കോഹ്‌ലിയു‌‌ട‌െ കരുത്ത്, 600 രൂപ വിലയുള്ള വെള്ളം?

വിരാട് കോഹ്‌ലി,ഹർഭജൻ സിങ്, ക്രിസ് ഗെയ്ൽ

മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ വരുന്ന ക്രിക്കറ്റ് ബോൾ ഇരട്ടി വേഗത്തിൽ മഹേന്ദ്രസിങ് ധോണി പണ്ടു സിക്സർ പറത്തിയപ്പോൾ എല്ലാവരും ചോദിച്ചു, ഇവനൊക്കെ എന്താ കഴിക്കുന്നത്? ദിവസവും ആറു ലീറ്റർ പാൽ എന്നായിരുന്നു കണ്ടെത്തൽ. (അതൊരു കെട്ടുകഥയായിരുന്നെന്നു പിന്നീടു തെളിഞ്ഞു!) ട്വന്റി20 ലോകകപ്പായതോടെ വിരാട് കോഹ്‌ലിയെക്കുറിച്ചും ക്രിസ് ഗെയ്‌ലിനെക്കുറിച്ചുമെല്ലാം ഈ സംശയം തോന്നിയിട്ടുണ്ടാകാം. അറിയപ്പെടുന്ന ചിലരുടെ അറിയപ്പെടാത്ത മെനു ഇതാ...

വിരാട് കോഹ്‌ലി‌

വിരാട് കോഹ്‍ലി

ലീറ്ററിന് 600 രൂപ വിലയുള്ള മിനറൽ വാട്ടർ കുടിക്കുന്നയാളാണ് വിരാട് കോഹ്‌ലി. ഫ്രഞ്ച് കമ്പനിയായ എവിയന്റെ മിനറൽ വാട്ടറാണ് ഇത്. ആൽപ്സ് പർവതനിരകളിലെ അരുവികളിൽ നിന്നെടുത്ത ശുദ്ധജലം. വിദേശരാജ്യങ്ങളിൽ പര്യടനത്തിലായിരിക്കുമ്പോൾ ആട്ടിൻകുട്ടിയുടെ മാംസവിഭവങ്ങൾ, പിങ്ക് സാൽമൺ മൽസ്യം കൊണ്ടുള്ള രുചികരമായ ഭക്ഷണം എന്നിവ കോഹ്‌ലിയുടെ മെനുവിലുണ്ടാകും. അമ്മയുടെ കണ്ണുവെട്ടിച്ച് കുട്ടി കട്ടുതിന്നുന്നതു പോലെ ഇടയ്ക്ക് നല്ല ഒന്നാന്തരം ചോക്‌ലേറ്റുകളും കോഹ്‌ലി അകത്താക്കും!

ഫാഫ് ഡുപ്ലെസി

ഫാഫ് ഡുപ്ലെസി

തേനും പാലുമൊക്കെ ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ ഭക്ഷണത്തിൽ ഉൾപ്പെടും. നാരുകൾ ലഭിക്കാൻ ഓട്സ് പാലിലും തേനിലും കലർത്തി ഡുപ്ലെസി നിത്യവും കഴിക്കും. ഉരുണ്ടു കൊഴുത്ത കൈ മസിലുകളുടെ രഹസ്യം നല്ല പ്രോട്ടീൻ ലഭിക്കുന്ന ചിക്കനും മൽസ്യവിഭവങ്ങളും. പിസ്സയും ചോക്‌ലേറ്റും അത്ര നല്ലതല്ലെങ്കിലും ഡുപ്ലെസി കഴിക്കാതെ വിടാറില്ല. കഴിക്കാൻ മാത്രമല്ല രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കാനും അറിയാം ഡുപ്ലെസിയ്ക്ക്.

ക്രിസ് ഗെയ്ൽ

ക്രിസ് ഗെയ്ൽ

ക്രിസ് ഗെയ്ൽ പ്രാതൽ കഴിക്കുന്നത് ക്രീസിൽ വിളയാടുന്നതു പോലെ തന്നെ. പഴങ്ങളും പച്ചക്കറികളും മാംസവുമെല്ലാം അതിലുണ്ടാകും. ആവശ്യത്തിന് കാർബോഹൈഡ്രേറ്റ് ലഭിക്കാൻ ദിവസം രണ്ടുനേരം പാസ്ത കഴിക്കും. ഗെയ്‌ലിന്റെ ഇൻസ്റ്റഗ്രാം പേജിലൊന്നു കയറി നോക്കൂ. ഒരു മാസ്റ്റർ ഷെഫിന്റെ അടുക്കള പോലെ തോന്നും. കരീബിയൻ ദ്വീപുകളിലെ തനത് വിഭവങ്ങളാണ് ഗെയ്‌ലിന്റെ വീക്ക്നെസ്.

സ്റ്റുവർട്ട് ബ്രോഡ്

സ്റ്റുവർട്ട് ബ്രോഡ്

യുവരാജ് സിങ്ങിന്റെ ബാറ്റിൽ നിന്ന് ഒരോവറിൽ ആറു സിക്സ് കിട്ടിയ കാലത്ത് സ്റ്റുവർട്ട് ബ്രോഡിന്റെ മുഖം കാണുമ്പോൾ നമുക്കു തന്നെ കരച്ചിൽ വരുമായിരുന്നു. ബ്രോഡ് പിന്നെ ആകെ മാറി. ലോക ക്രിക്കറ്റിലെ മുൻനിര ബോളറായി. നല്ല അടിപൊളി വിഭവങ്ങൾ താമസസ്ഥലത്തേക്ക് ഓർഡർ ചെയ്തു കഴിക്കാൻ ബ്രോഡ് വിരുതനാണ്. ബ്രോഡിന്റെ ലഞ്ച് മെനുവിലെ ഐറ്റങ്ങൾ ഇങ്ങനെ: മാങ്ങ, പാഷൻ ഫ്രൂട്ട്, കറുവാപ്പട്ട ചേർത്ത നട്ട്സ്, ബീഫ് വിഭവങ്ങൾ, സൂപ്പ്...

ഹോട്ടൽ സിക്സർ

ഹോട്ടൽ നടത്താനും ക്രിക്കറ്റ് താരങ്ങൾ മിടുക്കരാണ്. ശ്രീലങ്കയിൽ മുൻ താരങ്ങളായ ജയവർധനെയും സംഗക്കാരയും ചേർന്നു നടത്തുന്ന ഹോട്ടൽ ശൃംഖലയുടെ പേര് ‘മിനിസ്ട്രി ഓഫ് ക്രാബ്’. ഡൽഹിയിൽ സേവാഗിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിലെ ഒരു വിഭവത്തിന്റെ പേര് ‘മുൾട്ടാൻ കി സുൽത്താൻ കി ടിക്ഡി’... അതു കഴിക്കുന്നവർക്കെല്ലാം പണ്ട് പാക്കിസ്ഥാൻ പര്യടനത്തിലെ മുൾട്ടാൻ ടെസ്റ്റിൽ‌ സേവാഗ് നേടിയ ട്രിപ്പിൾ സെഞ്ചുറിയുടെ ഓർമ ഫ്രീ..!