ഒരൊറ്റ സെൽഫി മതി ജോലി പോകാന്‍ !

മൈലി സൈറസും കിം കർദ്ദാഷിയാനുമൊക്കെ നഗ്ന സെൽഫികൾ കൊണ്ട് അമ്മാനമാടുകയും പ്രസിദ്ധിയുടെ കൊടുമുടി കയറുകയും ചെയ്യുമ്പോൾ അങ്ങു ചിക്കാഗോയിൽ ഒരു പാവം യുവാവ് സെൽഫിയെടുത്ത് മാനവും ജോലിയും ഒന്നിച്ചു പോയിരിക്കുകയാണ്. നിരുപദ്രവം എന്നു കരുതി എടുത്തുവച്ച ആ സെൽഫിയ്ക്ക് തന്റെ ജോലി തെറിപ്പിക്കാനുള്ള കഴിവുണ്ടെന്നു മനസിലാക്കിയപ്പോഴേയ്ക്കും സമയം വൈകിപ്പോയിരുന്നു. ചിക്കാഗോ സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് നേരവും കാലവും നോക്കാതെ സെൽഫിയെടുത്ത് പുലിവാലായത്. വെറും സെല്‍ഫിയല്ല നല്ല അസൽ നഗ്ന സെൽഫിയാണ് കക്ഷിയുടെ തലേവര മാറ്റിമറിച്ചത്.

സെന്റ് ചാ​ൾസ് തേർഡ് എന്ന സ്ഥാപനത്തിൽ ഇൗ മാസമാദ്യം ആണ് യുവാവിന് ജോലി ലഭിച്ചത്. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, മൊബൈലിൽ സൂക്ഷിച്ചു വച്ചിരുന്ന നഗ്ന സെൽഫികൾ രണ്ടെണ്ണം അബദ്ധവശാൽ കമ്പനി എച്ച്ആറിന്റെ മൊബൈലിലേക്കാണ് പോയത്. എന്നാൽ നമ്പർ മനസിലാകാതിരുന്ന എച്ച്ആർ മാനേജർ അതത്ര കാര്യമാക്കിയില്ല. പക്ഷേ, ഉടായിപ്പു നമ്പർ നോക്കിവച്ചിരുന്നു.

രണ്ടുദിവസങ്ങൾക്കുശേഷം ജോലിക്കു ചേരണ്ട ദിവസത്തെക്കുറിച്ചു ചോദിക്കാൻ യുവാവു വിളിച്ചപ്പോഴാണ് എച്ച്ആർ മാനേജർക്കു കള്ളനെ പിടികിട്ടിയത്. പിന്നെ പറയണോ പൂരം. അപ്പോ തന്നെ യുവാവിനെക്കുറിച്ച് പോലീസിൽ വിവരം അറിയിക്കുക തന്നെ ചെയ്തു. അബദ്ധം പറ്റിയ യുവാവ് തെറ്റു ഏറ്റുപറയുകയും താൻ മന :പ്പൂർവം അയച്ചതല്ല മറ്റൊരാള്‍ക്കയച്ച ഫോട്ടോ മാറിപ്പോയതാണെന്നു പറഞ്ഞെങ്കിലും ജോലിയ്ക്കു ചേരേണ്ടതില്ലെന്ന് തന്നെയാണ് കമ്പനിയുടെ തീരുമാനം. തങ്ങളുടെതന്നെ നഗ്നചിത്രങ്ങള്‍ എടുക്കുകയും അതു കൂട്ടുകാർക്കിടയിൽ പരസ്യപ്പെടുത്തുകയും ചെയ്ത് രസിക്കുന്നവർ സൂക്ഷിച്ചോളൂ - ഒരിക്കൽ പണി പാലുംവെള്ളത്തിൽ തന്നെ കിട്ടും !