പ്രിൻസസ് ടവറിനു മുകളിൽ നിന്നൊരു തലകുത്തി മറിയൽ

തലകുത്തി മറിയലൊക്കെ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. പക്ഷേ ഉയരംകൂടിയ കെട്ടിടത്തിനു മുകളിൽ നിന്നു കരണം മറിയാൻ ധൈര്യം കാണിച്ചവർ കുറവാണ്. ദുബായിലെ പ്രിൻസസ് ടവറിനു മുകളില്‍ നിന്നുള്ള ഒരു യുവാവിന്റെ അവിശ്വസനീയമായ കരണം മറിയൽ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

101 നിലകളുള്ള ദുബായിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമായ പ്രിൻസസ് ടവറിനു മുകളിൽ തലകുത്തി മറിയുന്നത് റഷ്യൻ സ്വദേശിയായ ഒലേഗ് ക്രിക്കറ്റ് എന്ന യുവാവാണ്. ടവറിനു മുകളിലുള്ള ചെറിയ പാനലിൽ നിന്നാണ് ഒലേഗിന്റെ തലകുത്തി മറിയൽ പ്രകടനം. ഒന്നു തെന്നിവീണാൽ 1358 അ‌ടി താഴ്ച്ചയിലേക്കാണ് വീഴുക. പൊടിപോലും കിട്ടില്ലെന്നു ചുരുക്കം.

പ്രകടനം ഷൂട്ട് ചെയ്യുന്നതിനിടയിൽ തനിക്ക് ഭയം ലവലേശം ഉണ്ടായിരുന്നില്ലെന്ന് ഒലേഗ് പറഞ്ഞു. പേടിക്കാനോ മറ്റു വികാരങ്ങൾക്കോ ഉള്ള സമയം ഇല്ലായിരുന്നു. കാണുന്ന എല്ലാവരും നെഗറ്റീവ് ആയി പ്രതികരിച്ചേക്കാം. പക്ഷേ അവർക്കു ഞാൻ വിചാരിക്കുന്നവശം മനസിലാകില്ലെന്നും ഒലേഗ് പറഞ്ഞു. സിനിമകളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് പത്തു വർഷങ്ങൾക്കു മുമ്പാണ് ഒലേഗ് സാഹസിക പ്രകടനങ്ങൾ ആരംഭിക്കുന്നത്.