ടിപ്പി; ഇവളാണ് യഥാർത്ഥ മൗഗ്ലി

ടിപ്പിയുടെ ഇപ്പോഴത്തെ ചിത്രവും കുഞ്ഞുനാളിൽ മൃഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും

ജങ്കിൾ ബുക് ആരാധകർക്ക് ഒരിക്കലും മൗഗ്ലിയെ മറക്കാനാവില്ല. പാറിപ്പറന്ന നീളൻ മുടിയുമായെത്തിയ മൗഗ്ലി എന്ന കുട്ടിക്കുറുമ്പൻ ഒരുകാലത്തെ കുട്ടിമനസുകളുടെ ആരാധനാ പാത്രമായിരുന്നു. മൃഗങ്ങൾക്കൊപ്പം കാട്ടിലും മേട്ടിലും മേയുന്ന മൗഗ്ലിയിലൂ‌ടെ തന്നെത്തന്നെ കാണാനും ചിലരെങ്കിലും ശ്രമിച്ചു കാണും. പക്ഷേ അതു കഥയും സങ്കൽപ്പവുമൊക്കെയല്ലേ എ​ന്നു പറയാൻ വരട്ടെ. ഇവിടെ യഥാർത്ഥ ജീവിതത്തിലും ഒരു മൗഗ്ലിക്കുട്ടിയുണ്ട്. പത്തുവർഷക്കാലം ആഫ്രിക്കൻ കാടുകളിൽ അലഞ്ഞുന‌ടന്ന പെൺകുട്ടിയു‌ടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ടിപ്പി ബെഞ്ചമിൻ ഒകാനി ഡെഗർ എന്ന പെൺകുട്ടിയാണ് ജങ്കിൾബുക്ക് ഹീറോ മൗഗ്ലിയെപ്പോലെ മൃഗങ്ങൾക്കൊപ്പം കൂട്ടുകൂടി കഴിഞ്ഞത്. ടിപ്പി: മൈ ബുക് ഒാഫ് ആഫ്രിക്ക എന്ന പേരില്‍ ഇറങ്ങിയ പുസ്തകത്തിലാണ് ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. ആനയെ തന്റെ സഹോദരനെന്നും പുള്ളിപ്പുലിയെ ബെസ്റ്റ് ഫ്രണ്ട് എന്നുമാണ് പെണ്‍കുട്ടി പരിചയപ്പെടുത്തുന്നത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരായ സിൽവീ റോബർട്ട് അലെയ്ൻ ഡെഗർ ദമ്പതികൾക്കു പിറന്ന ഇൗ കൊച്ചുമിടുക്കി കൂട്ടുകൂടാത്ത മൃഗങ്ങൾ കുറവാണ്. അച്ഛനും അമ്മയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ ആയതു തന്നെയാണ് ടിപ്പിയെ കുഞ്ഞു മൗഗ്ലിയാക്കിയതും.

ടിപ്പി മൃഗങ്ങൾക്കൊപ്പം

ആഫ്രിക്കയുടെ അങ്ങോളമിങ്ങോളം മൂവരും യാത്ര ആരംഭിച്ചത് ടിപ്പിയുടെ ജനനത്തോടെ നമീബിയയിൽ നിന്നാണ്. നിബിഡവനത്തിനുള്ളിൽ ടെന്റു കെട്ടിയായിരുന്നു പലപ്പോഴും താമസം. കാട്ടാനയ്ക്കും പുലിയ്ക്കും ഒട്ടകപ്പക്ഷിയ്ക്കും കുരങ്ങുകൾക്കും എന്തിനധികം പാമ്പിനൊപ്പം പോലുമുള്ള ചിത്രങ്ങൾ സൂചിപ്പിക്കുന്നത് മനുഷ്യനും മൃഗങ്ങളും തമ്മിൽ അതിർവരമ്പുകളുടെ ആവശ്യമില്ലെന്നാണ്. ടിപ്പി അവളുടെ കണ്ണുകൾ കൊണ്ടും ഹൃദയം കൊണ്ടുമാണ് മൃഗങ്ങളോട് ആശയവിനിമയം നടത്തുന്നത്. കാര്യം ടിപ്പിക്ക് ഭയം ലവലേശം ഇല്ലെങ്കിലും മകളുടെ മേൽ എപ്പോഴും അതീവ ശ്രദ്ധ നല്‍കാൻ സിൽവിയും അലെയ്നും ശ്രദ്ധിച്ചിരുന്നു.

പത്തുവർഷക്കാലം മൃഗങ്ങൾക്കൊപ്പം കൂടിയിട്ടും രണ്ടുതവണ മാത്രമേ അവയിൽ നിന്നും ടിപ്പിയ്ക്ക് ഉപദ്രവം ഏൽക്കേണ്ടി വന്നിട്ടുള്ളു. ഒരിക്കൽ ഒരു കീരി ടിപ്പിയുടെ മൂക്കിൽ കടിക്കുകയായിരുന്നു മറ്റൊരിക്കൽ ഒരു ആഫ്രിക്കന്‍ കുരങ്ങു വന്ന് അവളുടെ തലമുടിയിൽ പിടിച്ചുവലിച്ചു. ഏറ്റവും രസകരമായ കാര്യം ടിപ്പിയ്ക്ക് സിറ്റിജീവിതത്തോട് ഇഷ്ടമേയല്ല എന്നതാണ്. പത്തുവയസായപ്പോൾ മാതാപിതാക്കളുടെ ജന്മസ്ഥലമായ പാരീസിൽ എത്തിയെങ്കിലും നഗരജീവിതം അംഗീകരിക്കാൻ അവൾക്ക് ബുദ്ധിമുട്ടായിരുന്നു. കാട്ടിലെ മൃഗങ്ങളെ അവൾക്ക് അത്രമേൽ മിസ് ചെയ്യുന്നുണ്ടായിരുന്നു. ഫ്ലാറ്റിൽ മറ്റു മൃഗങ്ങളെ വളർത്താൻ സൗകര്യമില്ലാത്തതിനാൽ ഒരുചെറിയ കിളിയെ അവൾക്കു കൂട്ടിനു വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു.

ടിപ്പി മൃഗങ്ങൾക്കൊപ്പം

കാടിനെ സ്നേഹിച്ച അന്നത്തെ ആ പത്തുവയസുകാരി ഇപ്പോൾ എന്തു ചെയ്യുകയാണെന്നല്ലേ? മൗഗ്ലി ജീവിതത്തോട് താൽക്കാലിക വിട പറഞ്ഞ് ഇരുപത്തി മൂന്നുവയസുകാരിയായ ടിപ്പി ഇന്ന് സിനിമാ പഠനത്തിലാണ്.