വീട്ടിൽ പ്രേതമുണ്ടോ? അറിയാൻ വഴിയുണ്ട്

അങ്ങനെ ആ വീട് സ്വന്തമായി– നഗരത്തിരക്കിൽ നിന്നു മാറി, ഒറ്റപ്പെട്ട ഒരിടത്ത്, തടാകത്തിൻ കരയിൽ, നിറയെ മരങ്ങൾക്കിടയിൽ, ഒരു വലിയ വീട്...അതുവരെ സമ്പാദിച്ചതെല്ലാം കൊടുക്കേണ്ടി വന്നെങ്കിലെന്താ, കുടുംബമൊത്ത് ജീവിക്കാൻ ഇത്രയും നല്ലൊരിടം ഇനി വേറെ കിട്ടാനില്ല. പക്ഷേ താമസിച്ച് തുടങ്ങി ഏതാനും നാളുകളേ ആയിട്ടുള്ളൂ. കുട്ടികളുടെ മുറിയിൽ രാത്രികളിൽ ആരോ കരയുന്ന ശബ്ദം, തനിയെ കത്തുകയും കെടുകയും ചെയ്യുന്ന ബൾബുകൾ, രാത്രി 12 മണിക്ക് നിശബ്ദമാകുന്ന ക്ലോക്ക്. കുളിമുറിയിലെ പൈപ്പിൽ നിന്നൊഴുകി വന്നത് കൊഴുത്ത ചോര, ആ നിശബ്ദതയിൽ വിദൂരതയിൽ നിന്നൊഴുകിയെത്തുന്ന ചെന്നായ്ക്കളുടെ ഓരിയിടൽ... ആരായാലും പേടിച്ചു പോകും. അങ്ങനെ പേടിപ്പിക്കുന്ന ഒട്ടേറെ സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. പാശ്ചാത്യനാടുകളാകട്ടെ അത്തരം പ്രേതപ്പേടികൾ ഹാലോവീൻ ദിനത്തിലൂടെ ഒരു ആഘോഷം പോലുമാക്കിയിട്ടുണ്ട്. ഈ വർഷത്തെ ഹാലോവീൻ ആഘോഷിക്കുമ്പോൾ ഒരു വെബ്സൈറ്റ് ശ്രദ്ധേയമാകുന്നതും ജനങ്ങളുടെ പ്രേതപ്പേടി മാറ്റിക്കൊടുക്കുന്നു എന്നതുകൊണ്ടാണ്.

വാങ്ങാൻ പോകുന്ന വീട്ടിൽ എന്തെങ്കിലും അസ്വാഭാവികമരണങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടോ എന്നറിയാൻ അമേരിക്കയിൽ പലയിടത്തും നിയമത്തിന്റെ സഹായം പോലുമില്ല. ചിലയിടത്താകട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ അത്തരം മുൻകാല ചരിത്രം പറയേണ്ടതില്ലെന്നുപോലും നിർദേശമുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവം നടന്നാൽ വീടിന്റെ നമ്പറും വിലാസവും മാറ്റുന്നതാണ് ചിലയിടത്തെ രീതി. അതോടെ പിന്നെ വീടിനെപ്പറ്റി അന്വേഷണമുണ്ടായാൽ ആരും അറിയാനും പോകുന്നില്ല. സംഭവം വാർത്തയായിട്ടുണ്ടെങ്കിൽ പോലും അത് പഴയ വിലാസം പ്രകാരമായിരിക്കുമല്ലോ. വീടുവാങ്ങുന്നതിനു മുൻപ് അവിടെ ആരെങ്കിലും മരിച്ചോ, പ്രേതസാന്നിധ്യം പോലുള്ള പ്രശ്നങ്ങളുണ്ടോ എന്നെല്ലാം അറിയാൻ അമേരിക്കയിൽ അധികം വഴിയില്ലെന്നു ചുരുക്കം. ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ വീടുകളുടെ വിലയിൽ 30 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് റിപ്പോർട്ട്.

പ്രേതസിനിമകളെല്ലാം കണ്ട് ‘ഹോണ്ടഡ് ഹൗസ്’ എന്നൊരു പേടി തന്നെ പാശ്ചാത്യസമൂഹത്തെ ബാധിച്ചിട്ടുമുണ്ട്. ഇത്തരം വീടുകളെപ്പറ്റി ‘ദ് കോൺജുറിങ്’ പോലെ യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിത്തന്നെ പല സിനിമകളുമിറങ്ങിയതോടെ പ്രത്യേകിച്ചും. ഈ സാഹചര്യത്തിലാണ് ഓരോ വീടിന്റെയും ‘അസ്വാഭാവിക ചരിത്രം’ അന്വേഷിച്ചു കണ്ടെത്തി നൽകാമെന്ന ഓഫറുമായി ഒരു വെബ്സൈറ്റ് എത്തിയത്. ആരെങ്കിലും മരിച്ചോ, പ്രേതബാധയുണ്ടോ തുടങ്ങിയ സകല വിവരങ്ങളും എടുത്തുനൽകുന്ന ഈ വെബ്സൈറ്റിന്റെ േപരു തന്നെ DiedInHouse.com എന്നാണ്. ഇവരുടെ വെബ്സൈറ്റിൽ ഇതിനോടകം തന്നെ 45 ലക്ഷം വീടുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിക്കഴിഞ്ഞു. പ്രേതമുണ്ടോയെന്ന് അന്വേഷിക്കാനായി 30000 വീടുകളുടെ വിലാസവും ഉപഭോക്താക്കൾ പലപ്പോഴായി നൽകി.

2013ലാണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്. റോയ് കോൺട്രെ എന്ന സോഫ്റ്റ്‌വെയർ എൻജിനീയർ തന്റെ ഉടമസ്ഥതയിലുള്ള ഒരു വീട് വിൽക്കാൻ ശ്രമിച്ചപ്പോൾ ഇത്തരത്തിൽ ഒട്ടേറെ അന്വേഷണങ്ങൾ വന്നിരുന്നു. അങ്ങനെയാണ് ഇത്തരം വിവരങ്ങൾ അറിയാനുള്ള ബുദ്ധിമുട്ട് മനസിലാകുന്നത്. അവിടെ ഡൈഡ് ഇൻ ഹൗസിന് തുടക്കമാവുകയായിരുന്നു.

മരണസർട്ടിഫിക്കറ്റുകളും പത്ര വാർത്തകളും 13 കോടിയിലേറെ വരുന്ന പൊലീസ് റെക്കോർഡുകളും പരിശോധിച്ചാണ് വീടുകളുടെ ഡേറ്റ തയാറാക്കിയത്. സ്വാഭാവിക മരണം, കൊലപാതകം, അസ്വാഭാവികമായ സംഭവങ്ങൾ, ദുർമന്ത്രവാദം, തീപിടിത്തം, അജ്ഞാതമായ പരീക്ഷണങ്ങൾ ഇങ്ങനെ സകലകാര്യങ്ങളും നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചാണ് റിപ്പോർട്ട് നൽകുക. ഒപ്പം ആ വീട്ടിൽ താമസിച്ചിരുന്ന പ്രധാന വ്യക്തികളുടെ വിവരങ്ങളും. സംഗതി സൗജന്യമൊന്നുമല്ല–ഒരു വീടിനെപ്പറ്റി അന്വേഷിക്കാൻ 11.99 ഡോളറാണ് ചാർജ്. 10 വീടുകളെപ്പറ്റി ഒരുമിച്ചാണെങ്കിൽ 54.99 ഡോളറും. എന്തായാലും പ്രേതംകയറിയ വീടുകളെപ്പറ്റി സിനിമകളും വാർത്തകളുമിങ്ങനെ ചറപറ ഇറങ്ങിക്കൊണ്ടേയിരിക്കുന്നതിനിടെ ഡൈഡ് ഇൻ ഹൗസുകാർക്കിപ്പോൾ തിരക്കോടു തിരക്കാണ്