ഗ്രീൻ ടീ കുടിച്ചാൽ മെലിയും ചിലപ്പോൾ ആശുപത്രിയിലും ആവും...

വണ്ണം കുറയ്ക്കാൻ നാൾക്കുനാൾ കണ്ണിൽക്കാണുന്ന പൊടിക്കൈകളൊക്കെ പരീക്ഷിക്കുന്ന തിരക്കിലാണ് യുവതലമുറ. പക്ഷേ പലരും പെ‌ട്ടെന്നു വണ്ണം കുറയാനായി പലതും അളവിൽ കൂടുതൽ കഴിക്കുകയും അതുവഴി മറ്റു പല അസുഖങ്ങൾ ബാധിക്കുകയും ചെയ്യും. അടുത്തിടെ യെമൻ സ്വദേശിയായ കൗമാരക്കാരിയെയാണ് തടി കുറയ്ക്കാനുള്ള ശ്രമങ്ങൾ അപകടത്തിലാക്കിയത്. മറ്റൊന്നുമല്ല സ്ലിം ബ്യൂട്ടിയാവാനായി ദിവസവും മൂന്നും കപ്പിൽ കൂടുതൽ ഗ്രീൻ ടീ കുടിച്ചതാണ് പെൺകുട്ടിയുടെ ആരോഗ്യം അപകടത്തിലാക്കിയത്.

പതിനാറുകാരിയായ പെൺകുട്ടി ശരീര വേദനയും വയറുവേദനയും ക്ഷീണവും മനംപുരട്ടലുമൊക്കെ അനുഭവപ്പെട്ടപ്പോഴാണ് ആശുപത്രിയിൽ പോകാൻ തയ്യാറായത്. തുടക്കത്തിൽ മൂത്രത്തിൽ പഴുപ്പാണെന്നു കരുതി അതിനുള്ള മരുന്നു നൽകി ഡോക്ടർ തിരിച്ചയച്ചു. പക്ഷേ രണ്ടു ഡോസ് കഴിച്ചു കഴിഞ്ഞപ്പോഴേയ്ക്കും രോഗലക്ഷണങ്ങൾ മൂർച്ഛിക്കാൻ തുടങ്ങി മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്തതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണു പെൺകുട്ടിയ്ക്കു കരൾവീക്കമാണെന്നു കണ്ടെത്തിയത്. മദ്യപിക്കുകയോ അമിതമായ അളവിൽ മരുന്നുകളോ കഴിക്കാത്ത പെൺകുട്ടിയ്ക്കു കരൾവീക്കം ബാധിച്ചതെങ്ങനെയാണെന്ന പരിശോധനയിലാണ് വില്ലൻ ഓൺലൈൻ വഴി വാങ്ങിയ ചൈനീസ് നിർമിത ഗ്രീൻ ടീയാണെന്നു കണ്ടെത്തിയത്.

100 ബാഗുകളടങ്ങിയ രണ്ടടു ബോക്സ് ഗ്രീൻ ടീ ബാഗുകളാണ് പെൺകുട്ടി വാങ്ങിയത്. അതു ദിവസത്തിൽ മൂന്നുപ്രാവശ്യം കുടിക്കാനും തുടങ്ങി. ചൈനീസ് ഉൽപ്പന്നമായി ഗ്രീൻ ടീയിൽ അടങ്ങിയതെന്തൊക്കെയാണെന്നതു സംബന്ധിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നുമില്ല. എന്നാൽ ഗ്രീൻ ടീയിൽ അടങ്ങിയ കാമെലിയ സിനെൻസിസ് എന്ന പദാർഥമാണ് കരൾവീക്കത്തിനു കാരണമായതായി ഡോക്ടർമാർ പറഞ്ഞത്. ഗ്രീൻ ടീയുടെ അമിതോപയോഗം കരളിനു ദോഷകരമാണെന്നു സംബന്ധിച്ച് നേരത്തെതന്നെ വാർത്തകൾ വന്നിരുന്നു. അതേസമയം ഗ്രീൻ ടീയുടെ കൃത്യമായ അളവിലുള്ള ഉപയോഗം ആരോഗ്യത്തിനു നല്ലതാണെന്നും തേയിലകളിൽ തളിക്കുന്ന വിഷനാശിനികളോ ഫ്രഷ് അല്ലാത്ത ഘടകങ്ങളോ ആകാം ഇത്തരം അസുഖങ്ങളിലേക്കു നയിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.