സഹോദരനെ ചുമലിലേറ്റി ഇവൾ നടന്നത് 8കിലോമീറ്റർ!

സാധാരണ പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയായി വാർത്തകളിൽ നിറയുകയാണ് ജാർഖണ്ഡ് സ്വദേശിയായ മാലതി ടുഡു എന്ന പതിനൊന്നുവയസുകാരി. സാഹചര്യങ്ങളില്‍ നിന്നും വീണ്ട‌െടുത്ത അസാമാന്യ ധൈര്യമാണ് അവളെ മറ്റുള്ളവരിൽ നിന്നു വേർതിരിച്ചു നിർത്തുന്നത്. അസുഖം ബാധിച്ച സഹോദരനെ എട്ടുകിലോമീറ്ററോളം ചുമലിലേറ്റി നടന്ന് ആശുപത്രിയിലെത്തിച്ചിരിക്കുകയാണ് ഈ ആദിവാസി പെൺകുട്ടി. കടുത്ത പനി ബാധിച്ച സഹോദരനു തെല്ലും നടക്കാൻ കഴിയുമായിരുന്നില്ല, അടുത്തുള്ള ആശുപത്രികളിൽ കാണിച്ചെങ്കിലും അവിടെയൊന്നും വേണ്ട ചികിത്സ ലഭിച്ചില്ല. അങ്ങനെയാണ് സഹോദരനെ എട്ടുകിലോമീറ്റർ ദൂരം ചുമലിലേറ്റി അവൾ ആശുപത്രിയിലെത്തിച്ചത്.

കണ്ടുനിന്നവർ അത്ഭുതത്തോടെ നോക്കുകയായിരുന്നു മാലതിയുടെ ഉത്തരവാദിത്ത ബോധവും പരിചരണവുമെല്ലാം. ഇവനെ എന്തിനാണ് ഇങ്ങനെ എടുത്തനടക്കുന്നതെന്നു ആളുകൾ ചോദിച്ചപ്പോഴാണ് തന്റെ സഹോദരനാണെന്നും അവന് അസഹസീനയമായ വേദനയുള്ളതുകൊണ്ട് എടുക്കുകയാണെന്നും മാലതി പറഞ്ഞത്. മാതാപിതാക്കളില്ലാത്ത ഇരുവരെയും നോക്കുന്നത് പ്രായമായ മുത്തശ്ശിയാണ്.

ആരോഗ്യമേഖലയുടെ കാര്യത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാണ് ജാർഖണ്ഡ്. ഗതാഗതം, വിദ്യാഭ്യാസം എന്നീ മേഖലകളിലും വളരെ പിന്നോക്കമാണ് മാവോയിസ്റ്റ് സ്വാധീനം ഏറെയുള്ള ജാർഖണ്ഡ് .