ലൈംലൈ‌റ്റിൽ വൈൻ ലിപ്സ്

Representative Image

മേക്കപ്പ് ചെയ്യുമ്പോൾ പൊതുവേ സേഫ് സോൺ കളിക്കാണ് മിക്കവർക്കും താൽപര്യം. ലിപ്‌സ്‌റ്റിക്കുകളുടെ കാര്യത്തിലാണെങ്കിൽ പിങ്ക്, ചുവപ്പ് ഈ നിറങ്ങൾക്കേ മേക്കപ്പ് ബോക്‌സിൽ സ്‌ഥാനമുള്ളൂ. ഡാർക്ക് ഷേഡുകളെ നിർദയം അവഗണിക്കുകയാണു പതിവ്. എല്ലാം ഇന്നലെ വരെയുള്ള കഥ. സംഗതികളെല്ലാം മാറി മറഞ്ഞതു പെട്ടെന്നാണ്. ഡാർക്ക് ലിപ്‌സ് കേറിയങ്ങു സ്‌റാററായില്ലേ. ഡാർക്ക് വൈൻ, പർപ്പിൾ തുടങ്ങിയ ബോൾഡ് കക്ഷികൾക്കാണ് ഇപ്പോൾ ഡിമാൻഡ്. ഈ നിറങ്ങളാണെങ്കിൽ ലിപ്‌സ്‌റ്റിക്ക് പിന്നെ വെറുമൊരു ലിപ്‌സ്‌റ്റിക്കേയല്ല, സ്‌ട്രോങ് സ്‌റ്റേറ്റ്‌മെന്റ് മാർക്കറായി മാറുന്നുവെന്നതാണ് സ്‌ത്രീ രത്നങ്ങളെ ബോൾഡ് നിറങ്ങളുടെ ആരാധകരാക്കുന്നത്.

ഡാർക്ക് ഷേഡുകൾ തിരഞ്ഞെടുക്കുമ്പോൾ ശരീരത്തിന്റെ നിറവുമായി പൊരുത്തപ്പെടുന്നതാണോ എന്നു ശ്രദ്ധിക്കണം. മറ്റൊരാൾക്കു നന്നായി തോന്നിയ നിറം നമുക്കു ചേരുന്നതാകണമെന്നില്ല. മൊത്തം മേക്കപ്പിലുമുണ്ട് ചിലതു ശ്രദ്ധിക്കാൻ. നന്നായി മോയ്‌സ്‌ച്ചുറൈസ് ചെയ്യണം മുഖം. കണ്ണിന്റെ താഴെയുള്ള ചർമം വരണ്ടതായി തോന്നുകയാണമെങ്കിൽ അണ്ടർ ഐ ക്രീം ഉപയോഗിക്കണം. കൺസീലറും വേണം. പോളിഷ്‌ഡ് ആൻഡ് സ്‌മൂത് അപ്പിയറൻസ് നിർബന്ധമെന്ന് ചുരുക്കം. പുരികക്കൊടികളുടെ കാര്യത്തിലാണു പിന്നെ ശ്രദ്ധിക്കേണ്ടത്. പുരികത്തിലുള്ള വിടവുകൾ മറയ്‌ക്കണം. ബോൾഡ് ലിപ്‌സിനൊക്കം സ്‌ട്രോങ് പുരികക്കൊടിയേ ചെർന്നു പോകൂ. കണ്ണുകളുടെ കാര്യത്തിൽ വിങ്‌ഡ് ലുക്ക് പരീക്ഷിക്കാവുന്നതാണ്, സന്ദർഭത്തിനനുസരിച്ച്. ഓഫിസിലേക്കാണെങ്കിൽ കണ്ണുകളെ വൈറുതെ വിടുന്നതാണ് നല്ലത്. കവിളുകളിൽ പിങ്ക്, ചുവപ്പ് നിറങ്ങൾ അണിയുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഡീപ് റെഡ്, ബ്രൗൺ, പർപ്പിൾ, വൈൻ റെഡ് നിറങ്ങളിലുള്ള ലിപ്‌ലൈനർ തിരഞ്ഞെടുക്കാം. ലിപ്‌ലൈനർ ഉപയോഗിച്ചു തന്നെ ചുണ്ടുകൾ ഫിൽ ചെയ്യണം. ശേഷം ലിപ് ബ്രഷ് ഉപയോഗിച്ച് ലിപ്‌സ്‌റ്റിക്കണിയാം.