കൈലി അപ്, നിക്കർ ഡൗൺ, ട്രെൻഡ് ഇൻ !

ചിത്രം: റിജോ ജോസഫ് മോഡൽ: വി.ബി.അർജുൻ

മുണ്ട് മടക്കിക്കുത്തുമ്പോൾ ഒരു ഒന്നൊന്നര ലുക്ക് കിട്ടാൻ വേണ്ടി മാത്രമായിരുന്നില്ല, അന്ന് ആടുതോമ മുണ്ടിനടിയിൽ ഒരു നീളൻ നിക്കറിട്ടത്. മുണ്ടു പറിച്ച് അടിക്കേണ്ടി വന്നാലും ലുക്ക് പോവരുത്. എന്തു ലുക്കെന്നു ചോദിച്ചാൽ വേറൊരുത്തരമില്ല. നല്ല ഒന്നാന്തരം അച്ചായൻ ലുക്ക്. അച്ചായൻ ലുക്ക് കിട്ടാൻ കോട്ടയം കുഞ്ഞച്ചനെപ്പോലെ മുണ്ടും ജൂബയും കൂളിങ് ഗ്ലാസും പോരേ? പോരെന്നാണു പിള്ളേർ പറയുന്നത്.

അതുകൊണ്ടാണു വാഗമണ്ണിൽ മഹീന്ദ്ര ഓഫ് റോഡ് ചാലഞ്ചിൽ ഒന്നാമതെത്തിയ പാലാക്കാരൻ ബിനോ ചേട്ടനെ ചെക്കൻമാരെല്ലാം ചേർന്ന് എല്ലാവരുടെയും അച്ചായനാക്കി മാറ്റിയത്. മുണ്ടിനടിയിൽ നീളൻ നിക്കറിട്ട്, ലുങ്കി കേറ്റിയുടുത്ത്, ഷർട്ടിന്റെ രണ്ടോ മൂന്നോ ബട്ടൺ കൂടി അങ്ങ് അഴിച്ചിട്ടാൽ, ‘ചേട്ടോ പിന്നെ എന്നാ ഒണ്ട്’ എന്നു ചോദിക്കാതിരിക്കാനാവില്ല, ഏത് ഫ്രീക്ക് ചെക്കനും.

പക്ഷേ, കൈലിമുണ്ടിന്റെയും ചിലപ്പോൾ വെള്ളമുണ്ടിന്റെ പോലും അടിയിൽ അങ്ങനെ കളർഫുളായി തിളങ്ങി നിന്ന, അണ്ടർവെയറെന്ന് അനാവശ്യ വള്ളിയിട്ട് വിളിച്ചിരുന്ന വള്ളിനിക്കർ ഇന്ന് ഉണ്ടോ? ഇതു തയ്ക്കുന്നവർ ഇന്നും നാട്ടിലുണ്ടോ? നിക്കറിനു ഹീറോയിസമുണ്ടെങ്കിലും പിള്ളേരുടെ ഇടയിൽ ഇത് കംപ്ലീറ്റ്ലി ഔട്ട് ആയോ?

ചിത്രം: റിജോ ജോസഫ് മോഡൽ: വി.ബി.അർജുൻ

പണ്ട് കളറും നീളവും കൂടുന്നതായിരുന്നു ട്രെൻഡ്. കള്ളുഷാപ്പുകളായിരുന്നു അവരുടെ റാംപുകൾ. അക്കാലത്തു തയ്യൽക്കാർ നിക്കർ തയ്ച്ചു പുഷ്ടിപ്പെട്ടു. ചുവപ്പും മഞ്ഞയും റോസും പൂക്കൾ വിരിഞ്ഞു നിക്കറിൽ. സിനിമകളിലും നിക്കറിന്റെ ട്രെൻഡ് മാറി വന്നപ്പോൾ പലരും അതും പരീക്ഷിച്ചു. പിന്നെ വള്ളിനിക്കറിൽ രണ്ടും മൂന്നും നാലും പോക്കറ്റു തുന്നിച്ചേർത്തു. ആടുതോമ കറുത്ത നിക്കറിട്ടപ്പോൾ പലരും തയ്പ്പിച്ചു കറുത്ത നിക്കർ. അങ്ങനെ അങ്ങാടിയിലും കള്ളുഷാപ്പിലുമെല്ലാം നിറംമങ്ങാതെ പിടിച്ചുനിന്നൂ, ഈ നീളൻ നിക്കർ.

ചങ്ങനാശേരിയിലും കോട്ടയത്തും തിരുവല്ലയിലും പാലായിലുമെല്ലാം തുന്നൽക്കടകളിൽ വമ്പൻ ഡിസ്പ്ലേയായിരുന്നു നിക്കറിന്. തയ്യൽ പഠനത്തിന്റെ ആദ്യ പടിയായിരുന്നു നിക്കർ. മുണ്ടും കൈലിയുമൊക്കെ പാന്റിനോടും ജീൻസിനോടും അടിയറവു പറഞ്ഞപ്പോൾ പാന്റ്സ് തയ്ച്ചു പിടിച്ചുനിൽക്കേണ്ടി വന്നു ഈ ജെന്റ്സ് ഒൺലി തയ്യൽക്കടകൾക്ക്. പിന്നെ സ്ത്രീകൾക്കു പ്രവേശനമില്ലെന്ന ബോർഡ് മാറ്റി സാരി ബ്ലൗസ്, ചുരിദാർ തുന്നിക്കൊടുക്കപ്പെടും എന്ന ബോർഡ് വച്ചു. നിക്കർ തയ്യൽ എന്നൊരു കല തയ്യൽക്കാർക്കു മറക്കേണ്ടി വന്നു. ഇപ്പോഴും പാലായിലും കോട്ടയത്തുമുള്ള ചുരുക്കം തുന്നൽക്കടകളിലുണ്ട് നിക്കർ തയ്ക്കാൻ അറിയാവുന്ന തയ്യൽക്കാർ. വല്ലപ്പോഴും ഒരു വെള്ള അണ്ടർവെയർ തയ്ച്ചാലായി, ഇല്ലെങ്കിലായി.

ഇതിനിടെയിലും നായകനെ നിക്കറിടീച്ചു കയ്യടി നേടുന്നുണ്ടായിരുന്നു സിനിമ സംവിധായകർ. ബോക്സറെന്നും ഷോർട്സെന്നും വിശാലാർഥത്തിൽ ബർമുഡയെന്നുമുള്ള ഓമനപ്പേരുകളിലേക്കു ചുരുങ്ങിയും, ചിലപ്പോൾ നീണ്ടും, ഒളിഞ്ഞും തെളിഞ്ഞുമിരുന്നു നിക്കർ. ന്യൂജെൻ സിനിമകളുടെ കോസ്റ്റ്യൂം തന്നെ ബോക്സർ ഷോർട്സിലേക്കു ചുരുങ്ങി. പക്ഷേ, ഇപ്പോഴും മുണ്ടിനടിയിൽ നിക്കറിടുന്നത് ട്രെൻഡാണെന്നു ന്യൂജനറേഷൻ പറയുന്നു. ചില കണ്ടീഷൻസ്, ബ്രാൻഡഡ് നിക്കർ തന്നെ വേണം. അതും പണ്ടത്തെ പോലെ ലൂസ് വേണ്ട, ടൈറ്റ് ആകണം. കളറിലും ഡിസൈനിലും നോ കോംപ്രമൈസ്. അതല്ലേ ഹീറോയിസം?!!