍വകലാശാലയിലെ സോഷ്യല്‍ സൈക്കോളജിസ്റ്റുകളും നടത്തിയ വ്യത്യസ്ത പഠനങ്ങളിലാണ് ഫബിങ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സമാനമായ കണ്ടെത്തലുകള്‍ ഉണ്ടായത്. ഒരാളോടു തോന്നുന്ന അടുപ്പമോ, അയാളുടെ പരിഗണ ലഭിക്കുന്നതിലൂടെ നമുക്കു തോന്നുന്ന അസ്ഥിത്വമോ ഒക്കെയാണ് ഒരു പ്രണയബന്ധത്തെ മുന്നോട്ടു നയിക്കുന്നത്. അതേസമയം പരസ്പരം സംസാരിച്ചിരിക്കുമ്പോള്‍ പോലും അടിക്കടിയുണ്ടാകുന്ന ഫോണ്‍ ഉപയോഗം താന്‍ അവഗണിക്കപ്പെടുന്നതായുള്ള തോന്നല്‍ പങ്കാളിയില്‍ ഉണ്ടാക്കും. 

ഒരുമിച്ചു ജീവിക്കുന്ന ദമ്പതിമാര്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ മൂലം തര്‍ക്കമുണ്ടാകുന്നവര്‍ 60 ശതമാനമാണെങ്കില്‍ പ്രണയിക്കുന്നുണ്ടെങ്കിലും രണ്ടു സ്ഥലങ്ങളിലായി താമസിക്കുന്നവര്‍ക്കിടയിലും മൊബൈല്‍ ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനു കുറവില്ല. ആഴ്ചയില്‍ ഏതാനും ദിവസമോ, അല്ലെങ്കില്‍ ദിവസവും ഏതാനും സമയമോ മാത്രമായിരിക്കും ഇവര്‍ ഒരുമിച്ചുണ്ടാകുക. ഇങ്ങനെയുള്ളപ്പോള്‍ പോലും മൊബൈല്‍ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ നിരവധിയാണെന്നാണ് കാസ്പറസ്കി ലാബിന്റെ പഠനം പറയുന്നത്. പ്രണയിക്കുന്നെങ്കിലും വെവ്വേറെ സ്ഥലങ്ങളില്‍ താമസിക്കുന്നവരില്‍ 49 ശതമാനം പേരും ഒരുമിച്ചുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ പിണങ്ങാറുള്ളവരാണെന്ന് ഈ പഠനം വിശദീകരിക്കുന്നു.

ഒരുമിച്ചിരിക്കുമ്പോള്‍ മാത്രമല്ല അകന്നു ജീവിക്കുമ്പോഴും ഫോണുകള്‍ വില്ലനാകുന്ന കഥയും കാസ്പറിസ്കി ലാബിന്റെ പഠനത്തിനു പറയാനുണ്ട്. അകന്നുകഴിയുന്ന രണ്ടു പങ്കാളികളെ ഏറ്റവുമധികം അടുപ്പം തന്നാന്‍ സഹായിക്കുന്നത് ഇക്കാലത്ത് മൊബൈല്‍ ഫോണുകളാണ്. പരസ്പരം എപ്പോള്‍ വേണമെങ്കിലും സംസാരിക്കാനും കാണാനും വരെ മൊബൈല്‍ ഫോണുകള്‍ സഹായിക്കുന്നു. പക്ഷെ പല സന്ദര്‍ഭങ്ങളിലും ഈ മൊബൈല്‍ ഫോണുകളും ഇവര്‍ക്കു വില്ലനായി മാറുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ വൈറസ് കയറുകയോ, അവ നഷ്ടപ്പെടുകയോ ചെയ്യുന്നത് പങ്കാളികള്‍ക്കിടയിലെ വഴക്കിനു കാരണമാകാറുണ്ട് എന്നാണ് കണ്ടെത്തല്‍. ഇങ്ങനെ ഫോണ്‍ നഷ്ടപ്പെടുന്ന പങ്കാളികളില്‍ 19 ശതമാനത്തോളംപേര്‍ ഇതേച്ചൊല്ലി കലഹം നേരിടേണ്ടി വരുന്നവരാണത്രെ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam