അഞ്ചുവയസുകാരൻ പൊലീസ് ഓഫീസർ

ചിത്രത്തിനു കടപ്പാട്: പിടിഎെ

വളർന്നു വലുതായാൽ പൊലീസ് ഓഫീസർ ആകുവാനാണ് കുൻവർ സിംഗ് എന്ന അഞ്ചുവയസുകാരന് ആഗ്രഹം. പക്ഷേ രക്താർബുദം ബാധിച്ച തന്റെ ജീവിതത്തിന്റെ ഇൗട് ഇനി എത്രനാളത്തേക്കാണെന്നു പറയാനാവില്ല. ചികിത്സയിൽ കഴിയുന്ന കുൻവർ സിംഗ് എന്ന കുരുന്നിനു വേണ്ടി അഭിനന്ദനാർഹമായ നിലപാടാണ് മുംബൈ പൊലീസ് സ്വീകരിച്ചത്. പൊലീസ് ഓഫീസർ ആവുക എന്ന അവന്റെ ആഗ്രഹത്തെയാണ് മുംബൈയിലെ ഭൊയ്വാഡ പൊലീസ് സഫലീകരിച്ചത്.

മുംബൈയിലെ പൊലീസ് സ്റ്റേഷൻ ഒരുമണിക്കൂർ നേരത്തേക്ക് കുൻവറിന്റെ അധികാരപരിധിയിലേക്ക് മാറുകയായിരുന്നു. പാന്റ്സും ഷർട്ടും തൊപ്പിയുമണിഞ്ഞ നല്ല അസൽ പോലീസ് വേഷത്തിൽ കുൻവർ, ഇൻസ്പെക്ടർ കസേരയിൽത്തന്നെ ഇരുന്നാണ് തന്റെ ആഗ്രഹം സഫലീകരിച്ചത്. ഒടുവിൽ പോകാൻ നേരം ഒരു കളിത്തോക്കും പോലീസ് ഓഫീസർമാർ അവനു സമ്മാനിച്ചു. ഇൻസ്പെക്ടർ കസേരയിലിരിക്കുന്ന കുൻവറിന്റെ ചിത്രം ഇതിനകം വൈറലായിട്ടുണ്ട്.

കാൻസർ ബാധിച്ച കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയാണ് മുംബൈ ഭൊയ് വാഡ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നത്. കുൻവറിന്റെ ആഗ്രഹം അറിഞ്ഞയുടൻ ഇൻസ്പെക്ടറുൾപ്പെടെ എല്ലാവരും പൂർണ്ണസമ്മതം പ്രകടിപ്പിക്കുകയായിരുന്നു.