മുടി നീട്ടുന്ന ആണുങ്ങൾ ശ്രദ്ധിക്കുക...

മുടി നീട്ടിവളർത്തി നടക്കുന്ന ആണുങ്ങൾക്ക് ഹിപ്പിയെന്നായിരുന്നു കുറേ വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന പേര്. അതിനിടെ അടിയന്തിരാവസ്ഥാ കാലത്തിന്റെ ആകുലതകളും പേറി നടക്കുന്നവർ മുടി വളർത്തി ബുജി ഡയലോഗടിച്ചു തുടങ്ങിയതോടെ ബുദ്ധിജീവികളേ മുടി വളർത്തൂ എന്നായി രീതി. ചലച്ചിത്രമേളകളിൽ ഇത്തരം മുടിയാട്ടക്കാർ സ്ഥിരമായതോടെ അക്കാര്യത്തിലും തീരുമാനമായി. സിനിമയിൽ വില്ലന്മാർ സ്ഥിരം മുടിവളർത്താൻ തുടങ്ങിയതോടെ പിന്നെ അലമ്പ് സെറ്റപ്പുമായി നടക്കുന്നവർ മാത്രമേ മുടി വളർത്തൂ എന്നായി നാട്ടാരുടെ ചിന്ത. മാനസികമായി വെല്ലുവിളി നേരിടുന്നവരെല്ലാം മുടി വളർന്ന നിലയിൽ ചിത്രീകരിക്കപ്പെട്ടതോടെ ആ വഴിക്കും വന്നു പ്രശ്നങ്ങൾ. പിന്നെയും ഏറെക്കാലം കഴിഞ്ഞ് ന്യൂജനറേഷൻ പിള്ളേർ വരേണ്ടി വന്നു മുടിവളർത്തൽ ഒരു ട്രെൻഡാണെന്ന് നാട്ടാരെല്ലാം തിരിച്ചറിയാൻ. അവർക്ക് മുഴുവൻ പിന്തുണയുമായി ഡേവിഡ് ബെക്കാമും ബ്രാഡ്പിറ്റും ലിയനാർഡോ ഡി കാപ്രിയോയും എന്തിന് നമ്മുടെ മല്ലുസെലിബ്രിറ്റീസ് വരെ ‘ടോപ് നോട്ട്’ സ്റ്റൈലിൽ മുടി കെട്ടി വന്നതോടെ സംഗതി കയറിയങ്ങു പൊരിച്ചു. ‘മുടിബ്രോ’കളെക്കൊണ്ട് നാടും നഗരവും നിറഞ്ഞു. പെണ്ണുങ്ങൾ പോലും ആണുങ്ങളുടെ മുടിയ്ക്കു നേരെ കണ്ണേറു നടത്തുന്ന അവസ്ഥ. അതെല്ലാം ഓകെ, പക്ഷേ മുടിയും കെട്ടിവച്ച് ഹോട്ട് ലുക്കിൽ നടക്കുന്ന പയ്യൻസ് ശ്രദ്ധിക്കുക, സ്ഥിരമായി മുടിയിങ്ങനെ നെറുകയിൽ കെട്ടിവച്ചു നടന്നാൽ പണി കിട്ടും. അതായത് പിന്നെ കെട്ടിവയ്ക്കാൻ മുടിയുണ്ടാവില്ലെന്നു ചുരുക്കം.

നെറുകയിൽ മുടി കെട്ടിവയ്ക്കുന്ന ‘ടോപ് നോട്ട്’ സ്റ്റൈൽ ഉൾപ്പെടെ മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്നാണ് പുതിയ പഠനം. മുടി കൊഴിയുക മാത്രമല്ല, പിന്നീടൊരിക്കലും ആ സ്ഥാനത്ത് വളർന്നു വരികയുമില്ല. കഷണ്ടിയാകാൻ അധികം താമസം വേണ്ടി വരില്ലെന്നു ചുരുക്കം. മുടി തുടർച്ചയായി ‘ടൈറ്റ്’ ആയി വലിച്ചു കെട്ടുന്നതിന്റെ ഫലമായുണ്ടാകുന്ന കൊഴിച്ചിലിന് ട്രാക്‌ഷൻ അലൊപീഷ്യ എന്നൊരു പേരും നൽകിയിട്ടുണ്ട് കേശസംരക്ഷണ വിദഗ്ധർ. ഇത്തരത്തിൽ മുടികെട്ടി നടക്കുന്ന ‘മേൻ ബൺ’ ട്രെൻഡ് ഇപ്പോൾ ശൈശവദശയിലാണ്. പക്ഷേ സംഗതി കിടിലമാണെന്നു കണ്ടതോടെ പലരും ഈ ഹെയർ സ്റ്റൈലിലേക്കു തിരിയുന്നുണ്ട്. അവർ ആദ്യമേ തന്നെ ഇക്കാര്യം മനസിൽ വയ്ക്കണമെന്നും കേശസംരക്ഷണ വിദഗ്ധരുടെ കൂട്ടായ്മയായ ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് ട്രിക്കോളജിസ്റ്റ്സ് മുന്നറിയിപ്പു നൽകുന്നു.

മുടി വലിച്ചുകെട്ടുമ്പോൾ മുടിയെ ശിരസിൽ ഉറപ്പിച്ചു നിർത്തുന്ന ഭാഗത്തിന് സ്ഥായിയായുള്ള ഡാമേജ് ഉണ്ടാകുന്നതാണ് പ്രശ്നം. അത് തുടർച്ചയായി വരുന്നതോടെ പിന്നീട് പരിഹരിക്കാനാകാത്ത വിധത്തിൽ കൊഴിഞ്ഞുപോക്കിലേക്ക് നയിക്കുന്നു. എന്നുകരുതി ഇനി മുതൽ മുടി കെട്ടാതിരിക്കുകയൊന്നും വേണ്ട. മുടി നനഞ്ഞിരിക്കുമ്പോഴോ ജെല്ലും മറ്റും പുരട്ടിയിരിക്കുമ്പോഴോ ‘ടോപ് നോട്ട്’ സ്റ്റൈൽ പ്രയോഗിക്കേണ്ടെന്നാണ് വിദഗ്ധരുടെ നിർദേശം. മാത്രവുമല്ല വലിയ ഇലാസ്തികതയൊന്നുമില്ലാത്ത തരം ബാൻഡ് ഉപയോഗിച്ച് കെട്ടിയാൽ മുടി വലിയുകയുമില്ല, എന്നാൽ അടങ്ങിയൊതുങ്ങിയിരിക്കുകയും ചെയ്യും. മുടി അല്ലേ, സ്ഥിരം ഒരു സ്റ്റൈൽ പ്രയോഗിക്കാതെ ദിവസും ഓരോന്ന് പരീക്ഷിച്ചാലും കൊഴിച്ചിൽ പ്രശ്നം മാറ്റാമെന്നും വിദഗ്ധർ നിർദേശിക്കുന്നു.