ഗ്രാഫിക്സ് അല്ലിത്, ലോകം പ്രകീർത്തിച്ച കിടുക്കാച്ചി ഹെയർസ്റ്റൈലുകൾ !

നീണ്ട് വളർന്ന്  ഇടതൂർന്ന മുടി ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ഭംഗിയുള്ള മുടി കാണുന്നവർക്കും ആനന്ദം നൽകണമെങ്കിൽ അത് വ്യത്യസ്തമായി അലങ്കരിക്കാൻ അറിയണം. വെട്ടി നീളം കുറയ്ക്കുക മാത്രമല്ല ഹെയർ സ്റ്റൈലിംഗ്, പകരം നല്ല കിടുക്കൻ ലുക്കിൽ മാറ്റിയെടുക്കുക കൂടിയാണ്. മോഡലിംഗിന്റെ ഭാഗമായി ഇത്തരം പരീക്ഷണങ്ങൾ നടത്തി ലോകശ്രദ്ധ നേടിയിരിക്കുകയാണ് ബ്രിട്ടീഷ് ഹെയർസ്റ്റൈലിസ്റ്റ് ലിസ. 

ആഫ്രിക്കൻ ജനതയ്ക്കുള്ള ആദരം എന്ന പേരിലാണ് അവാർഡുകൾ നേടിയ ഈ ഹെയർസ്റ്റൈലുകൾ ലിസ പരീക്ഷിച്ചിരിക്കുന്നത്. മോഡലുകളായി ആഫ്രിക്കൻ വംശജരെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെയർസ്റ്റൈലിംഗ് എന്നത് നിസാരമായ ഒരു കാര്യമല്ലയെന്ന് തന്റെ പ്രവര്‍ത്തിയിലൂടെ ലിസ ലോകത്തോട് വിളിച്ചു പറയുന്നു. ക്രിയാത്മകത ഏറെ വേണ്ട തൊഴിലാണ് ഇതെന്ന് ലിസ അലങ്കരിച്ച മുടിയിഴകൾ കണ്ടാൽ നമുക്കും തോന്നും.

ആർമർ എന്ന തന്റെ ഹയർ സ്റ്റൈലിംഗ് കളക്ഷനിലാണ് ലിസ തന്റെ പുതിയ പരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നീളം കൂടിയതും നീളം കുറഞ്ഞതുമായ തലമുടി, നിറം കൊടുത്തും അല്ലാതെയും ചിന്തിക്കാൻ പോലും കഴിയാത്ത തലത്തിൽ ലിസ ഒരുക്കിയിരിക്കുന്നു. 3  കാറ്റഗറികളിലായി ദി ബ്ളാക് ഹെയർ അവാർഡ് നേടിയ ഹെയർസ്റ്റൈലുകളാണ് ഇവ. 

സ്വയം പരീക്ഷിക്കാൻ തയ്യാറല്ലെങ്കിലും ഈ ഡിസൈനുകൾ കാണുന്ന നമ്മൾ ഓരോരുത്തരും, ആദ്യമൊന്നു ഞെട്ടും എന്ന് തീർച്ച, ഇങ്ങനെയൊക്കെ മുടിയിഴകളെ മാറ്റി മറയ്ക്കാൻ കഴിയുമോ എന്നാകും നമ്മുടെ ചിന്ത. കഴിയും എന്ന് ലിസയുടെ കൈവിരുത് തെളിയിക്കുന്നു.

ഫാഷൻ, മുടിയിഴകളിലൂടെയും വികാസം പ്രാപിക്കുകയാണ് എന്ന് ഇതിനൊപ്പം തെളിയിച്ച് തരികയും ചെയ്യുന്നു ഈ ബ്രിട്ടീഷ് ഹെയർസ്റ്റലിസ്റ്റ്.