മരണത്തിനുവേണ്ടി ഗവേഷണം നടത്തിയത് 48 മണിക്കൂർ!

ഇഷാ ഹാൻഡ

ആത്മഹത്യ ചെയ്യാനുള്ള വഴികൾക്കായി എൺപതോളം സൈറ്റുകളിൽ നിരന്തരം സന്ദർശനം, നാൽപ്പത്തിയെട്ടു മണിക്കൂർ ഗവേഷണം, ഒടുവില്‍ പതിമ്മൂന്നുനില കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരണം. എന്തിനായിരുന്നു ആ ഇരുപത്തിയാറുകാരി ഇത്തരത്തിലൊരു മരണം വരിച്ചത്. കാരണം ഇപ്പോഴും നിഗൂഢം!

ബംഗളൂരുവിലെ അറിയപ്പെടുന്ന മോഡലും വെൽനസ് കൺസൽട്ടന്റുമായിരുന്നു ഇഷാ ഹാൻഡ. കഴിഞ്ഞ ഞായറാഴ്ച്ച വ്യക്തിപരമായ ചില കാര്യങ്ങൾക്കു വേണ്ടി പുറത്തു പോകുന്നുവെന്ന് മുറിയിലുള്ളവരോടു പറഞ്ഞ് അപാർട്മെന്റിൻ നിന്നും ഇഷ പുറത്തിറങ്ങി. ആത്മഹത്യ ചെയ്യാനായി നഗരത്തിലെ നിരവധി കെട്ടിടങ്ങൾ ചുറ്റിനടന്നു കണ്ടു. ഒടുവിൽ പതിമൂന്നു നിലയുള്ള ശോഭാ ക്ലാസിക് ബിൽഡിങിനു മുകളിൽ നിന്നു ചാടാൻ തീരുമാനിക്കുകയായിരുന്നു. എട്ടരയോടെ കെട്ടിടത്തിനു മുകളിൽ നിന്നു ചാടിയ ഇഷ തൽസമയം തന്നെ മരിച്ചു.

ഇഷാ ഹാൻഡ

കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയുള്ള മരണം മതിയെന്ന് സ്വീകരിച്ചതും ഏറെ ഗവേഷണം നടത്തിയാണത്രേ! ചാടുന്നയുടൻ മരിക്കാൻ എങ്ങനെ ചാടണമെന്നു പോലും ഇഷ ഇന്റർനെറ്റിൽ പരതിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇഷ മരണത്തെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തൂങ്ങിമരിക്കാൻ വേണ്ടി വച്ചിരുന്ന കയർ, ഉറക്കഗുളികൾ, വിഷം എന്നിവ ഇഷയുടെ മുറിയിൽ നിന്നും കണ്ടെത്തിയിരുന്നു.

മഹാരാഷ്ട്ര സ്വദേശിനിയും അവിവാഹിതയുമായ ഇഷ ഒരു ബിസിനസ് സ്ഥാപനത്തിന്റെ തലവനായ അഭിനവ് ഷാഹു എന്ന വ്യക്തിയുമായി പ്രണയത്തിൽ ആയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ തങ്ങൾക്കി‌ടയിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് അഭിനവ് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പു ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇഷയുടെ ഡയറിയും വാട്സ്ആപ് മെസേജുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.