Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലസിയൊണ്ട്, പഴച്ചാറുണ്ട്, ഷേക്കുണ്ട്, ഷേക്ക് വിത്ത് ഐസ്ക്രീമൊണ്ട്...

Lassi Cafe എളുപ്പത്തിൽ ലസി കഫേകൾ എന്നു വിളിക്കും. തൈരിനെ അടിസ്ഥാനപ്പെടുത്തി തയാറാക്കുന്ന മധുരപാനീയമാണല്ലൊ ലസി...

‘അളിയാ, സോഡ കുടിച്ചിട്ടു കുറെ നാളായി...’ 12 വർഷം മുൻപത്തെ ഒരു വേനൽക്കാല മധ്യാഹ്നം. എംജി സർവകലാശാല സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ (എസ്എംഇ) ക്യാംപസിലിരുന്ന് ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയായ സുരാജാണു സംഭാഷണത്തിനു തുടക്കമിട്ടത്. ‘അതെന്ത് അളിയാ...’, തൊട്ടടുത്തിരുന്ന നൻപൻ അത്ഭുതത്തോടെ ആരാഞ്ഞു. ‘തൊണ്ടവേദനയാണോ? എന്നാൽ, സോഡ കുടിക്കുകയേ അരുത്...’ കൂട്ടത്തിലെ ഉപദേശി അളിയൻ സടകുടഞ്ഞെഴുന്നേറ്റു. പുച്ഛം കൊണ്ടു കോടിയ മോന്ത ഉപദേശിയുടെ നേർക്ക് ഫോക്കസ് ചെയ്തു സുരാജിന്റെ പഞ്ച് ഡയലോഗ്, ‘എടാ മരയോന്തേ... കാശുള്ളപ്പൊ ഷേക്ക് കുടിക്കും. അല്ലാത്തപ്പൊ പച്ചവെള്ളോം... പിന്നെങ്ങനെ ഷോഡ കുടിക്കും’!

തൊണ്ണൂറുകളുടെ അവസാനം, കേരളതീരമണഞ്ഞതു മുതൽ ഇതാണു ഷേക്കിന്റെ ശക്തി. അന്നു 15 രൂപ മുതലായിരുന്നു വില. ഇന്നു 300 മില്ലിക്ക് ചേരുവ മാറുന്നതനുസരിച്ച് 70 മുതൽ 150 വരെ നൽകണം. ഇതേ പരിണാമം ഷേക്ക് വിൽക്കുന്ന കടകൾക്കുമുണ്ടായി. മുൻപ് ഐസ്ക്രീം പാർലറുകളായിരുന്നു യുവാക്കളുടെ ഇഷ്ടസങ്കേതങ്ങളെങ്കിൽ, അവ ഫ്രഷ് ജ്യൂസ് കടകൾക്കും ഷേക്ക് പാർലറുകൾക്കും വഴിമാറി. ഇന്ന് ഇതെല്ലാംകൂടി ഒരു കുടക്കീഴിൽ ലഭിക്കുന്ന ‘ക്വിക്ക് സർവീസ് കഫേ’കളാണു ട്രെൻഡ്. എളുപ്പത്തിൽ ലസി കഫേകൾ എന്നു വിളിക്കും. തൈരിനെ അടിസ്ഥാനപ്പെടുത്തി തയാറാക്കുന്ന മധുരപാനീയമാണല്ലൊ ലസി. എന്നാൽ ലസി കഫേകളിൽ ലസി മാത്രമല്ല, നടൻ കോട്ടയം പ്രദീപിന്റെ സിഗ്നേച്ചർ സ്റ്റൈലിൽ പറഞ്ഞാൽ ‘ലസിയൊണ്ട്, പഴച്ചാറുണ്ട്, ഷേക്കുണ്ട്, ഷേക്ക് വിത്ത് ഐസ്ക്രീമൊണ്ട്, ജ്യൂസൊണ്ട്...’ 

∙ ബെംഗളൂരുവിൽ നിന്ന്

ബെംഗളൂരുവിൽ നിന്നാണ് ക്വിക് സർവീസ് കഫെ എന്ന ആശയം കേരളത്തിലെത്തിയത് എന്നാണ് ഒരു വാദം. ബെംഗളൂരുവിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത ഷിബിത ഷാജഹാൻ പറയുന്നു: ‘ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന മിക്ക ഹോട്ടലുകൾ പോലും ക്വിക് സർവീസ് രീതിയിലാണ്. ഒരു അല്യൂമിനിയം ഫോയിൽ കൊണ്ടു പൊതിഞ്ഞാൽ പാഴ്സൽ ആയി മാറുന്ന തരത്തിലുള്ള ഡിസ്പോസിബിൾ പാത്രങ്ങളിലാണ് അവിടെ ഭക്ഷണം വിളമ്പുന്നത്. കാത്തുനിൽക്കാൻ മടിയുള്ള മലയാളികളുടെ നാട്ടിൽ, ക്വിക് സർവീസ് കഫേകൾ എത്താൻ എന്തിത്ര വൈകി എന്നേ അന്വേഷിക്കേണ്ടതുള്ളൂ.’

ദുബായിൽ നിന്നെത്തി എന്നാണ് മറ്റൊരു വാദം. എക്കാലത്തും ഹിറ്റായ തമാശയാണല്ലൊ ഷേക്കിന്റെ ‘ശെയ്ഖ്’ ബന്ധം. അതിൽ വാസ്തവമുണ്ടെന്നു ദുബായിൽനിന്ന് കേരളത്തിലേക്കു പറിച്ചുനടപ്പെട്ട യുവാക്കൾ പറയുന്നു. 

ഇത്തരം കഫേകൾ ഇന്ത്യയിലെത്തിയതു ദുബായിൽ നിന്നാകാനാണു സാധ്യതയെന്ന് സിഎംഎസ് കോളജ് ഒന്നാം വർഷ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് ബിരുദ വിദ്യാർഥി ബെവിൻ മാത്യു ഏബ്രഹാം ഉറപ്പിക്കുന്നു. ‘പാനീയങ്ങൾക്ക് ഉപയോഗിക്കുന്ന പല പേരുകളും അതിന്റെ സൂചനകളാണ്. ഇവിടെ നല്ല വിൽപനയുള്ള ഒരു ഷേക്കാണ് ‘വാക്ക് ലൈക് ആൻ ഈജിപ്ഷ്യൻ’. ഇനി പറയൂ... ദുബായ് ബന്ധമില്ലേ?’

ഹൈസ്കൂൾ വരെ ദുബായിൽ പഠിച്ച ബെവിൻ തുടർന്നു: അവിടെ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമയും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആളുകളാണ് ഇത്തരം കഫേകളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നത്. ഇവിടെയുള്ള കഫേകൾ അവയുടെ അനുകരണം മാത്രം. അനുകരണം മോശമാണെന്നല്ല. പക്ഷേ പാനീയങ്ങളുടെ ചില ഉപവിഭാഗങ്ങളിൽ (ഉദാ. യുവാക്കളുടെ പ്രിയപ്പെട്ട ഫ്ലേവറായ ചോക്ലേറ്റിലെ പല വെറൈറ്റികൾക്കും) രുചിവൈവിധ്യം കൊണ്ടുവരാൻ കഫേകൾക്കു കഴിഞ്ഞിട്ടില്ല. എന്നാൽ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കുന്ന ആശയമാണ് ക്വിക് സർവീസ് കഫേകൾ എന്നതിൽ തർക്കമില്ല.’

∙ എബിസി, എംസി, എച്ച്ആർസി...

ക്വിക് സർവീസ് കഫേകളിലെ പകുതി കച്ചവടം നടക്കുന്നത് പേരുകളുടെ കൗതുകത്തിലൂടെയാണെന്നു പറയാം. തലക്കെട്ടിൽ പറഞ്ഞ ചില ഹ്രസ്വപ്രയോഗങ്ങളുടെ പൂർണരൂപം: എബിസി – ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർന്ന ജ്യൂസ്, എംസി – മഡ് കോഫി – ചെളിയുടെ നിറമുള്ള കാപ്പിവിസ്മയം. എച്ച്ആർസി – ഹാർഡ് റോക്ക് കോഫി. ഒപ്പം വാക്ക് ലൈക് ആൻ ഇൻഡ്യൻ, കോഫി ഓൺ ദ് റോക്സ്, ഫ്രീക്ക് ഷേക്ക്, മോണ്ടെകാർലൊ വാനില എന്നിങ്ങനെ സംഗതി എന്തെന്ന് ഒറ്റവായനയിൽ പിടികിട്ടാത്ത ഐറ്റംസ് വേറെ. ചൂട് ചട്ടിയിൽ ബ്രൗണി കേക്ക് വച്ച് അതിനു പുറത്ത് വാനില ക്രീമും ഹോട്ട് ചോക്ലേറ്റും ഒഴിച്ച ക്രീം ചോക്കോ പോലെയുള്ള ഭക്ഷണവും പാനീയവും ചേർത്തുള്ള പരീക്ഷണങ്ങളും കഫേകൾ വിളമ്പുന്നു. 

മിക്ക കഫേകളും ഫ്രാഞ്ചൈസികളാണ്. 200 സ്ക്വയർഫീറ്റുള്ള കടമുറിയുണ്ടെങ്കിൽ ഇവ ആരംഭിക്കാം. സ്വതന്ത്ര ജ്യൂഷ് ഷോപ്പുകളും ഒട്ടേറെയുണ്ട്. പത്തോളം വിഭാഗങ്ങളിലായി നൂറോളം വ്യത്യസ്ത ശീതളപാനീയങ്ങൾ ഇവ ഭക്ഷണപ്രിയരുടെ സോറി പാനീയപ്രിയരുടെ മുന്നിലേക്കു വയ്ക്കുന്നു. ജോലിക്കാർക്കു പരിശീലനം കേന്ദ്രീകൃത സംവിധാനത്തിൽ നൽകും. സംരംഭകൻ മുതൽ മുടക്കിയ ശേഷം ക്യാഷ് കൗണ്ടറിൽ ഇരുന്നാൽ മതിയാകും. ആവശ്യമായ സാധനങ്ങൾ വരെ കേന്ദ്രീകൃത സംവിധാനത്തിൽ എത്തിക്കുന്നതു കഫേ ചെയിനുകളുടെ മാനേജ്മെന്റ് നേരിട്ടാകും. 

∙ സദാചാര പൊലീസിന് സല്യൂട്ട്

സിഎംഎസ് കോളജിലെ തന്നെ ബിരുദ വിദ്യാർഥിയായ എസ്.ബി.സച്ചിൻ പറയുന്നു: ‘ലസി ഷോപ്പുകൾ നമ്മുടെ നാട്ടിൽ ചുവടുറപ്പിക്കാൻ കാരണം സദാചാര പൊലീസ് ആണ്’. ഒരു ഷേക്ക് പാർലറിൽ സഹപാഠികളായ പെൺകുട്ടികളോടൊപ്പം പോയിരുന്നാൽ ‘എന്തോ കുഴപ്പമുണ്ടല്ലോ, ഇവൻ നമ്മുടെ പഞ്ചായത്തിലുള്ള ചെറുക്കനല്ലേ...? തുടങ്ങിയ ചോദ്യങ്ങൾ നേരിടേണ്ടി വരും. നിമിഷനേരം കൊണ്ട് പാഴ്സൽ വാങ്ങി മടങ്ങിയാൽ ഇതിൽ നിന്നെല്ലാം രക്ഷപ്പെടാം. പെൺകുട്ടികൾ എന്നത് പെൺകുട്ടിയെന്ന ഏകവചനത്തിലേക്കു മാറിയാൽ ‘അവൻ ഒരു പെണ്ണിനേം അടിച്ചോണ്ട് നാടുവിടാനുള്ള പരിപാടിയാണ്’ എന്ന കമന്റ് ഫേസ്ബുക്ക് നോട്ടിഫിക്കേഷനേക്കാൾ വേഗത്തിൽ വീട്ടുകാരുടെ ചെവിയിലെത്തുകയും അതിന്റെ റിപ്ലൈ ഉടൻ തന്നെ കോളിന്റെ രൂപത്തിൽ മൊബൈലിലേക്ക് എത്തുകയും ചെയ്യും. മിക്കവാറും കോളിന്റെ ആദ്യ രണ്ടു വാചകങ്ങൾ ഇതുപോലെയാകും, (ഉദാഹരണം മാത്രം) ‘സച്ചീ... നീ എവിടെയാ... ഉച്ചയ്ക്ക് എവിടെയായിരുന്നു... എപ്പോഴാ വീട്ടിലേക്ക് വരുന്നത്. വേഗം വാ’.

∙ പാഴ്സൽ നീറ്റ്

300, 600 മില്ലീ ലീറ്റർ പാനീയം കൊള്ളുന്ന കണ്ടെയ്നറുകളാണ് ലസി കഫേകളിൽ പ്രധാനമായി ഉപയോഗിക്കുന്നത്. ഷേക്കിലൊന്ന് ചികഞ്ഞെടുത്ത ശേഷം ഇവയിലൊന്നു തിരഞ്ഞെടുത്ത് പണം നൽകുക. നിമിഷങ്ങൾക്കുള്ളിൽ അല്യുമിനിയം ഫോയിൽ  ഉപയോഗിച്ചു പൊതിഞ്ഞ മേൽമൂടിയോടുകൂടിയ കണ്ടെയിനറും കൂടെ സ്ട്രോയും സ്പൂണും തുണിസഞ്ചിയിലാക്കി കയ്യിൽ കിട്ടും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam