മാസ്റ്റർ ഷെഫ് കറങ്ങിവീണു; പുട്ടിനും കൂട്ടർക്കും മുന്നിൽ

മാസ്റ്റർ ഷെഫ് ഓസ്ട്രേലിയ വിധികർത്താക്കള്‍ക്കൊപ്പം ഷെഫ് സജി പി. അലക്സ്, വിധികർത്താക്കൾക്കായി സജി ഒരുക്കിയ കേരളീയ വിഭവങ്ങള്‍‌

ഭക്ഷണപ്രേമികൾ ഏറെ ആസ്വദിക്കുന്ന ടെലിവിഷൻ ഷോയാണു മാസ്റ്റർ ഷെഫ് ഓസ്ട്രേലിയ. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ഈ റിയാലിറ്റി ഷോയുടെ വിധികർത്താക്കളുടെ കയ്യടി നേടിയതിന്റെ സന്തോഷത്തിലാണു ഇടപ്പള്ളി ലുലു മാരിയറ്റിലെ ഷെഫ് സജി പി. അലക്സ്. തനി കേരളീയ ഭക്ഷണം വിളമ്പിയാണു ഇദ്ദേഹം മാസ്റ്റർ ഷെഫിന്റെ വിധികർത്താക്കളും പാചക വിദഗ്ധരുമായ മാറ്റ് പ്രസ്റ്റൺ, ഗാരി മെഹ്ഗൻ, ജോർജ് കാലംബാരിസ് എന്നിവരെ കീഴടക്കിയത്. പാചകലോകത്തെ സൂപ്പർ താരങ്ങൾ തങ്ങളുടെ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫെയ്്സ്ബുക്ക് പേജുകളിലൂടെ ഇക്കാര്യം പങ്കുവച്ചതോടെ നമ്മുടെ സ്വന്തം പുട്ടിനും ഇടിയപ്പത്തിനുമെല്ലാം ആരാധകരേറി. മാസ്റ്റർ ഷെഫുമാരുടെ കയ്യടി നേടിയ ഷെഫിന്റെ വിശദാംശങ്ങളും എല്ലാവരും തിരക്കുന്നു.

വേൾഡ് ഓൺ എ പ്ലേറ്റ് എന്ന പരിപാടിയുടെ ഭാഗമായാണു മൂവർ സംഘം ഇന്ത്യയിലെത്തിയത്. ബെംഗളുരുവിലെ ജെഡബ്യൂ മാരിയറ്റ് ഹോട്ടലിലായിരുന്നു പരിപാടി. ലോകത്തെ വേറിട്ട രുചികളെല്ലാം അനുഭവിച്ചിട്ടുള്ള മൂവർക്കും വ്യത്യസ്തമായി എന്തു നൽകാമെന്നായി ഹോട്ടലുകാരുടെ ചിന്ത. ജെഡബ്യു മാരിയറ്റിലെ എക്സിക്യൂട്ടീവ് ഷെഫ് ആന്റണി ഹ്യുവാങ് ആണു പ്രഭാത ഭക്ഷണം കേരളീയ രീതിയിലൊരുക്കാമെന്ന നിർദേശം മുന്നോട്ടുവച്ചത്. അങ്ങനെ സജി പി. അലക്സ് ബെംഗളുരുവിലേക്കു വണ്ടി കയറി.

വേൾഡ് ഓൺ എ പ്ലേറ്റ് എന്ന പരിപാടിയുടെ ഭാഗമായാണു മൂവർ സംഘം ഇന്ത്യയിലെത്തിയത്. ബെംഗളുരുവിലെ ജെഡബ്യൂ മാരിയറ്റ് ഹോട്ടലിലായിരുന്നു പരിപാടി.

ജൂൺ ഒന്നിനു രാവിലെ ഹോട്ടലിലെത്തിയപ്പോഴാണു തൊട്ടടുത്ത ദിവസമാണു തന്റെ യാത്രയെന്ന വിവരം അറിയുന്നത്. രണ്ടിനു രാവിലെ ബെംഗളുരുവിലെത്തി. പാചക ലോകത്തെ സൂപ്പർ താരങ്ങൾക്കു വേണ്ടി തനി നാടൻ രുചികളാണ് ഇദ്ദേഹം തയാറാക്കിയത്. രണ്ടു തരം പുട്ട്- അരിപ്പുട്ടും ചെമ്പപ്പുട്ടും. കൂടാതെ പാലപ്പം, കള്ളപ്പം, ഇടിയപ്പം എന്നീ വിഭവങ്ങൾ. കറികളായി ഫിഷ് മോലി, മട്ടൻ സ്റ്റൂ, വെജിറ്റബിൾ സ്റ്റൂ, മൂരിയിറച്ചി പിരളൻ, തേങ്ങാ പാൽ ചേർത്ത കോഴിക്കറി, മുട്ട റോസ്റ്റ് എന്നിവയും . ഇതിനു പുറമെ മുളകും പുളിയുമെല്ലാം ചേർത്തു തയാറാക്കിയ മീൻ വറ്റിച്ചതും.

സ്പൂണും മറ്റും ഉപയോഗിക്കാതെ കൈകൾ ഉപയോഗിച്ചു മലയാളി രീതിയിലായിരുന്നു ഭക്ഷണം കഴിച്ചതും. ഓരോ വിഭവവും ഏറെ ആസ്വദിച്ച് കഴിച്ച ഇവർ ഏറ്റവുമധികം അഭിനന്ദം നൽകിയതു മീൻ വറ്റിച്ചതിനും മുട്ട റോസ്റ്റിനും. ഇവയുടെ രുചിക്കൂട്ടുകൾ ചോദിച്ചറിയാനും പ്രത്യേകതകൾ മനസിലാക്കാനും ഇവർ സമയം കണ്ടെത്തി. മൂവരുടെയും ട്വിറ്റർ, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ കേരള ബ്രേക്ക്ഫാസ്റ്റിന്റെ കഥയെത്തിയതോടെ സംഗതി രുചിലോകത്തെ വലിയ വാർത്തയായി. മാസ്റ്റർ ഷെഫ് മൽസരത്തിൽ വിഭവങ്ങളെ കീറിമുറിച്ചു പരിശോധിക്കുന്നവരാണു തനി നാടൻ രുചികൾക്കു നിറഞ്ഞ കയ്യടി നൽകിയത്. ഫ്ലേവറുകളെല്ലാം കൃത്യമായ പാകത്തിൽ ലഭിച്ചതാകാം അവർക്ക് ഇഷ്ടപ്പെടാൻ കാരണമെന്നു സജി പറയുന്നു. മാസ്റ്റർ ഷെഫുമാർ മടങ്ങിയെങ്കിലും തങ്ങൾ കഴിച്ച വിഭവങ്ങളുടെ രുചിക്കൂട്ടുകൾക്കായി ഇവർ വീണ്ടും സജിയെ ബന്ധപ്പെട്ടിരുന്നു. ഇടപ്പള്ളി ലുലു മാരിയറ്റിലെ കസാവ റസ്റ്റൊറന്റിൽ ഷെഫ് ഡി കുസീനായ സജി പി. അലക്സ് കോട്ടയം പാലാ സ്വദേശിയാണ്.