തൊട്ടുകൂട്ടാൻ ഹായ്...

ഒരു മീൻകറിയില്ലാതെ എന്ത് ഊണ് എന്നു ചോദിക്കുന്നവരാണ് മലയാളികൾ. ഷാപ്പിലെ കറിയാണെങ്കിൽ പറയുകയേ വേണ്ട; വെള്ളമിറക്കി കണ്ണുംമിഴിച്ച് മുഖത്ത് പുഞ്ചിരി വിടരും.. കുട്ടനാടൻ ഷാപ്പുകളിലെ സ്ഥിരം വിഭവങ്ങൾ തേടിയുള്ള യാത്രയിൽ മുന്നിൽ നിരന്നത് ഒന്നിനൊന്നു മികച്ച താരങ്ങളാണ്. ചോറിനൊപ്പം പാവയ്‌ക്ക തോരൻ, കപ്പ, തൊട്ടുകൂട്ടാൻ ഉപ്പിലിട്ട നെല്ലിക്കയും അച്ചാറും, ഇത്തിരി സാമ്പാർ, പിന്നെ ചുവന്നു തുടുത്ത മീൻകറി. ആറ്റുവാളയുടെയും വറ്റയുടെയും തലകൾ അങ്ങനെ നിവർന്നുകിടപ്പുണ്ട്.. ഞണ്ട്, ചെമ്മീൻ, കൂന്തൽ, കല്ലുമ്മക്കായ്, ഏട്ട കൂരി, മൽസ്യ വിഭവങ്ങളുടെ ലിസ്‌റ്റ് നീളുന്നു.

എന്നാൽ കുട്ടനാടൻ ഷാപ്പുകറികളിൽ എന്നും വിളമ്പുന്ന ഒരു ഐറ്റം ഏതാണ് എന്ന അന്വേഷണം എത്തിക്കുന്നത് വരാൽ അച്ചാറിലാണ്. അന്നന്നു കിട്ടുന്ന മീനുപയോഗിച്ച് കറിയുണ്ടാക്കും എന്നതിനാൽ ഒരേ മീൻ തന്നെ എന്നും കറിയായി വിളമ്പാറില്ലല്ലോ. പക്ഷേ വരാൽ അച്ചാർ ഒരു ഉപദംശമായി എന്നും കുട്ടനാടൻ ഷാപ്പുകളിൽ കാണും.


നല്ല ഒന്നാംതരം ശുദ്ധജല മൽസ്യമാണ് വരാൽ. മലബാറുകാർ ഇത്തിരി സ്റ്റൈലിൽ ബ്രാൽ എന്നാണ് കക്ഷിയെ വിളിക്കുക. നമ്മൾ മലയാളികൾക്കു മാത്രമല്ല, തെലുങ്കൻമാർക്കും ബംഗാളികൾക്കും തായ്‌ലാൻഡുകാർക്കും ചൈനക്കാർക്കും വരെ വരാൽ ഇഷ്ടവിഭവമാണ്. പക്ഷേ നമ്മുടെ നാട്ടിലെ ഷാപ്പിൽ കറിയൊരുക്കുന്ന ചേട്ടൻമാരുടെ കൈയിലൂടെ കടന്നുപോവുമ്പോൾ വരാലിനു കിട്ടുന്ന സൗന്ദര്യം വേറെ ഏതെങ്കിലും നാട്ടിൽ കിട്ടുമോ? സംശയമാണ്. കുട്ടനാടൻ ഷാപ്പുകളിലെ പ്രത്യേകതയായ വരാൽ അച്ചാർ ഒരുങ്ങുന്നതിങ്ങനെയാണ്....

രുചിക്കുറിപ്പ്

ഒരു കിലോ വരാൽ നല്ല മഞ്ഞളും ഉപ്പുമിട്ട് ഒരു ദിവസം ഉണക്കിയെടുക്കുന്നു. അടുത്ത ദിവസം നല്ല വെളിച്ചെണ്ണയിൽ വറുത്തുകോരിയെടുക്കുന്നു. കാന്താരി, വെളുത്തുള്ളി, ഇഞ്ചി എന്നിവ എണ്ണയിൽ വഴറ്റുന്നു. കായം എണ്ണയിൽ മൂപ്പിച്ചു കോരിയെടുത്തു പൊടിച്ചു വയ്‌ക്കും. ഇതേ എണ്ണയിൽ കടുക് ഉലുവ കറിവേപ്പില, വറ്റൽമുളക് എന്നിവയും പൊട്ടിച്ചെടുക്കുന്നു. ആവശ്യത്തിന് ഉപ്പു ചേർത്തു 150 ഗ്രാം മുളകും 50 ഗ്രാം കുരുമുളകും രണ്ടു സ്‌പൂൺ പച്ചക്കടുകും ചേർക്കും. കൂടെ പൊടിച്ചുവച്ചകായവും. കാന്താരിയും ഉള്ളിയും ചുവക്കുമ്പോൾ അൽപം മുളകുപൊടി കൂടിയിടും.
കൂട്ടിൽനിന്നു നല്ല മണം ഉയർന്നുപോങ്ങുമ്പോൾ വറുത്തെടുത്തു ചെറിയ കഷങ്ങളാക്കിയ വരാൽ കഷണങ്ങൾ ഇടും. അത്യാവശ്യം പുളികിട്ടാനായി അൽപം വിനാഗിരിയും ചേർത്താൽ സംഗതി സ്വയമ്പൻ അച്ചാറായി ചെണ്ട മേളത്തിനിടയ്‌ക്കു കതിനാവെടിപോലെ ചോറിനിടയ്‌ക്ക് ഒന്നു തൊട്ടു നാവിൽ വച്ചാൽ അങ്ങുകത്തിക്കയറിപ്പോവും.

ഹെൽത് ടിപ്

മറ്റേതു മൽസ്യത്തേയും പോലെ വരാലിലും ഒമേഗ 3 ഫാറ്റി ആസിഡുണ്ട്. ഇത് കണ്ണിന്റേയും തലച്ചോറിന്റേയും പ്രവർത്തനങ്ങൾക്ക് മികച്ച പോഷകമാണ്. മാത്രവുമല്ല ക്യാൻസർ വരാനുള്ള സാധ്യത 30 ശതമാനം വരെ കുറയ്ക്കാൻ ഓമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും.. ആസ്തമ (വലിവ്) ഉള്ളവർ തിരഞ്ഞെടുത്ത മൽസ്യം കഴിക്കുന്നതു നല്ലതാണെന്നു ഡോക്ടർമാർ പറയാറുണ്ട്. ആസ്തമ രോഗികൾക്കുള്ള ഹൈദരാബാദിലെ പ്രശസ്തമായ മീൻവിഴുങ്ങി ചികിൽസയ്ക്ക് ഉപയോഗിക്കുന്നത് വരാലിന്റെ കുഞ്ഞുങ്ങളെയാണ്. ഇതിൽ ഒറു ശാസ്ത്രീയ അടിത്തറയുമില്ല എന്ന വാദത്തെ തുടർന്ന് മീൻവിഴുങ്ങി ചികിൽസ നടത്തരുതെന്ന് അധികൃതർ ഉത്തരവിറക്കിയിട്ടുമുണ്ട്.. ഈ വരാലിന്റെ ഒരു കാര്യം!

(രുചിക്കുറിപ്പിനു കടപ്പാട്: കൗമാരിയമ്മ, ആലപ്പുഴ പള്ളാതുരുത്ത് ചുങ്കം ഷാപ്പ്)