50 ബിക്കിനി സുന്ദരികൾ, 50 ജീപ്പുകൾ, ഒരു ആർഭാട ശവസംസ്കാര ഘോഷയാത്ര !

നല്ല കളര്‍ഫുള്‍ ജീപ്പിനു മുകളിൽ ബിക്കിനിയിട്ട പെൺകുട്ടികൾ ഡാൻസ് ചെയ്തു നീങ്ങിയപ്പോൾ നാട്ടുകാർ റോഡിലിറങ്ങി ചോദിച്ചു. എന്താ വിശേഷം? വല്ല സാംസ്കാരിക ഘോഷയാത്രയുമാണോ. ഒപ്പം നൃത്തം ചെയ്തു നീങ്ങിയവർ പറ‍ഞ്ഞു. ഹേയ്. അതൊന്നുമില്ല. ഒരു ശവസംസ്കാര ഘോഷയാത്രയാണ്.

തയ്‌വാനിലാണു സംഭവം. 76 വയസുകാരനായ രാഷ്ട്രീയക്കാരൻ തങ് സിയാങ് മരണമടഞ്ഞപ്പോൾ ശവസംസ്കാര ഘോഷയാത്ര ആഘോഷമായിത്തന്നെ നടത്താൻ മക്കൾ തീരുമാനിച്ചു. പിന്നെ വൈകിയില്ല. കടും നിറങ്ങളിലുള്ള 50 ജീപ്പുകൾ വാടകയ്ക്കെടുത്തു. അതിനു മേൽ 50 ബിക്കിനി സുന്ദരികളെയും അണിനിരത്തി. ഇതു കൂടാതെ ഡ്രമ്മർ, ബാൻഡ് ഗ്രൂപ്പുകളും. അതോടെ ആളായി, വാർത്തയായി. ഘോഷയാത്ര കിലോമീറ്ററുകൾ നീണ്ടു. അങ്ങനെ രണ്ടു മണിക്കൂർ നീണ്ട ശവസംസ്കാര ഘോഷയാത്ര. ജീവിച്ചിരുന്നപ്പോഴത്തെ പോലെ തന്നെ ആഘോഷമായി മരണവും. പിതാവ് ആഗ്രഹിച്ചതുപോലെ തന്നെയൊരു വിടവാങ്ങൽ ചടങ്ങ് എന്നായിരുന്നു മക്കളുടെ പ്രതികരണം.

തയ്‍വാനിലും ചൈനയിലുമൊക്കെ ഘോഷയാത്രകളിൽ ആളുകളെ ആകർഷിക്കുന്നതിനായി ഇത്തരം നമ്പരുകൾ ഇറക്കുന്ന പരിപാടികളുണ്ട്. പക്ഷേ 2015നു ശേഷം ശവസംസ്കാര ഘോഷയാത്രയിൽ ബിക്കിനി പെൺകുട്ടികൾ അണിനിരക്കുന്നതു വിലക്കിയിരുന്നു. അതിനെയൊക്കെ മറികടന്നാണ് മക്കൾ പിതാവിന് ആഘോഷമായ യാത്രയയപ്പു നൽകിയത്.