ആ മാലാഖ എങ്ങനെ നിലംപതിച്ചു?

ആകാശത്ത് പാറിനടന്ന ആ മാലാഖ എങ്ങനെ നിലംപതിച്ചു? എന്തിലെങ്കിലും തട്ടിവീണതാണോ? സോഷ്യൽ മീഡിയയിൽ കത്തിപടരുകയാണ് മാലാഖയുടെയും ചിത്രവും വിഡിയോയും കമന്റുകളും. സിനിമയിൽ മാത്രം കണ്ടിട്ടുള്ള മാലാഖയെ നേരിൽ കാണാൻ കഴിഞ്ഞവർ ഭാഗ്യാന്മാരാണെന്നു വരെ കമന്റുകൾ എഴുതിയവരുണ്ട്. എന്നാൽ യഥാർത്ഥ മാലാഖയെ തോൽപ്പിക്കുന്ന ഒരുഗ്രൻ ശിൽപകലയായിരുന്നു പറന്നുവീണ ആ മാലാഖ. സിലിക്ക ജെൽ, സ്റ്റീൽ, നെയ്ത്തുവല എന്നിവ ഉപയോഗിച്ച് നിർമിച്ച ആ മാലാഖയ്ക്ക് ഇരുവശത്തും ചിറകുകളുമുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ മനുഷ്യനെപ്പോലെത്തന്നെ തോന്നിക്കുന്ന പ്രായം കൂടിയ ഒരു അമ്മൂമ്മയുടെ മുഖമായിരുന്നു ആ ശിൽപ മാലാഖയ്ക്ക്. ഒരുവേള ഉറങ്ങിക്കിടക്കുകയോ അതോ മരിച്ചു കിടക്കുകയാണോ എന്നു സംശയം തോന്നിക്കുന്ന ഒരു രൂപം.

അമാനുഷിക ശക്തിയും പ്രാപഞ്ചിക ശക്തിയ്ക്കുമിടയിലുള്ള സംഘർഷവും പരിവർത്തനവും ഉൗന്നുകയായിരുന്നു ഇത്തരമൊരു ശിൽപനിർമാണത്തിനു പിന്നിലെന്ന് ചൈനീസ് കലാകാരന്മാരായ സൺ യ്വാൻ, പെങ് യു എന്നിവർ പറഞ്ഞു. ദൈവഹിതം പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോൾ അതിവിശിഷ്ടമായ മാലാഖയുടെ കഴിവുകൾ നഷ്ടപ്പെടുന്നതാണ് ഇൗ ശിൽപകലയിലൂടെ ഉദ്ദേശിച്ചതെന്ന് ഇരുവരും വ്യക്തമാക്കി. നേരത്തെയും ഇത്തരത്തിൽ വ്യത്യസ്തമാർന്ന ശിൽപ നിർമാണങ്ങളിലൂടെ പ്രശസ്തിയാർജിച്ചവരാണ് ഇരുവരും.