ന്യൂജനേറഷൻ ഖാദി

കൊച്ചി ∙ ഖാദിയെ സ്വാതന്ത്ര്യസമര പോരാട്ടവുമായി ബന്ധപ്പെടുത്താതെ നമുക്കൊരോർമയില്ല. എന്നാൽ, കാലങ്ങൾക്കിപ്പുറം ഖാദി സ്വയം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്ന കാഴ്ചയ്ക്കാണ് എറണാകുളം സെന്റ് തെരേസാസ് കോളജ് വേദിയായത്. ശരിക്കും ന്യൂ ജനറേഷൻ ഖാദി. ഇന്ത്യയിലെ ആദ്യത്തെ ഖാദി ഡിസൈനർ സ്റ്റുഡിയോയായ കൽപതരുവുമായി ചേർന്നാണു കോളജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർഥികൾ ഖാദി ഫാഷൻ ഷോ ഒരുക്കിയത്.

ഖാദി ഫോർ ഫ്രീഡം, നൗ ഫോർ ഫാഷൻ എന്ന മുദ്രാവാക്യത്തോടെയായിരുന്നു ഷോ. ഖാദിയോ എന്ന് അതിശയിച്ചുപോകുന്ന തരത്തിലുള്ള ഡിസൈനർ വസ്ത്രങ്ങളുമായാണു വിദ്യാർഥിനികൾ റാംപിലെത്തിയത്. പാർട്ടി വെയർ, കാഷ്വൽസ്, സാരി, കിഡ്സ് വിഭാഗങ്ങളിലായി അൻപതോളം വ്യത്യസ്ത ഡിസൈനുകൾ റാംപിലെത്തി. ഇൻഡോ–വെസ്റ്റേൺ ഡിസൈൻ ശൈലിയിലായിരുന്നു പരീക്ഷണം. പലാസോ ഉൾപ്പെടെയുള്ള ട്രെൻഡി വസ്ത്രങ്ങളായി ഖാദി രൂപം മാറിയപ്പോൾ ഖാദിക്ക് ഏതു ഡിസൈനും ഇണങ്ങുമെന്നു തെളിഞ്ഞു.
കാഷ്വലുകൾ ഡിസൈനുകളിലെ പ്രത്യേകതകൊണ്ടു ശ്രദ്ധിക്കപ്പെട്ടപ്പോൾ, സാരികളുടെ ആകർഷണം മനോഹരമായ ചിത്രപ്പണികളായിരുന്നു. ഖാദിയിലെ തന്നെ വ്യത്യസ്തമായ തുണിത്തരങ്ങൾ കൊണ്ടുള്ള കോംബിനേഷനുകൾ പരീക്ഷിക്കപ്പെട്ടു.

ഖാദിയുടെ ഫാഷൻ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതിനൊപ്പം, പ്രകൃതിയോട് ഏറ്റവുമിണങ്ങിയ ഖാദി വസ്ത്രങ്ങൾ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു ഫാഷൻ ഷോ സംഘടിപ്പിച്ചത്.
ഖാദി കമ്മിഷന്റെ സഹായത്തോടെ തിരുവനന്തപുരം സർവോദയ സംഘം പള്ളിമുക്കിൽ ആരംഭിച്ച കൽപതരുവിൽ ഈ ഡിസൈനുകൾ പ്രദർശനത്തിനും വിൽപനയ്ക്കുമായുണ്ടാകും.
ഇവിടെ നിന്നു തിരഞ്ഞെടുത്ത തുണിത്തരങ്ങളുപയോഗിച്ചാണു വിദ്യാർഥിനികൾ വസ്ത്രങ്ങൾ രൂപകൽപന ചെയ്തത്. വസ്ത്രങ്ങൾ തയ്ച്ചെടുത്തതും കൽപതരുവിനു കീഴിലെ തയ്യൽ വിഭാഗത്തിന്റെ സഹായത്തോടെയാണ്.

ഖാദി കമ്മിഷൻ സംസ്ഥാന ഡയറക്ടർ ഐ. ജവഹർ, സെന്റ് തെരേസാസ് കോളജ് ഡയറക്ടർ, ഡോ. സിസ്റ്റർ വിനീത, പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, വിമൻ സ്റ്റഡി സെന്റർ മേധാവി ലേഖ ശ്രീനിവാസ്, ബിഎസ്‌സി അപ്പാരൽ ആൻ‍ഡ് ഫാഷൻ ഡിസൈനിങ് കോ–ഓർഡിനേറ്റർ ‍ആർ. ലതാ നായർ, തിരുവനന്തപുരം സർവോദയ സംഘം പ്രസിഡന്റ് കെ.ജി. ബാബുരാജ്, ജോ. സെക്രട്ടറി അനുഷ മാർട്ടിൻ, എൻ.ടി. ഷാജി, ശിവ്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൽപതരുവിലെ ഫാഷൻ വസ്ത്രങ്ങൾ ഇനി മുതൽ സെന്റ് തെരേസാസിലെ ഫാഷൻ ഡിസൈനിങ് വിദ്യാർഥികളാകും രൂപകൽപന ചെയ്യുക. ഇതിനുള്ള ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.