കിടിലൻ നായക്കുട്ടി, വില ഒരുകോടി രൂപ!

മസ്റ്റിഫ് ഇനത്തില്‍പെട്ട കൊറിയൻ നായ

രണ്ട് ദിവസം മുന്‍പ് ചൈനയിൽ നിന്ന് വിലപിടിപ്പുള്ള ഒരു അതിഥിയെത്തി ബെംഗളൂരുവില്‍. കാഴ്ചയിലെ വ്യത്യസ്തതയും ശക്തിയില്‍ മുന്‍പന്തിയിലുമായ കൊറിയന്‍ ബ്രീഡ് ഇനത്തില്‍പെട്ട നായക്കുട്ടി. ഒന്നും രണ്ടുമല്ല, ഒരുകോടിരൂപ വിലവരുന്ന ഇവനെ ഇന്ത്യയില്‍ ഒരാള്‍ സ്വന്തമാക്കുന്നതും ഇതാദ്യം.

ബെയ്ജിങ്ങില്‍നിന്ന് രണ്ട് ദിവസമായി ബെംഗളൂരുവിലെത്തിയിട്ട്. രണ്ട് മാസം പ്രായം. പേരിട്ടിട്ടില്ല. കണ്ടാല്‍ കമ്പിളിപ്പുതപ്പ് പുതച്ചതുപോലെ. ചുക്കിച്ചുളിഞ്ഞ മുഖം, തൂങ്ങിയ കവിളുകള്‍. പതുപതുത്ത മൂക്ക് , ഒറ്റനോട്ടത്തില്‍തന്നെ വ്യക്തം. ഇവന്‍ ആളോരു വ്യത്യസ്തന്‍തന്നെ. വന്നിറങ്ങിയതുമുതല്‍ കാണാനെത്തുന്നവരുടെ തിരക്കും, കാലാവസ്ഥയിലെ മാറ്റവുമൊക്കെ ആളെ അല്‍പം ക്ഷീണത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ , എസി മുറിയില്‍ പട്ടുമെത്തയില്‍ രാജകീയമായി ആള്‍ വിശ്രമത്തിലാണ്. വലുപ്പവും ശക്തിയുമാണ് ഈ മസ്റ്റിഫ് ഇനത്തില്‍പെട്ട കൊറിയന്‍ ഡോസയെ വ്യത്യസ്തനാക്കുന്നത്.

ഒരു വര്‍ഷം പ്രായമാകുമ്പോള്‍ മൂന്നടിയിലധികം ഉയരംവയ്ക്കും ഇവന്. തണുത്ത കാലാവസ്ഥയാണ് ഏറെയിഷ്ടം. നായകളുടെ ശ്രേണിയില്‍ വിഐപിയായ ഇവനെ ബെംഗളൂരു സ്വദേശി സതീഷാണ് സ്വന്തമാക്കിയത്. ഒരു മാസം തീറ്റിപ്പോറ്റുന്നതിന് ചെലവ് 50000 കടക്കും. നൂറ്റിയമ്പതോളം നായക്കളുടെ ഉടമകൂടിയായ സതീഷ് ഇത്ര വിലപിടിപ്പുള്ള നായയെ സ്വന്തമാക്കുന്നതും ഇതാദ്യം.