പൊടി പിടിച്ച കാറുകളിലെ കിടിലന്‍ വരക്കാരൻ

പൊടിപിടിച്ച കാറിൽ സ്കോട്ട് വെയ്ഡിന്റെ കലാവിരുത്

റോഡരികിൽ നാളുകളായി നിർത്തിയിട്ടിരിക്കുന്ന പല കാറുകളും വാനുകളുമൊക്കെ പലരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. പലതും പൊടി പിടിച്ച് പക്ഷികളൊക്കെ കാഷ്ഠിച്ച് ‘സ്റ്റൈലൻ’ ഡിസൈനുകളുമൊക്കെയായിട്ടായിരിക്കും കിടപ്പുണ്ടാവുക. പൊടിപിടിച്ച കാറുകളുടെ ചില്ലുകളിൽ ഓരോന്ന് എഴുതിയിടുന്നതും പലർക്കും ഹരമാണ്. അത്തരമൊരു ഹരം കാരണം ലോകപ്രശസ്തനായി മാറിയ ഒരാളുണ്ട്. അമേരിക്കയിലെ ടെക്സസുകാരനായ സ്കോട്ട് വെയ്ഡ്. പൊടിപിടിച്ചു കിടക്കുന്ന വാഹനങ്ങളുടെ ചില്ലുകളിൽ പലതരം ചിത്രങ്ങൾ വരച്ച് ഒടുവിൽ ഒരുഗ്രൻ പേരും സ്കോട്ട് സ്വന്തമാക്കി–ദ് ഡാവിഞ്ചി ഓഫ് ഡസ്റ്റ്. അതായത് പൊടിപ്പടംവരയിലെ രാജാവ്.

സ്കോട്ട് വെയ്ഡ് തന്റെ കലാസൃഷ്ടിയ്ക്കൊപ്പം

ഡേർട്ടി കാർ ആർടിസ്റ്റ് എന്നാണ് സ്കോട്ട് സ്വയം വിശേഷിപ്പിക്കുന്നതു തന്നെ. ഡാവിഞ്ചിയുടെ മൊണാലിസ ഉൾപ്പെടെ ഇത്തരത്തിൽ പൊടിപിടിച്ച വാഹനങ്ങളിൽ സ്കോട്ട് വരച്ചിട്ടുണ്ട്. മാത്രവുമല്ല കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കൗതുകക്കൂട്ടിലാക്കുന്ന പലതരം ചിത്രങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. കാർടൂണിസ്റ്റിന്റെ മകനായി ജനിച്ച സ്കോട്ട് ചെറുപ്പം തൊട്ടേ ചിത്രരചന തുടങ്ങിയിരുന്നു. പക്ഷേ പെയിന്റോ പെൻസിലോ ഒന്നും വേണ്ട, പൊടിപിടിച്ച ജനാലയിലായിരുന്നു ആദ്യത്തെ വര. അതിനു സഹായിച്ചതാകട്ടെ വീടിനടുത്തെ നീളൻ റോഡും. പൊടിനിറഞ്ഞ ആ റോഡിലൂടെ ആരെങ്കിലും വെറുതെയൊന്ന് ഓടിയാൽ മതി പൊടി പാറി പരിസരത്തെ വീടുകളുടെ ജനാലച്ചില്ലുകളെല്ലാം വൃത്തികേടാകും.

പിന്നീട് മുതിർന്നപ്പോഴാണ് റോഡിലെ പൊടിപിടിച്ചുകിടക്കുന്ന വാഹനങ്ങളിലേക്ക് സ്കോട്ടിന്റെ ശ്രദ്ധ തിരിഞ്ഞത്. അങ്ങനെ ആദ്യം വിരലു കൊണ്ടും പിന്നെ ലോലിപോപ്പിന്റെ കുഴലു കൊണ്ടും അതുകഴിഞ്ഞ് ചിത്രരചനയ്ക്കുപയോഗിക്കുന്ന തരം ബ്രഷു കൊണ്ടുമെല്ലാമായി ഡേർട്ടി കാർ ആർട്ടിൽ തന്റേതായ ശൈലി തന്നെ കൊണ്ടു വന്നു സ്കോട്ട്. ഒറിജിനലായി പൊടി പിടിച്ചു കിടക്കുന്നവ മാത്രമല്ല ചില വാഹനങ്ങളുടെ ചില്ലുകളിൽ എണ്ണയുപയോഗിച്ച് പൊടി തേച്ചുപിടിപ്പിച്ചും സ്കോട്ടിന്റെ വരയുണ്ട്. അതുപക്ഷേ ചില പരിപാടികളിലും പ്രദർശനങ്ങളിലുമൊക്കെ പങ്കെടുക്കാൻ പോകുമ്പോൾ മാത്രമാണ്. അദ്ദേഹത്തിന് കൂടുതലിഷ്ടം റോഡരികിലെ പൊടിപിടിച്ചു കിടക്കുന്ന ‘ഒറിജിനൽ’ കാൻവാസുകൾ തന്നെ.

ഗ്രാഫിക് ഡിസൈനിങ്ങാണ് സ്കോട്ടിന്റെ യഥാർഥ ജോലി. പക്ഷേ വർഷങ്ങളായി തന്റെ ഡേർട്ടി കാർ ആർട്ടുമായി ലോകം മുഴുവൻ കറങ്ങുകയാണ് കക്ഷി. ആ വിഭാഗത്തിൽ ലോകത്തിലെ ഒന്നാംനിരക്കാരനുമാണ് അദ്ദേഹം. പല കമ്പനികളും തങ്ങളുടെ ഉൽപന്നങ്ങളുടെ പ്രചാരണത്തിനു വേണ്ടിയും ഇദ്ദേഹത്തിന്റെ ഡേർടി കാർ ആർട് നടത്താറുണ്ട്. അതിന്റെ വിഡിയോകളും യൂട്യൂബിൽ ഹിറ്റാണ്. തന്റെ പടംവരക്കാഴ്ചകളുമായി www.dirtycarart.com എന്ന വെബ്സൈറ്റും ഒരുക്കിയിട്ടുണ്ട് സ്കോട്ട്.