ഒരു ദിവസത്തെ റേഷന്‍ അരി അഭ്യർഥിച്ചുള്ള വിവാഹക്ഷണക്കത്ത് വൈറലാകുന്നു

സമൂഹമാധ്യമത്തിൽ വൈറലായ വിവാഹ ക്ഷണക്കത്ത്

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിവാഹക്ഷണപത്രമാണിത്. 1946 മേയില്‍ കൊയിലാണ്ടിയിലെ പെരുവട്ടൂരില്‍ നടക്കേണ്ട ഒരു വിവാഹത്തിന്റെ ക്ഷണക്കത്ത് വൈറലാവാന്‍ പ്രധാന കാരണം അതിലെ വ്യത്യസ്തമായ കുറിപ്പാണ്.

‘നിങ്ങളുടെ ഒരു ദിവസത്തെ റേഷന്‍ അരി എത്തിച്ചു തരുവാന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചു കൊള്ളുന്നു’ എന്നാണു ക്ഷണക്കത്തിന്റെ അവസാനം നല്‍കിയിരിക്കുന്ന കുറിപ്പ്. ഓരോ കുടുംബത്തിനും അത്യാവശ്യമായ അരി റേഷന്‍ കടകളിലൂടെ മാത്രം ലഭ്യമായിക്കൊണ്ടിരുന്ന അക്കാലത്ത് വിവാഹംപോലുളള ചടങ്ങുകള്‍ക്ക് ഇത്തരത്തില്‍ അരി ആവശ്യപ്പെടുന്നത് സാധാരണമായിരുന്നു.

വിവാഹ ചടങ്ങുകള്‍ക്കുവേണ്ട അരി ചടങ്ങിനു മുമ്പ് വിവാഹവീടുകളില്‍ എത്തിച്ചു നല്‍കുകയായിരുന്നു പതിവ്. അല്ലാത്തപക്ഷം കരിഞ്ചന്തയില്‍ നിന്നു മാത്രമേ അരി ലഭ്യമായിരുന്നുള്ളൂ. വലിയ വിലകൊടുത്ത് ഇത്തരക്കാരില്‍ നിന്നും അരിവാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരായിരുന്നു പല കുടുംബങ്ങളും.

കത്തു തയ്യാറാക്കിയവര്‍ക്കു ചെറിയ ഒരു തെറ്റും സംഭവിച്ചിട്ടുണ്ട്. ക്ഷണപത്രം എന്നതിനു പകരം ക്ഷണനപത്രം എന്നടിച്ചാണ് കുറിപ്പ് ഇറക്കിയിരിക്കുന്നത്. ക്ഷണനം എന്നാല്‍ നിഗ്രഹം, കൊല എന്നാണ് അര്‍ത്ഥം. എന്നാല്‍ പണ്ടുകാലത്ത് ആളുകള്‍ ക്ഷണം എന്നുള്ളതിന് ക്ഷണനം എന്നു പൊതുവെ തെറ്റിച്ച് പറയാറുണ്ടായിരുന്നു. ഇന്ന് ഉപഹാരങ്ങള്‍ സ്വീകരിക്കില്ല എന്നൊക്കെയാണ് പൊതുവെ ആളുകള്‍ കുറിപ്പ് നല്‍കാറുള്ളത്. എന്തായാലും പുതിയ കാലത്ത് മഷി ഇട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല ഇത്തരം വ്യത്യസ്തമായ ഒരുക്ഷണക്കത്ത്.