ഫാഷൻ ലോകത്തെ ടൂണൂസ് മാജിക്!

ടൂണൂ സണ്ണി

ഫാഷൻ ലോകത്ത് വെട്ടിത്തിളങ്ങാൻ ഒരു മോഡൽ ആകണം, അല്ലെങ്കിൽ ഒരു ഫാഷൻ ഡിസൈനർ ആകണം... ഇമ്മാതിരി ചിന്തകളുമായി ടൂണൂ സണ്ണി എന്ന കക്ഷിയുടെ അടുത്ത് ചെന്നാൽ ഉറപ്പാണ് നിങ്ങൾ ചീത്ത കേൾക്കും. കാരണം, ഫാഷൻ ലോകത്ത് ഇന്ന് ഏറെ കേട്ട് കൊണ്ടിരിക്കുന്ന പേരാണ് ഈ കൊച്ചിക്കാരൻറെത്. എങ്ങനെ എന്നല്ലേ? ആൾ ഒരു മോഡലോ ഫാഷൻ ഡിസൈനറോ ഒന്നുമല്ല. പിന്നെ, ആരാണ് ടൂണൂ സണ്ണി?? കക്ഷി ഒരു ഫോട്ടോഗ്രാഫർ ആണ്. ഫാഷൻ ലോകത്തെ ഓരോ ചലനങ്ങളും തന്റെ കാമറയുടെ ലെൻസിൽ കുടുക്കിയിടുന്ന ഫാഷൻ ഫൊട്ടോഗ്രാഫർ.

ഫാഷൻ ഫൊട്ടോഗ്രഫി എന്നാ വിഭാഗം കേരളത്തിൽ അത്രകണ്ട് ക്ലച്ച് പിടിക്കാത്ത സമയത്താണ് കാമറയുമായി ഫാഷൻ റാമ്പിലേക്ക് ടൂണൂവിന്റെ വരവ്. എന്തുകൊണ്ടാണ് ഫാഷൻ ഫൊട്ടോഗ്രഫി തെരഞ്ഞെടുത്തത് എന്ന് ചോദിച്ചാൽ, ഇഷ്ടം കൊണ്ടെന്നു ഉത്തരം. ഇഷ്ടം മാത്രമല്ല, അതിനു പിന്നിൽ ടൂണൂവിന്റെ കഴിവും സംഗമിച്ചിട്ടുണ്ട് എന്നത് അദ്ദേഹമെടുത്ത ഫോട്ടോകൾ കണ്ടാൽ നമുക്ക് മനസ്സിലാകും.

ടൂണൂ സണ്ണി

ഒരു വിനോദം എന്ന പോലെ, ഫൊട്ടോഗ്രഫി കൊണ്ട് നടക്കുന്ന ഡിഗ്രി കാലഘട്ടം, ആ സമയത്താണ് ജോർജ് തോമസ്‌ എന്ന കോമേഷ്യൽ ഫൊട്ടോഗ്രാഫറെ അസ്സിസ്റ്റ്‌ ചെയ്യാൻ ടൂണൂവിനു അവസരം ലഭിക്കുന്നത്. ലഭിച്ച അവസരം കക്ഷി ശരിക്കും വിനിയോഗിച്ചു. കാമറയുടെയും ഫൊട്ടോഗ്രഫിയുടെയും അവശേഷിക്കുന്ന പാഠങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിച്ചെടുത്തു. ടൂണൂ എടുത്ത ചിത്രങ്ങൾക്ക് നല്ല അഭിപ്രായങ്ങൾ കൂടി ലഭിക്കാൻ തുടങ്ങിയതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. 

എങ്കിൽ പിന്നെ, ഒറ്റക്ക് ഫൊട്ടോഗ്രഫി അങ്ങ് മുന്നോട്ടു കൊണ്ട് പോയാലോ എന്നായി ചിന്ത. ആത്മവിശ്വാസം ആവശ്യത്തിൽ കൂടുതൽ ഉള്ളതിനാൽ രണ്ടാമത് ഒന്ന് ആലോചിക്കാൻ കക്ഷി മെനക്കെട്ടില്ല എന്ന് പറയുന്നതാണ് ശരി. സ്വന്തം രീതിയിൽ കോമേഷ്യൽ ഫൊട്ടോഗ്രാഫി ആരംഭിച്ചു. അപ്പോഴാണ്‌ ഏതെങ്കിലും ഒരു മേഖലയിൽ പ്രത്യേകമായി ശ്രദ്ധ പതിപ്പിച്ചാൽ വിജയിക്കും എന്ന് ടൂണൂവിനു തോന്നിയത്. അൽപ-സ്വല്പം ഫാഷൻ ഭ്രമം ഒക്കെ ഉള്ള ആൾ ആയതിനാൽ, ഫാഷൻ ലോകത്ത് തന്നെ ശ്രദ്ധിച്ചാൽ എന്താണ് എന്നായി ചിന്ത . ആ ചിന്തയിൽ തൂങ്ങി അധികം തല പുകയ്ക്കാതെ കക്ഷി അത് തന്റെ പ്രൊഫഷൻ  ആയി സ്വീകരിക്കുകയും ചെയ്തു. 

ടൂണൂ സണ്ണി

ലെൻസിലൂടെ കാണുന്ന ഫാഷൻ ലോകം കൃത്യമായി പറഞ്ഞാൽ 12 വർഷങ്ങൾക്ക് മുൻപാണ് ടൂണൂ സണ്ണി ഒരു ഫാഷൻ ഫൊട്ടോഗ്രഫെർ ആകുന്നത്. കഴിവുള്ള വ്യക്തിയാണ് താൻ എന്ന് താമസംവിന തെളിയിച്ചെടുക്കാൻ ടൂണൂവിനു കഴിഞ്ഞതിനാൽ, ഈ ഫീൽഡിൽ കക്ഷി ശരിക്കും തിളങ്ങി. ഇതിനിടയിൽ സ്വിറ്റ്സർലാൻഡിൽ നിന്നും ചില അവസരങ്ങളും ടൂനൂവിനെ തേടിയെത്തി. 

'' ഫാഷൻ ഫൊട്ടോഗ്രഫി വളരെ മികച്ചൊരു ഫീൽഡ് ആണ്. ഞാൻ അതെന്റെ ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ്. ക്രിയാത്മകത, ട്രെൻഡ്, അല്പം ഫാഷൻ സെൻസ് എന്നിവയുണ്ടെങ്കിൽ ഫൊട്ടോഗ്രാഫിയിൽ താല്പര്യമുള്ള ഒരു വ്യക്തിക്ക് ഈ ജോലിയിൽ കേമനാകാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.'' ടൂണൂ പറയുന്നു. 

ഇന്ന് നൈല ഉഷയും പ്രിയാമണിയും ഉൾപ്പെടെ  ഇന്ത്യൻ- വിദേശ മോഡലുകൾ ടൂണൂവിന്റെ കാമറയ്ക്ക് മുന്നിൽ കൂടുതൽ സുന്ദരികളും സുന്ദരന്മാരുമാകുന്നു. അവരെ അങ്ങനെ ചിത്രീകരിക്കുന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ വിജയവും .

ഫാഷൻ ഫൊട്ടോഗ്രാഫിയുടെ തന്നെ ഭാഗമായി പരസ്യരംഗത്തെക്ക് മാറിയ ടൂണൂ , കഴിഞ്ഞ 12 വർഷം കൊണ്ട് വളരെ വലിയൊരു ക്ലൈന്റ് ലിസ്റ്റ് ആണ് ടൂണൂ ഉണ്ടാക്കിയെടുത്തത്. കല്യാൺ,  എൽ ജി, ആലുക്കാസ് ,  മലബാർ, ഈസ്റ്റെൺ തുടങ്ങിയ ബ്രാൻഡുകൾ ടൂനുവിന്റെ ക്രിയാത്മകതയിൽ ശ്രദ്ധേയമായവയാണ്.