ഫയർബ്രാൻഡ്, ലോകകപ്പ് വേദികളിലെ 7 മിന്നൽ പ്രകടങ്ങൾ!

മുഹമ്മദ് ആമിർ, ക്രിസ് ഗെയ്‍ൽ, യുവരാജ് സിങ്

യുവരാജ് സിങ്-2007

യുവരാജ് സിങ്

സ്റ്റ്യുവർട്ട് ബ്രോഡ് എന്ന ഇംഗ്ലിഷ് പയ്യൻ ചോരവാർന്ന മുഖവുമായി നിൽക്കുന്ന ദൃശ്യം ഇപ്പോഴുമുണ്ട് ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിൽ. എങ്ങനെ പന്തെറിഞ്ഞാലും വേലിക്കെട്ടിനു പുറത്തേക്ക്... ആറു പന്ത് തീർന്നുകിട്ടാൻ ആറു യുഗങ്ങളുടെ പരവേശം അനുഭവിച്ചിരിക്കണം അയാൾ. കാരണം മറുവശത്ത് യുവ്‌രാജ് സിങ് ആയിരുന്നു. പന്തിനെ എന്നും ഏറ്റവും മാരകമായി പ്രഹരിക്കുന്ന ബാറ്റ്‌സ്മാൻമാരിൽ ഒരാൾ... അന്നാണെങ്കിൽ ബാധകേറിയതുപോലെയുള്ള മട്ടും ഭാവവും. ഓവറിലെ ആറു പന്തും സിക്‌സ്... അതുൾപ്പെടെ അൻപതിലെത്താൻ വേണ്ടിവന്നതു വെറും 12 പന്ത്. വാസ്തവത്തിൽ ആ ഒരു ഓവറിൽത്തന്നെ ഇന്ത്യ മാനസികമായി ലോകകപ്പ് ജയിച്ചുകഴിഞ്ഞിരുന്നു.

ക്രിസ് ഗെയിൽ-2007

ക്രിസ് ഗെയിൽ

ഗെയിലാട്ടത്തിന്റെ പൊള്ളുന്ന വെയിലേറ്റ് ഷോൺ പോള്ളോക്കും മഖായ എൻടിനിയുമൊക്കെ കരിഞ്ഞുവീഴുന്ന കാഴ്ച ആദ്യ ട്വന്റി20 ലോകകപ്പ് കാട്ടിത്തന്നു. വന്യമായ നൃത്തച്ചുവടുകളോടെ 57 പന്തിൽ 117 റൺസ്. അതിനിടെ പത്തുതവണ ദക്ഷിണാഫ്രിക്കൻ ബൗളിങ് നിര വേലിക്കു മുകളിലൂടെ പറന്നു. ലോകത്തിലെ ഏറ്റവും മികച്ച പേസ് നിരയുമായി എത്തിയ ഒരു ടീമിനായിരുന്നു ഈ ദുർവിധി. മദംപൊട്ടി നിൽക്കുന്ന ഒറ്റയാന്റെ ഭാവചലനങ്ങൾ ക്രിസ് ഗെയിൽ ക്രീസിൽ നിൽക്കുന്നിടത്തോളം കാണികൾ കണ്ടു. മദപ്പാട് വിജയത്തിനുശേഷം മുഖം നിറഞ്ഞ ചിരിയിലേക്കും കരീബിയൻ നൃത്തച്ചുവടുകളിലേക്കും മാറുന്നതു കണ്ട് ആസ്വദിക്കുകയും ചെയ്തു.

മൈക്ക് ഹസി-2010

മൈക്ക് ഹസി

അഞ്ചു പന്തിന്റെ ഇടവേളയിൽ 26 റൺസ്. ആകെ 24 പന്തിൽ 60... മൈക്ക് ഹസിയുടെ മാസ്മരിക ഇന്നിങ്‌സാണ് 2010ൽ തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ പാക്കിസ്ഥാനെ സെമിയിൽ മുട്ടുകുത്തിക്കാൻ ഓസ്‌ട്രേലിയയ്ക്കു തുണയായത്. ഒരു പന്ത് ബാക്കിനിൽക്കേ കംഗാരുക്കൾ ഫൈനലിലേക്കു ചാടിക്കടന്നു. ഫൈനലിൽ ആദ്യമായൊരു ലോകകിരീടം സ്വന്തമാക്കാൻ കൊതിച്ചെത്തിയ ഇംഗ്ലണ്ടിനു മുന്നിൽ തലകുനിച്ചെങ്കിലും ഹസിയുടെ സെമി പ്രകടനം ഓസ്‌ട്രേലിയയ്ക്ക് ഓർമയിൽ സൂക്ഷിക്കാനുള്ളതായി.

മുഹമ്മദ് ആമിർ -2010

മുഹമ്മദ് ആമിർ

ട്വന്റി20യിലെ അത്യപൂർവ ചരിത്രം കുറിക്കാൻ പാക്കിസ്ഥാന്റെ മുഹമ്മദ് ആമിറിനു വേണ്ടി വന്നത് വെറും ആറുപന്തുകൾ! ഓസ്ട്രേലിയയ്ക്കെതിരെ സെന്റ് ലൂസിയയിൽ 19–ാം ഓവർ എറിയാനെത്തിയതായിരുന്നു ആമിർ. അപ്പോഴത്തെ ഓസ്ട്രേലിയൻ സ്കോർബോർഡ് 191ന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ. ആമിന്റിന്റെ തീതുപ്പുന്ന ആറു പന്തുകൾക്കിടയിൽ ബാക്കിയുള്ള അഞ്ച് ഓസ്ട്രേലിയൻ താരങ്ങളും കൂടാരം കയറി. മൂന്നുപേരെ ആമിർ നേരിട്ടു പുറത്താക്കിയപ്പോൾ മറ്റു രണ്ടുപേർ റണ്ണൗട്ടായി.

മർലോൺ സാമുവൽസ്-2012

മർലോൺ സാമുവൽസ്

സിംഹങ്ങളെ കൂട്ടിൽവന്ന് നേരിട്ട് കപ്പുമായി മടങ്ങിയ കരീബിയൻ ടീമിൽ മെർലോൺ സാമുവൽസിന് ഇത്തരി കൂടുതൽ തലപ്പൊക്കമുണ്ടായിരുന്നു. ഫൈനലിൽ ലങ്കയെ തകർത്ത ആ ഓൾറൗണ്ട് പ്രകടനംതന്നെ കാരണം. 56 പന്തിൽ 78 റൺസ്.. പിന്നെ ബൗളിങ്ങിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും. ട്വന്റി20യിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി അത്.

അജാന്ത മെൻഡിസ്- 2012

അജാന്ത മെൻഡിസ്

കാരംബോളുകളിൽ ഡൈനമിറ്റിന്റെ അപകടം നിറച്ചെത്തിയ സൈലന്റ് കില്ലർ അജന്ത മെൻഡിസ് ടൂർണമെന്റിൽ ആകെനേടിയതു 15 വിക്കറ്റ്. അതിൽ സിംബാവ്‌വേക്കെതിരെ ആറു വിക്കറ്റെടുക്കാൻ വഴങ്ങിയത് വെറും എട്ടു റൺസ്. ട്വന്റി20 ബൗളിങ് കണക്കുകളിൽ മികച്ച പ്രകടനങ്ങളിലൊന്നായി ഇത് ഇപ്പോഴും നിലനിൽക്കുന്നു.

രങ്കണ ഹെറാത്ത്-2014

രങ്കണ ഹെറാത്ത്

3.3 ഓവറിൽ മൂന്നുറൺസ് വഴങ്ങി അഞ്ചു വിക്കറ്റ്... അരങ്ങേറ്റത്തിനിറങ്ങുന്ന ഏതു ബോളറും സ്വപ്നംമാത്രം കണ്ടിരിക്കാവുന്ന ഈ ഫിഗർ രങ്കണ ഹെറാത്ത് ന്യൂസീലൻഡിനെതിരെ നേടിയതാണ്. അതും സെമി ടിക്കറ്റ് ഉറപ്പാക്കാൻ വിജയം അനിവാര്യമായിരിക്കെ വെറും 119 റൺസ് പ്രതിരോധിക്കേണ്ട അവസ്ഥയിൽ. ഹെറാത്തിന്റെ ചിറകിലേറി ലങ്ക കിവികളെ അരിഞ്ഞുതള്ളി.