വെള്ളവസ്ത്രമണിഞ്ഞ് കുട്ടികൾക്കു മുന്നിൽ പ്രേതം; കശ്മീരിൽ സ്കൂൾ അടച്ചു

Representative Image

ബോംബ് ഭീഷണി പോലുള്ള അവസരങ്ങളിൽ സ്കൂളുകളിൽ നിന്ന് കുട്ടികളെ കൂട്ടത്തോടെ ഒഴിപ്പിക്കാറുണ്ട്. കശ്മീരിൽ അത് പലപ്പോഴും സംഭവിച്ചിട്ടുമുണ്ട്. എന്നാൽ കശ്മീർ തലസ്ഥാനമായ ശ്രീനഗറിൽ നിന്നുള്ള പുതിയ വാർത്ത പ്രകാരം ഒരു സ്കൂളിൽ നിന്ന് വിദ്യാർഥികളെ കൂട്ടമായി ഒഴിപ്പിച്ചത് പ്രേതഭീഷണി കാരണമാണ്. ഒഴിപ്പിക്കുക മാത്രമല്ല പ്രേതപ്പേടി കാരണം സ്കൂളിന് ഒരു ദിവസത്തെ അവധിയും നൽകി. ശ്രീനഗർ ബ്രിട്ടിഷ് സ്കൂളിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. സ്കൂളിലെ ഇടനാഴികളിലൊന്നിലൂടെ നടക്കുകയായിരുന്ന അധ്യാപികയുടെ മുന്നിലാണ് വെള്ളവസ്ത്രം ധരിച്ച പ്രേതം പ്രത്യക്ഷപ്പെട്ടത്. പേടിച്ചരണ്ട ടീച്ചറാകട്ടെ എല്ലാ ക്ലാസ് മുറികളിലും കയറിയിറങ്ങി കാര്യം പറഞ്ഞു. അതോടെ കുട്ടികളും അധ്യാപകരുമെല്ലാം പുറത്തേക്കോടി. അന്നേരം കുട്ടികളും കണ്ടത്രേ പ്രേതത്തെ. അതോടെ കുട്ടികളും അധ്യാപകരുമുൾപ്പെടെ ബോധം കെട്ടു വീണെന്നും കശ്മീരിലെ കറന്റ് ന്യൂസ് സർവീസ് റിപ്പോർട്ട് ചെയ്തു.

പ്രേതത്തെ കണ്ട് ഭയന്നോടിയ ഒട്ടേറെ കുട്ടികൾക്കു പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അഞ്ച് അധ്യാപികമാർക്ക് ബോധക്ഷയമുണ്ടായതായും പറയുന്നു. കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടനിലവിളി കേട്ട് പരിസരത്തുള്ളവരെല്ലാം സ്കൂളിലേക്ക് ഓടിയെത്തുകയായിരുന്നു. ‘തങ്ങൾക്കു പിന്നാലെ എന്തോ പാഞ്ഞു വരുന്നുണ്ടെന്നാണ് പ്രേതത്തേ കണ്ട് പുറത്തേക്കോടുമ്പോൾ തോന്നിയത്’ എന്നാണ് ഒരു അധ്യാപിക പറഞ്ഞത്. സ്കൂൾ പരിസരത്തുള്ളവർ കൂടി എത്തിയതിനു ശേഷമാണ് ഓരോരുത്തരെയായി പുറത്തെത്തിച്ചത്. എന്നാൽ വന്നവർക്കാകട്ടെ പ്രേതത്തെ കണ്ടെത്താനുമായില്ല. സംഭവത്തെത്തുടർന്ന് സ്കൂളിന് ആ ദിവസം അവധിയും പ്രഖ്യാപിച്ചു. കുട്ടികളെയെല്ലാം വീട്ടിലേക്കയച്ച് സ്കൂളിനകത്ത് എത്ര അന്വേഷിച്ചിട്ടും വെള്ളവസ്ത്രമണിഞ്ഞെത്തിയ പ്രേതത്തിന്റെ പൊടി പോലും ഇതുവരെ കിട്ടിയതുമില്ല.

എന്നാൽ സംഭവം വാർത്തയായതിനെത്തുടർന്ന് സ്കൂൾ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്– സ്കൂളിൽ പ്രേതമെന്നു പറയുന്നത് വെറുതെയാണ്. കുട്ടികളും അധ്യാപകരും രാവിലെ ഭക്ഷണമൊന്നും കഴിക്കാതിരുന്നതു കൊണ്ടാണ് ബോധക്ഷയമുണ്ടായതെന്നും അധികൃതർ കറന്റ് ന്യൂസ് സർവീസിനോട് വിശദീകരിച്ചു. 20 വർഷം മുൻപ് നിർമിച്ച ബ്രിട്ടിഷ് സ്കൂൾ ശ്രീനഗറിലെ പേരുകേട്ട വിദ്യാലയങ്ങളിലൊന്നാണ്. ആരെങ്കിലും കുട്ടികളെ പേടിപ്പിക്കാനായി ചെയ്ത തമാശയായിരിക്കും ആ വെള്ളവസ്ത്രം ധരിച്ച പ്രേതമെന്നാണ് ഇപ്പോൾ എല്ലാവരും ആശ്വസിക്കുന്നത്.