സംഗതി സിംപിളാണ്, പക്ഷെ സ്റ്റൈലാണ്

നീണ്ട് ഇടതൂർന്ന് മുട്ടറ്റം വരെ എത്തുന്ന മുടി– ഒരു കാലത്ത് മലയാളിയുടെ സൗന്ദര്യ സങ്കൽപം തുടങ്ങിയത് തന്നെ ഇവിടെനിന്നാണ്. കവികൾ പാടിയതും സാഹിത്യകാരന്മാർ എഴുതിയതും നീണ്ട മുടിയെക്കുറിച്ചായിരുന്നു. കാലം മാറി, സങ്കൽപവും. ഇന്ന് യൂത്തിന് പ്രിയം തോളിന് മുകളിൽ വരെയുള്ള ഷോർട്ട് ഹെയർസിനോടാണ്.
70ന് മുകളിൽ പ്രായമുള്ള ആന്റിമാരുടെ സ്റ്റൈൽ ആയാണ് ഷോർട്ട് ഹെയർസിനെ കണ്ടിരുന്നത്. എന്നാൽ 20നും 30നും ഇടയിൽ പ്രായമുള്ളവരാണ് ഇപ്പോൾ ഇതിന്റെ ആരാധകർ. അവർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളും പലതാണ്.

ഒരുങ്ങാം, നിമിഷങ്ങൾകൊണ്ട്
നീണ്ട മുടിക്കാർക്ക് കെട്ടി വയ്ക്കാനും സ്റ്റൈൽ ചെയ്യാനും മണിക്കൂറുകൾ വേണ്ടിവരും. ചെറിയ മുടിയാണെങ്കിൽ മിനിറ്റുകൾ കൊണ്ട് ഒരുങ്ങാം. ജോലി ചെയ്യുന്നവർക്കും കോളജ് കുട്ടികൾക്കും ഇടയ്ക്ക് മുടി ഒന്ന് ഒതുക്കണമെന്ന് തോന്നിയാലും പ്രശ്നമില്ല.

സിംപിളാണ്, പക്ഷെ സ്റ്റൈലാണ്
ഷോർട്ട് ഹെയറിന്റെ ഏറ്റവും വലിയ പ്രയോജനം മുടിസംരക്ഷണം എളുപ്പമാവുന്നു എന്നതാണ്. സ്റ്റൈൽ ചെയ്ത മുടിയെ അതുപോലെ സംരക്ഷിക്കുകയെന്നത് മിക്ക പെൺകുട്ടികളെയും അലട്ടുന്ന പ്രശ്നമാണ്. സലൂണിലോ പാർലറിലോ ലഭിക്കുന്ന പൂർണത പലപ്പോഴും വീട്ടിൽനിന്ന് ചെയ്താൽ ലഭിക്കില്ല. ഇതിനൊക്കെ പരിഹാരമാണ് ഷോർട്ട് ഹെയർ. കൂടാതെ ഉള്ളിലോട്ടും പിറകോട്ടും മടക്കി വച്ച് ട്രെന്റി ആവാനും സാധിക്കും.

എലിവാലിന് പരിഹാരം
എലിവാൽ പോലെ തൂങ്ങി നിൽക്കുന്ന ഘനമില്ലാത്ത മുടിയുള്ളവർക്ക് ആശ്വാസമാണ് ഷോർട്ട് ഹെയർ. ചെറിയ മുടി പൊങ്ങി നിൽക്കുമെന്നതിനാൽ എത്ര നേർത്ത മുടിയും തിങ്ങി നിൽക്കുന്നതായേ തോന്നുകയുള്ളൂ.

പ്രായം മനസ്സിലല്ലേ
ഷോർട്ട് ഹെയർ ഗേൾസ് ഒത്തൊരുമയോടെ പറയുന്ന കാര്യമുണ്ട്. മുടി ചെറുതാവുന്നതോടൊപ്പം പ്രായവും ചെറുതാവുന്നുണ്ട്. ഷോർട്ട് ഹെയർ ഇപ്പോൾ യുവത്വത്തിന്റെയും പ്രസരിപ്പിന്റെയും അടയാളമായിരിക്കുകയാണ്.