ഹിന്ദിയിലും ബംഗാളിയിലും ഓണാശംസ ഹേ!

മലയാളവും കടന്ന് ഒാണം കുതിക്കുന്നതാണോ അതോ കടലുംകടന്ന് ഇതരമലയാളികൾ ഒാണത്തെ തേടിവരുന്നതാണോ? സംശയം തോന്നാതിരുന്നെങ്കിലേ അത്ഭുതമുള്ളു. കാരണം ഇന്ന് ഒാണം നമ്മൾ മലയാളിയുടേതു മാത്രമല്ല. കടലിനപ്പുറവും ഇപ്പുറവും ഉള്ള മലയാളികളും അല്ലാത്തവരുമെല്ലാം ഒാണം ആഘോഷിക്കുന്നുണ്ട്. ഗൾഫ് ഉൾപ്പെടെയുള്ള അന്യരാജ്യങ്ങളിൽ അസോസിയേഷൻ ഒാണാഘോഷങ്ങൾ തകർക്കാറുണ്ടെങ്കിലും ഇന്ത്യയ്ക്കകത്ത് ഒാണാഘോഷം കൂടുതൽ കേരളത്തിൽ മാത്രമായി ഒതുങ്ങാറാണ് പതിവ്.

ഭായ്, ഓണം കാ ശുഭ്കാമനായേം ഹേ!

അടുത്തിടെയായി ഒാണത്തിന്റെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. ഉത്തരേന്ത്യക്കാർ ജോലിയ്ക്കായി കേരളത്തിൽ വന്നുചേർന്ന് ഇവിടെ തന്നെ സ്ഥിരതാമസം തുടങ്ങിയതാവാം ഒാണത്തെ ഇന്ത്യയുടെ മറ്റു പല തലങ്ങളിലേക്കും എത്തിച്ചത്. ഇന്നത്തെ മനോരമ പത്രത്തിൽ വന്ന ഒരു ഒാണാശംസ തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. മറ്റൊന്നുമല്ല ഹിന്ദിയിലും ബംഗാളിയിലുമാണ് ആശംസാ വാചകങ്ങൾ വന്നിരിക്കുന്നത്. തങ്ങളുടെ സ്ഥാപനത്തിലെ ഉത്തരേന്ത്യക്കാരായ ജോലിക്കാർക്ക് ആശംസ അറിയിച്ചു കൊണ്ടുള്ളതാണ് ഹിന്ദിയിലെ ആശംസാ വാചകം. കോട്ടയത്തെ നോഹാർക് ബിൽഡേഴ്സ് ആണ് സ്ഥാപനത്തിലെ ഉത്തരേന്ത്യൻ ജീവനക്കാർക്ക് സ്നേഹം നിറഞ്ഞ ഒാണാശംസ അറിയിച്ചിരിക്കുന്നത്.

വന്നുവന്ന് പത്രത്തിലും ഹിന്ദിയായി എന്നു പറയാൻ വരട്ടെ. ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ പെരുകുമ്പോലെ തന്നെയാണ് ഇവിടെ ബംഗാളികൾ എന്നു മാത്രം നാം പരക്കെ പറയുന്ന ഉത്തരേന്ത്യക്കാരുടെ വരവും. തെങ്ങുകയറ്റം മുതൽ കെട്ടിടം പണികൾ വരെ ചെയ്യാൻ ഉത്തരേന്ത്യയിൽ നിന്നും ആളുകൾ വരണമെന്ന അവസ്ഥ വരുമ്പോൾ ഒരു സംശയവുമില്ല പത്രത്താളുകളിൽ ആ സഹോദരങ്ങൾക്ക് ഒാണം ആശംസിക്കുന്നതിൽ. മലയാളികൾ മലയാളികൾക്കു വേണ്ടി മാത്രം ആശംസകൾ എഴുതുമ്പോള്‍ അവനവന്റ നാട്ടിലെ ആഘോഷത്തിൽ പങ്കുകൊള്ളാൻ ആശംസിച്ച് മലയാളിയേതര സമൂഹത്തിനും സ്നേഹാശംസ അറിയിക്കുന്നതിലുമില്ലേ സൗന്ദര്യം... ആരുകണ്ടു ഉത്തരേന്ത്യക്കാർക്കു വേണ്ടി മലയാളം പത്രങ്ങളിൽ ഇനി ഒരു പേജും നീങ്ങില്ലെന്ന്?