സെൽഫി എടുത്തോളൂ, പക്ഷെ ഇങ്ങനെ എടുക്കരുത്!

റെയിൽവേ ട്രാക്കിലിരുന്ന് ഫേ‌ാട്ടോയെടുക്കുന്ന യാത്രക്കാർ

സെൽഫി എടുക്കാൻ നല്ല ഒന്നാന്തരം സ്ഥലമാണ്, പക്ഷെ ശ്രദ്ധ ഒന്ന് തെറ്റിയാൽ നിങ്ങളുടെ ശരീരം ചിന്നഭിന്നമാകാൻ സെക്കന്റുകൾ മതി. ലോകം എമ്പാടുമുള്ള റെയിൽവേ സ്റ്റേഷനുകളാണ് സെൽഫി ഭ്രാന്തന്മാരുടെ പ്രാധാന വിഹാര കേന്ദ്രം, എന്നാൽ പലപ്പോഴും ഇവിടങ്ങളിൽ പുലർത്തുന്ന അശ്രദ്ധയ്ക്ക്  കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്‌. ലണ്ടനിലെ മാറ്റ് ലോക്ക് ബാത്ത് റെയിൽവേ സ്റ്റേഷനിലും സ്ഥിതി വിഭിന്നമല്ല. കഴിഞ്ഞ ഒരു ദിവസം ഇവിടെയുള്ള റെയിൽപാളത്തിൽ അപകടകരമായ രീതിയിൽ സെൽഫിയും ഗ്രൂപ്പ് ഫോട്ടോകളും എടുക്കാൻ ശ്രമിച്ച എട്ടോളം സംഘങ്ങളുടെ സെക്യൂരിറ്റി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണ് റെയിൽവേ പുറത്തു വിട്ടത്. റെയിൽവേ പാളത്തിൽ ആളുകൾ ജാഗരൂകരാകേണ്ടത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണ് ഈ ഞെട്ടിപ്പിക്കുന്ന സെൽഫി ശ്രമങ്ങൾ റെയിൽവേ പുറത്തു വിട്ടത്.  

റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കുന്നതിന്റെ ദൃശ്യം. പുറകിൽ ട്രെയിൻ വരുന്നതും കാണാം

ട്രെയിനുകൾ സ്ഥിരമായി ഓടുന്ന ഈ പാളത്തിൽ ചിത്രമെടുക്കരുത് എന്ന് കർശന നിർദ്ദേശം ഉണ്ടെങ്കിലും ആരുമത് പാലിക്കാറില്ല. ഇരുന്നും കിടന്നുമൊക്കെ കൂളായി സെൽഫി എടുക്കുന്നവരാണ് കൂടുതലും. അതിലൊരു കുടുംബമാകട്ടെ എട്ടു മിനിട്ട് സമയത്തോളം ചിത്രങ്ങൾ എടുക്കാനായി പാളത്തിൽ ചെലവഴിച്ചു, അതും വളരെ തിരക്കേറിയ ഒരു ദിവസം തന്നെ! ഗ്രാമീണ പശ്ചാത്തലമുള്ള ഈ റെയിൽവേ സ്റ്റേഷൻ നല്ല ചിത്രങ്ങൾക്ക് പശ്ചാത്തലം ആണെങ്കിലും റെയിൽവേ എന്നത് കളിസ്ഥലം അല്ലെന്നു മനസ്സിലാക്കണമെന്ന് അധികാരികൾ മുന്നറിയിപ്പ് നല്കുന്നു. ഏതു സമയത്തും ഇരുവശത്ത്‌ നിന്നും ട്രെയ്നുകൾ എത്താം, ഫോണ്‍ വിളിച്ചും,മെസ്സേജ് അയച്ചും, സെൽഫി എടുത്തും നില്ക്കുന്ന ഒരു നിമിഷം സമയം മതി നിങ്ങളുടെ ജീവൻ നഷ്ടപ്പെടാൻ.

റെയിൽവേ ട്രാക്കിൽ ഫോട്ടോയെടുക്കുന്നതിന്റെ ദൃശ്യം. പുറകിൽ ട്രെയിൻ വരുന്നതും കാണാം

ഇന്നലെ റെയിൽവേ പുറത്തു വിട്ട ചിത്രങ്ങൾ തീർച്ചയായും തങ്ങളെ വളരെയധികം ആശങ്കപ്പെടുത്തുന്നു എന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. വരും ദിവസങ്ങളിൽ ആരെങ്കിലും സമാനമായ സാഹചര്യത്തിൽ അപകടത്തിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില സമയങ്ങളിൽ ട്രെയിൻ അടുത്തെത്തുന്നത് പാളത്തിൽ നിൽക്കുന്നവർ തിരിച്ചറിയണമെന്നില്ല, ഓടി മാറാം എന്ന് തോന്നുമെങ്കിലും പലപ്പോഴും രക്ഷപെടൽ അസാധ്യമാകും. ജനുവരിയിൽ ആഗ്രയിൽ പാഞ്ഞെത്തിയ ട്രെയിനിനു മുന്നില്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ സുഹൃത്തുക്കളായ മൂന്നു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു.