ഈ ഇരട്ട കല്യാണം ഇത്തിരി വെറൈറ്റിയാണിഷ്ടാ...

മാർവിനും മെൻസണും ടിൻസിക്കും ടാനിയയ്ക്കുമൊപ്പം

കോട്ടും സ്യൂട്ടുമണിഞ്ഞ് വരൻ ഇറങ്ങി വരുന്നു, തൊട്ടു പുറകെ അതാ ചുവപ്പു പട്ടുസാരിയുടുത്തു വധുവും വന്നു. എന്നാൽ കല്ല്യാണം ഇപ്പോൾ തുടങ്ങും എന്നു ചിന്തിച്ചിരുന്നവർക്കു മുന്നിലേക്കതാ നേരത്തെ പറഞ്ഞ വരനെയും വധുവിനെയും പകർത്തിവച്ചതുപോലെ മറ്റു രണ്ടുപേർ. സംഗതി മനസിലായില്ലേ? ഒരു ഇരട്ടക്കല്ല്യാണത്തെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ഇരട്ടകൾ ഇരട്ടകളെ കല്ല്യാണം കഴിക്കുന്ന ഈ കാലത്ത് അതിനെന്തു പുതുമ എന്നായിരിക്കും കരുതുന്നത് എന്നാൽ അതിലൊരിത്തിരി വെറൈറ്റിയുണ്ട്.

ഗർഭപാത്രം മുതൽ അവർ ഒന്നിച്ചാണ്. വളർന്നു വലുതായതും ഉണ്ണുന്നതും ഉറങ്ങുന്നതുമൊക്കെ ഒരുമിച്ച്. അങ്ങനെ ഒരമ്മയുടെ വയറിൽ ഒന്നിച്ചു പിറന്ന ആ ആൺകുട്ടികൾ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം വന്നപ്പോഴും അതും ഒന്നിച്ചു വേണമെന്നു നിശ്ചയിച്ചു. മണിമല സ്വദേശികളായ ഇരട്ടകൾ മാർവിന്റെയും മാൻസണിന്റെയും വിവാഹം വ്യത്യസ്തമാകുന്നത് അങ്ങനെയാണ്.

വരനും വധുവും ഒരേ രൂപത്തിൽ ഒരേ ഭാവത്തിൽ ഒരുപോലെയുള്ള വാഹനത്തിൽ പോകുന്നതു കണ്ട നാട്ടുകാർക്കും അതൊരു സർപ്രൈസ് ആയി.

മാർവിനും മാൻസണും വിവാഹം കഴിക്കുന്നത് ഇരട്ടകളായ ടിൻസിയെയും ടാനിയയെുമാണ്. വിവാഹത്തെക്കുറിച്ചു പദ്ധതികൾ തുടങ്ങിയപ്പോഴാണ് ഒരുഗ്രൻ ഐഡിയ ഇരുവരുടെയും മനസിൽ മിന്നിയത്. കല്ല്യാണം കഴിഞ്ഞു പള്ളിയിൽ നിന്നു തിരികെ വീട്ടിലേക്കു പോകുന്നതും ഇരട്ട വാഹനത്തിലായാലോ? അങ്ങനെയാണ് ഒരുപോലെയുള്ള രണ്ടു വാഹനത്തിൽ തന്നെ ആദ്യയാത്ര നടത്താൻ തീരുമാനിക്കുന്നത്. രണ്ടു ജീപ്പുകളും ഒരേ രൂപത്തിൽ നിർമിച്ചതിനു പിന്നിൽ മണിമല സ്വദേശി തന്നെയായ സുഹൃത്ത് ബാബുവും. എന്തായാലും വരനും വധുവും ഒരേ രൂപത്തിൽ ഒരേ ഭാവത്തിൽ ഒരുപോലെയുള്ള വാഹനത്തിൽ പോകുന്നതു കണ്ട നാട്ടുകാർക്കും അതൊരു സർപ്രൈസ് ആയി.

മുൻ ഇന്ത്യൻ വോളിബോൾ പ്ലേയർ കൂടിയായ എംകെ മാനുവലിന്റെ പുത്രന്മാരാണ് ഇരുവരും. മാൻസൺ ഖത്തറിൽ അക്കൗണ്ടന്റായും മാർവിൻ മണിമല പഞ്ചായത്തിൽ ടെക്നിക്കൽ അസിസ്റ്റന്റായും ജോലി ചെയ്യുന്നു. ടിൻസിയും ടാനിയയും എറണാകുളത്തെ ടിസിഎസ് ജീവനക്കാരാണ്.