സാരിയിലും മുൻപിലാണ് ലിനന്‍

സാരികൾ നിത്യോപയോഗ വസ്ത്രമല്ലാതായതോടെ കംഫർട്ട് ഉള്ള തുണിത്തരം വേണം സാരിക്ക് എന്ന സങ്കൽപം പൊയ്പ്പോയതായിരുന്നു. പക്ഷേ വെയിൽ കടുകടുപ്പമായ കേരളക്കരയിൽ ഇതുവല്ലതും നടക്കുമോ? പാർട്ടിവെയറിലും ഓഫീസ് വെയറിലുമെല്ലാം സൗന്ദര്യത്തോടൊപ്പം സൗകര്യവും അന്വേഷിച്ച് നടന്നുനടന്ന് ഒരു കിടിലൻ തിരിച്ചറിവിലാണ് ഇപ്പോൾ പ്രായഭേദമന്യേ സ്ത്രീകൾ എത്തിച്ചേർന്നത്.-ലിനൻ സാരി. ഷിഫോണിന്റെ ഇഴുകലോ ജോർജെറ്റിന്റെ തിളക്കമോ വെൽവെറ്റിന്റെ കനമോ സിൽക്കിന്റെ പളപളപ്പോ ഇല്ല ഇവയ്ക്ക്.

ആഢ്യത്വത്തിന്റെ തികഞ്ഞ പര്യായം. ലിനൻ ആയതുകൊണ്ട് കൂളിംഗ് ഇഫക്ടും ഭാരമില്ലായ്മയും ഏറെ സുഖപ്രദമാണ്. ഏറെക്കാലം കേടില്ലാതെ ഈടുനിൽക്കുകയും ചെയ്യും. 2000 മുതല്‍ തുണിത്തരത്തിന്റെ നിലവാരം അനുസരിച്ച് 9000 വരെയാണ് ഇതിന്റെ വില. കോട്ടൻ മിക്സ് ഉള്ളതിന് വില അധികമില്ല. പ്യുവർ ലിനനിൽ ആണ് ത്രെഡ് വർക് ഏറ്റവും മനോഹരമാകുക. പേസ്റ്റല്‍ നിറങ്ങളിലെ ത്രെഡ് വര്‍ക്ക് സാരി ഹൈനെക്ക്, മൻഡാരിൻ കോളർ ബ്ലൗസിനൊപ്പം ഗംഭീരമായിരിക്കും. അധികം ഡീറ്റെയിലിങ് ലിനൻ സാരികളിൽ വരാറില്ല. കാരണം തുണിത്തരം തന്നെയാണ് സാരിയുടെ ഹൈലൈറ്റ്. നോർത്ത കോട്ടന്‍, നെറ്റ് മിക്സ് ഉള്ള ലിനൻ ആണ് പ്ലെയിൻ സാരികളിൽ മികച്ച ലുക്ക് തരുന്നത്. ഇതിനെ കോംപ്ലിമെന്റ് ചെയ്യാൻ ബോട്ട് നെക്ക് ബ്ലൗസ് തന്നെ മികച്ചത്.