ഇനി ആർക്കും എവിടെയും പാടാം, ഹാപ്പി ബർത് ഡേ ടു യു...

ഹാപ്പി ബർത്ഡേ ടു യൂ..... പിറന്നാൾ മധുരത്തിനൊപ്പം ഹാപ്പി ബർത്ഡേ ഗാനം പാടിയാലേ ഒരു തൃപ്തി വരൂ... മലയാളിയെന്നൊ തമിഴനെന്നോ ബംഗാളിയെന്നോ യാതൊരു വേർതിരിവുകളുമില്ലാതെ ലോകമെമ്പാടുമുള്ള പിറന്നാൾ സ്നേഹികൾ പാടുന്ന ഗാനം അങ്ങനെ ഒരു കൂട്ടർ മാത്രം കുത്തകയാക്കിയാലോ? കാര്യം മനസിലായില്ലേ? ഹാപ്പി ബർത്ഡേഗാനത്തെ ചൊല്ലിയുള്ള നിയമത്തർക്കങ്ങളെക്കുറിച്ചാണു പറഞ്ഞുവരുന്നത്. ഗാനം സിനിമയിലും മറ്റും ഉപയോഗിക്കുമ്പോൾ ആർക്കും റോയൽറ്റി നൽകേണ്ട കാര്യമില്ലെന്ന് ഇന്നലെ ലോസാഞ്ചൽസ് കോടതി ഉത്തരവിട്ടു. ഹാപ്പി ബർത് ഡേ ഗാനത്തിന്റെ കോപ്പി റൈറ്റ് അവകാശം വാർണർ ചാപ്പൽ മ്യൂസിക്കിന് ഇനിമുതൽ ഉണ്ടായിരിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഗാനത്തെക്കുറിച്ച് സിനിമ നിര്‍മ്മിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഒരു സംവിധായകൻ വാർണർ ഗ്രൂപ്പിനെതിരെ കഴിഞ്ഞ രണ്ടു വർഷമായി നടത്തുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ അനുകൂല നടപടി കൈവന്നിരിക്കുന്നത്.

ചിത്രങ്ങളിൽ ഹാപ്പി ബർത്ഡേ ഗാനം അവതരിപ്പിക്കുന്നതിനായി 1,500 ഡോളറാണ് വാർണർ നേരത്തെ പകർപ്പാവകാശ തുകയായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 19ാം നൂറ്റാണ്ടിൽ രൂപീകരിച്ച ഗാനം പൊതുസമൂഹത്തിന്റെ മുഴുവൻ സ്വത്താണെന്നും ആർക്കും പ്രത്യേകം റോയൽറ്റി നൽകേണ്ടതില്ലെന്നുമുള്ള എതിർഭാഗത്തിന്റെ വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു. മിൽഡ്രഡ്, പാറ്റി ഹിൽ സഹോദരിമാരാണ് ഹാപ്പി ബർത്ഡേഗാനം ചിട്ടപ്പെടുത്തിയത്. പിന്നീട് ക്രമേണ ഗാനത്തിന്റെ പകർപ്പാവകാശം കൈമാറി 1998ൽ അത് വാർണർ ഗ്രൂപ്പിലേക്കെത്തുകയായിരുന്നു. ഗിന്നസ് ബുക്കിലിടം നേടിയ ഹാപ്പി ബര്‍ത്ഡേ ഗാനം കിന്റർഗാർട്ടനിലെ കുട്ടികൾക്കായി
തയ്യാറാക്കിയ ഗുഡ്മോണിങ് ടു ആൾ എന്ന ഗാനത്തിൽ നിന്നാണ് പിറന്നത്. ഗുഡ് മോണിങ് ടു ആളിലെ വരികൾക്കു മാറ്റം നൽകി അതേ ഈണത്തിൽ ബർത്ഡേ ഗാനമായി പാടുകയായിരുന്നു.