ജപ്പാനെക്കൊണ്ട് തോറ്റു, ഷർട്ടിനകത്തും ഫാൻ!!!

വിയർപ്പു മണം ഒഴിവാക്കാൻ ഇനി ഡിയോഡറന്റുകൾ പൂശുന്നതിനു പകരം ഷർട്ടിൽ ഒരു ഫാൻ ഫിറ്റ് ചെയ്താലോ? ചിത്രങ്ങൾക്ക് കടപ്പാട്- ഫെസ്യ്ബുക്ക്

നമ്മളൊക്കെ വിയർത്താൽ എന്താണു ചെയ്യുക. ഫാനിനടുത്തുപോയി നിൽക്കും. ഫാനില്ലാത്തിടത്താണെങ്കിൽ കൈയിൽ കിട്ടിയതുകൊണ്ടു വീശും. എന്നാൽ ജപ്പാൻകാർക്ക് ഇതിനൊന്നും വയ്യ. കണ്ടുപിടിത്തത്തിന്റെ ആശാൻമാർ വിയർപ്പിൽനിന്നു രക്ഷനേടാൻ കണ്ടുപിടിച്ചിരിക്കുന്നത് ഫാനാണ്. ഷർട്ടിൽ ക്ലിപ് ചെയ്തു വയ്ക്കാവുന്ന ഫാൻ!

കക്ഷങ്ങളാണ് വിയർപ്പിന്റെയും അതുവഴി ശരീരദുർഗന്ധത്തിന്റെയും കേന്ദ്രമെന്ന പരിഗണനയിലാണ് ഫാൻ നിർമിച്ചിരിക്കുന്നത്. വിയർപ്പു മണം ഒഴിവാക്കാൻ നമ്മൾ ഡിയോഡറന്റുകൾ പൂശുന്നതിനു പകരം ഫാൻ വച്ചോ എന്നു ഉപദേശം.

സംഗതി സിംപിളാണ്. ബാറ്ററിയിലോ ഇനി യുഎസ്ബി വഴിയുള്ള ചാർജിങ് വഴിയോ ആണ് ഫാൻ പ്രവർത്തിക്കുന്നത്. ഹാഫ് കൈയുള്ള ഷർട്ടിട്ടുകഴിഞ്ഞാൽ കൈയിൽ കുഞ്ഞുഫാൻ ക്ലിപ് ചെയ്തു വയ്ക്കാം. ഇതിന്റെ കാറ്റ് കക്ഷത്തിന്റെ ഭാഗത്തേക്കായിരിക്കും ചലിക്കുക. ഇതു ശരീരത്തെ മുഴുവൻ തണുപ്പിച്ച്, ഊഷ്മാവ് കുറയ്ക്കുന്നു അതോടെ വിയർപ്പില്ലാതാകുന്നു, കൂടെ ദുർഗന്ധവും. 

ടാൻഗോ കമ്പനി പുറത്തിറക്കിയ ഫാനിന് 27 ഡോളറാണ് വില. ഇരുകൈകളിലും ഫിറ്റ് ചെയ്യാവുന്ന ജോടിയായാണ് കിട്ടുക. വെയിലത്ത് പണിയെടുക്കുന്നവരെയും യാത്രക്കാരെയും കാറ്റ് ലഭിക്കാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരെയുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ടാൻഗോയുടെ ഫാനിന് പങ്കായമൊന്നും പ്രതീക്ഷിക്കരുത്. മെലിഞ്ഞു സ്ലിമ്മനാണ് കക്ഷി. തീപ്പെട്ടിക്കൂടിനെക്കാൾ അൽപംകൂടി നീളവും വീതിയുമുണ്ട്. 30 ഗ്രാമാണ് ഭാരം. കാറ്റ് മൂന്ന് സ്പീഡുകളിൽ നിയന്ത്രിക്കാനും ഫാനിൽ മാർഗമുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ അഞ്ചു മുതൽ ഒൻപതു മണിക്കൂർവരെ ചാർജ് നിൽക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. വെറുതെയാണോ ജപ്പാൻ ടെക്നോളജിയിൽ മുന്നിൽ നിൽക്കുന്നത്, എന്തിനും ഏതിനും അവരുടെ പക്കൽ പരിഹാരമുണ്ട്. ഈ ഫാൻ എന്നാണാവോ ഇവിടെയിറങ്ങാൻ പോകുന്നത്!.