നമുക്കെന്തിനീ മരണക്കളി

പരവൂർ ക്ഷേത്രത്തിലെ ദുരന്തത്തെത്തുടർന്ന് വെടിക്കെട്ടിനെതിരെ ശക്തമായ ജനാഭിപ്രായം ഉയർന്നിരിക്കുകയാണല്ലോ. നല്ല കാര്യം. പക്ഷേ, ചിലരെങ്കിലും ചില പഴുതുകൾ ബാക്കിവെച്ചാണ് വെടിക്കെട്ടിനെ എതിർക്കുന്നത്. മത്സരവെടിക്കെട്ട് ഒഴിവാക്കണമെന്ന അഭിപ്രായം ഒരു ഗുണവും ചെയ്യില്ല.

കാരണം നമ്മുടെ നിയമനടപ്പാക്കൽ സംവിധാനം തികച്ചും ദുർബലവും അഴിമതിഗ്രസ്ഥവുമാണ്. വെടിക്കെട്ട് അനുവദിക്കുകയും അതിൽ മത്സരം പാടില്ലെന്നു പറയുകയും ചെയ്യുന്നത് ഫലത്തിൽ മത്സരത്തിനു പരോക്ഷമായ അനുവാദം നൽകലാണ് . വെടിക്കെട്ടിന് അനുവാദം നൽകിയാൽ അതിൽ മത്സരം നടക്കില്ലെന്ന് ആരു ഉറപ്പു വരുത്തും. ഇത്തരം പരിപാടികൾ പലപ്പോഴും ഉത്സവക്കമ്മറ്റിക്കാരുടെയും കരക്കാരുടെയും വൈകാരികപ്രശനമായി മാറുമ്പോള്‍ അതുണ്ടാക്കുന്ന സമ്മർദ്ദത്തിനു വളയ്ക്കാനോ ഒടിക്കാനോ കഴിയുന്ന ബലമേ സർക്കാർ ഉത്തരവുകൾക്കും നിയന്ത്രണങ്ങൾക്കും ഉണ്ടാകൂ. വഴിവിട്ടു സമ്മതം നേടിയെടുക്കാൻ പലപ്പോഴും രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഒക്കെയുണ്ടാകും, ഒളിഞ്ഞും തെളിഞ്ഞും.

ഹൈന്ദവക്ഷേത്രങ്ങളിൽ ആരാധനാമൂർത്തിയെ ഉണർത്തുക എന്നതിനപ്പുറം വെടിമുഴക്കലിന് ആചാരപരമായ പിൻബലം ഉണ്ടോ? എന്തായാലും അതിനപ്പുറത്തേക്കു പോയിരിക്കുന്നു ഇപ്പോൾ. ക്ഷേത്രത്തിലെ വെടിമുഴക്കൽ വിശ്വാസികളുടെ വഴിപാടായും അതിനപ്പുറം പെരുമ കാണിക്കാനുളള വെടിക്കെട്ടായും മത്സരമായും വളർന്നിരിക്കുന്നു. മത്സരത്തിൽ വിജയിക്കുക എന്നത് ഏക ലക്ഷ്യമായി മാറുമ്പോൾ അശ്രദ്ധയും അലംഭാവവും അനാസ്ഥയും കടന്നുവരും ഒപ്പം ഒഴിഞ്ഞുമാറാൻ തരിനിമിഷം പോലും തരാതെ അപകടവും മരണവും ഇനിയെങ്കിലും നമ്മൾ പ്രാകൃതരാകാതെ പരിഷ്കൃതരാകാനുളള ശ്രമം ഉണ്ടാകണം.

ഉഗ്രസ്ഫോടനത്തിന്റെ ശബ്ദമുണ്ടാക്കുന്ന വെടിക്കെട്ടിൽ ആസ്വദിക്കാനോ ആനന്ദിക്കാനോ ആയി എന്താണ് ഉളളതെന്ന് അറിയില്ല. അതിൽ നിന്നു കാതിനും കണ്ണിനും സുഖം കണ്ടെത്തുന്നതിനും മരണം ഇത്രയും കണ്ടിട്ടും മതിയാകാതിരിക്കുന്നതിനും കാട്ടാളമനസ്സ് തന്നെ വേണം. രാത്രിയിൽ മാനത്ത് വിവിധ വർണങ്ങൾ വാരിവിതറുന്ന കരിമരുന്നുപ്രയോഗം കാണാനാണെങ്കിൽ വലിയ ശബ്ദത്തോടു കൂടിയുളള വെടിക്കെട്ട് വേണമെന്നില്ല, അതില്ലാതെയും ആകാം. പക്ഷേ, നമ്മുടെ കാതടിപ്പിക്കുന്ന ശബ്ദത്തിലുളള വെടിക്കെട്ടും അതിന്റെ കൂട്ടപ്പൊരിച്ചിലും തന്നെ വേണം. ഇതുണ്ടാക്കിയ ദുരന്തങ്ങൾ മനസ്സ് മടുപ്പിച്ചിട്ടും ഇനിയും മാറ്റമില്ലാതെ തുടരുമ്പോൾ മലയാളിക്കു മരവിച്ച മനഃസ്സാക്ഷിയും ക്രൂരവിനോദം ആസ്വദിക്കുന്ന മാനസികാവസ്ഥയുമാണോ ഉളളതെന്നു ഞാൻ സംശയിക്കുന്നു.

ഇതു നിർത്തിയേ തീരൂ. മനുഷ്യജീവനോ അവന്റെ ജീവിതാവസ്ഥയ്ക്കോ പുരോഗമനത്തിനോ ഒരു ഗുണമില്ലാത്ത എത്രയോ കാട്ടാചാരങ്ങൾ നമ്മൾ ഇതിനകം തകർത്തെറിഞ്ഞിരിക്കുന്നു. എന്നിട്ടും ഈ ആധുനിക ലോകത്തിൽ എന്തു വിശ്വാസമാണു നമ്മളെ വെടിമുഴക്കത്തിൽ കുരുക്കിയിട്ടിരിക്കുന്നത്. തൊട്ടുകൂടായ്മ ഇന്നില്ല. കീഴ്ജാതിക്കാരൻ കടന്നാൽ ഇന്ന് ഒരു ക്ഷേത്രവും അശുദ്ധമാകുന്നില്ല. എന്തിനേറെ പറയുന്നു, പൂജാതികർമ്മങ്ങളിലേക്കു പോലും അവർണര്‍ കടന്നുവന്നു കഴിഞ്ഞു. ദൈവങ്ങളുടെ മനസ്സ് മാറിയതുകൊണ്ടല്ല നമ്മുടെ മനസ്സുകൾക്ക് വലുപ്പം കൂടുകയും അതിലേക്കു കൂടുതൽ വെളിച്ചം കടക്കുകയും ചെയ്തപ്പോഴാണ് ഈ മാറ്റങ്ങളെലെല്ലാം നമ്മുടെ നാട്ടിലുണ്ടായത്. സഹജീവികളോടുളള ബഹുമാനവും സമത്വചിന്തയുമാണ് പല കടുത്ത ആചാരങ്ങളെയും നമ്മൾക്കിടയിൽ നിന്നു പറിച്ചെടുത്തു കളഞ്ഞത്. പക്ഷേ, മറ്റൊരാളിനു ജീവിക്കാനുളള അവകാശത്തെ തന്നെ ചിതറിത്തെറിപ്പിക്കുന്ന ഏത് ആഘോഷത്തേയും ആചാരത്തിന്റെ മറയ്ക്കുളളിൽ നിർത്തി നമുക്കിനി പൂജിക്കേണ്ടതില്ല. അതിനു തടസ്സം നിൽക്കുന്നത് ആചാരമായാലും മനുഷ്യനായാലും വഴിമാറിയേ തീരൂ.