Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സ്ആപ് യുഗവും, ഓൾഡ്‌ ജനറേഷനും

Representative Image Representative Image

വിദേശത്തുള്ള മകൻ നാട്ടിലുള്ള മാതാപിതാക്കൾക്ക് ഒരു ഐപാഡ് വാങ്ങിക്കൊടുത്തു. അയൽക്കാരനായ പയ്യനെക്കൊണ്ട് വാട്സ്ആപും, ഫെയ്സ്ബുക്കും, സ്കൈപ്പും, മെസെഞ്ചറും ഒക്കെ ഏർപ്പാടാക്കി ഇതിന്റെ സാദ്ധ്യതകൾ പഠിപ്പിച്ചു കൊടുത്തപ്പോൾ പുന്നെല്ലു കണ്ട എലിയെപ്പോലെയായി ഓൾഡീസിന്റെ മുഖം. കാലത്തിനൊത്തു കുതിക്കാത്ത പഴയ സിആർടി കമ്പ്യൂട്ടർ ഇപ്പോൾ മൂടിപ്പുതച്ചു സുഖമായി ഉറങ്ങുന്നു. പരാധീനതകളുടെ ഭാണ്ഠക്കെട്ട് അഴിക്കുമ്പോൾ ഫോൺ വഴി ചോർന്നു പോകുന്ന കാശും ലാഭം. പക്ഷെ കുരങ്ങന്റെ കയ്യിൽ പൂമാല പോലെയാണ് പല മാതാപിതാക്കളുടെ കയ്യിലെ സ്മാർട്ട്ഫോണുകളും.

മിക്ക വീടുകളിലും മധ്യവയസു പിന്നിട്ട മാതാപിതാക്കളുടെ ഫോണിലെ വാട്സാപ് പൈങ്കിളി രാത്രി 12 മണിക്കും ഉറക്കമില്ലാതെ ചിലച്ചു കൊണ്ടിരിക്കുകയാണ്. കണ്ണുരുട്ടിയാൽ 'നിങ്ങള് പിള്ളേര് മാത്രം അടിച്ചു പൊളിച്ചാ മതിയോ? ഇനിയുള്ള കാലമെങ്കിലും ഞങ്ങളൊന്നു എൻജോയ് ചെയ്യട്ടെടാ' എന്ന പതിവ് പല്ലവിയായിരിക്കും. മധ്യവയസ്കൻ ഹൃതിക് റോഷന്റെ പ്രൊഫൈൽ പടമിട്ട് ചാറ്റ് എഞ്ചിനിൽ കയറി ചാറ്റി. പ്രേമ സല്ലാപങ്ങൾക്കൊടുവിൽ വിഡിയോ ഓപ്ഷൻ ഓണാക്കിയപ്പോൾ അപ്പുറത്തിരിക്കുന്നു ഐശ്വര്യ റായിയുടെ പ്രൊഫൈലിൽ ഒളിച്ചിരിക്കുന്ന തന്റെ ഭാര്യ!

കൗമാരക്കാർ ബിയറിൽ ഹരിശ്രീ കുറിച്ചു പതിയെ സർവജ്ഞപീഠം കയറുന്ന പോലെ മധ്യവയസ്കരായ മാതാപിതാക്കൾ നിരുപദ്രവകരമായ ചാറ്റിൽ തുടങ്ങി വഴി പിഴച്ചു പോകാൻ എത്രയെത്ര വഴികൾ.. മമ്മൂക്കയെപ്പൊലെ ന്യൂജനറേഷനേക്കാൾ ഒരുമുഴം മുൻപേ ഓടുന്ന 'ടെക്കി'കളും ഉണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. പക്ഷേ അവർ ന്യൂനപക്ഷമാണ്.

വളരുന്തോറും പിളരും, പിളരുന്തോറും വളരും... പറഞ്ഞു വരുന്നത് കേരള കോൺഗ്രസിനെ കുറിച്ചല്ല. വാട്സ്ആപ്, ഫെയിസ്ബുക്ക് ഗ്രൂപ്പുകളെ കുറിച്ചാണ്. ഫെയ്സ്ബുക്ക് വന്നപ്പോൾ ബ്ലോഗ്‌ ഔട്ട്‌ഡേറ്റഡ് ആയതു പോലെ ഫെയ്സ്ബുക് ഗ്രൂപ്പുകൾ ഇപ്പോൾ വാട്സാപ്പിലെക്ക് കുടിയേറുകയാണ്‌. ചില ഫെയ്സ്ബുക്ക് ഗ്രൂപ്പുകൾ മാത്രം ഇപ്പോഴും സജീവമാണ്. ചായക്കടയിൽ ഇരുന്നു പത്രം വായിക്കുന്നവർക്കും കടത്തിണ്ണയിൽ ഈച്ചയെ ആട്ടുന്നവർക്കുംവരെ വാട്സ്ആപ് ഗ്രൂപ്പ് ഉള്ള കാലമാണ്.രാഷ്ട്രീയക്കാരെ വെല്ലുന്ന ഗ്രൂപ്പിസവും കുതികാൽ വെട്ടലും ഒക്കെ ഇവിടെ അനർഗളനിർഗളം തുടരുന്നു. അഡ്മിന്റെ ഏകാധിപത്യപരമായ നടപടികളിൽ പ്രതിഷേധിച്ചു എക്സിറ്റ് അടിക്കുന്നവരും അച്ചടക്ക ലംഘനത്തിന് അഡ്മിൻ പുറത്താക്കുന്നവരും ബദൽ ഗ്രൂപ്പുകളുണ്ടാക്കി പാരവെപ്പ് തുടരുന്നു. സംഘടിച്ചു ശക്തരാകുക എന്നത് പണ്ടേ മലയാളികളുടെ വീക്ക്‌നസ് ആയി പോയല്ലോ! ഗ്രൂപ്പുകളുടെ ആധിക്യം കാരണം ചിലച്ചു ചിലച്ചു വാട്സ്ആപ് പൈങ്കിളിയുടെ ഒച്ചയടഞ്ഞിരിക്കുകയാണ്.

സർക്കാർ സ്കൂളുകളിലും ഇപ്പൊൾ അധ്യാപകർ നേരിൽ സംസാരിക്കുന്നതിനെക്കാൾ വാട്സ്ആപ് വഴിയുള്ള ചാറ്റിങ് ആണത്രേ. കോമൺ ഗ്രൂപ്പിന് പുറമേ അവിടെയും ഗ്രൂപ്പിസം തകൃതിയാണ്. ഒരേ സബ്ജക്റ്റ് പഠിപ്പിക്കുന്നവരെല്ലാം ചേർന്നു പല പല ഗ്രൂപ്പ്. ഗ്രൂപ്പുകളിലെ രഹസ്യങ്ങൾ ചോർത്താൻ ചാരന്മാരും ഉണ്ട്. ആണവരഹസ്യങ്ങളെയും രാജ്യ സുരക്ഷയെപ്പോലും കവച്ചു വയ്ക്കുന്ന പ്രമാദമായ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യാറുണ്ടത്രേ! മറ്റിടങ്ങളിലും ഇതൊക്കെ തന്നെയായിരിക്കും അവസ്ഥ.

വാട്സാപ് വന്നതോടെ ബസ് സ്റ്റോപ്പിലും മറ്റും കോളേജ് കുമാരികളെ വായിനോക്കിയിരുന്ന പഴയ പൂവാലന്മാർക്ക് വംശനാശം വന്നു തുടങ്ങിയത്രേ! പൊതു സ്ഥലങ്ങളിലും ട്രയിനിലുമൊക്കെ സഞ്ചരിക്കുന്നവരുടെയെല്ലാം തലകുനിഞ്ഞു ഫോണിൽ പറ്റിപ്പിടിച്ചിരിക്കുകയാണ്. തലയുയർത്തി നേരെ ഒന്ന് നോക്കിയാലല്ലേ വായിനോക്കാൻ ഒക്കൂ! പണ്ട് കുളക്കരയിലും ഉമ്മറത്തെ ചായ്പിലും ഒക്കെ ഇരുന്നു പരദൂഷണപ്പഞ്ചായത്ത്‌ നടത്തിയിരുന്ന അടുക്കളപ്പാർട്ടീസിനെ ഇപ്പോൾ കാണാനില്ല, എല്ലാരും ഇപ്പോൾ വാട്സ്ആപ്പിലാണത്രേ സംസാരം. കാലം പോയ ഒരു പോക്കേ!...

വാല്ക്കഷണം: നിങ്ങളുടെ കൗമാര കാലത്ത് നിങ്ങൾ വഷളാകാതിരിക്കാൻ മാതാപിതാക്കൾ കാവൽ നിന്നു. ഇന്ന് അവർ വഷളാകാതിരിക്കാൻ നിങ്ങൾ കണ്ണും കാതും കൂർപ്പിക്കേണ്ട കാലമാണ്. പണ്ട് അവർ നിങ്ങൾക്കിട്ട് പ്രയോഗിച്ച ചൂരൽ ചായ്പ്പിൽ കിടപ്പുണ്ടെങ്കിൽ ഒന്ന് തുടച്ചു വെച്ചോ. ഒന്നേ ഉള്ളെങ്കിലും ഉലക്കയ്ക്കടിച്ചു വളർത്തണമെന്നല്ലേ!

ഓൾഡ്‌ ജനറേഷനോട്- പിള്ളേർ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയിക്കും, പിന്നെ മധുരിക്കും എന്നാണല്ലോ പ്രമാണം! സൂക്ഷിച്ചാൽ ദുഖിക്കേണ്ട..

Your Rating: