Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യവും അഴകുമുള്ള മുടി ഉറപ്പ്; ഇവ ശ്രദ്ധിക്കാം!

Hair

ടി.വിയിലെയും ഇന്റര്‍നെറ്റിലെയും മറ്റും പരസ്യങ്ങള്‍ നമ്മില്‍ അടിച്ചേല്‍പ്പിച്ച ആരോഗ്യമുള്ള മുടിയുടെ ഒരു രൂപമുണ്ട്. പലപ്പോഴും ഈ മുടി ലഭിക്കാന്‍ വേണ്ടി പരസ്യങ്ങളിലെ ഷാംപു വാങ്ങി ഉപയോഗിച്ച് നിരാശരാകാറുണ്ട്. എന്നാല്‍ ഷാംപു കൊണ്ട് മാത്രം ഇത്തരത്തില്‍ ആരോഗ്യമുള്ള മുടി സ്വന്തമാക്കാനാകുമോ. ഇല്ല എന്നതാണ് സത്യം. പുറത്ത് നിന്നുള്ള സംരക്ഷണം എന്നത് പോലെ ഉള്ളില്‍ നിന്നുള്ള പോഷകങ്ങളും മുടിക്ക് അത്യാവശ്യമാണ്. നാം കഴിക്കുന്ന പ്രോട്ടീനിലൂടെ ലഭിക്കുന്ന കരോട്ടിന്‍ എന്ന വസ്തുവാണ് മുടിയുടെ വളര്‍ച്ചക്ക് ഏറ്റവും അനിവാര്യം. അത് കൊണ്ട് തന്നെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ പരസ്യങ്ങളിലെ ഷാംപു ഇല്ലാതെ തന്നെ ആരോഗ്യവും അഴകുമുള്ള മുടി നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. 

പ്രോട്ടീനൊപ്പം ഏതാനും വിറ്റാമിനുകളും മിനറലുകളും മുടിക്ക് ആവശ്യമാണ്. ഇവയെല്ലാം ഉള്‍പ്പെടുന്ന ആഹാരങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

1. വാള്‍നട്ട്

നട്ട് ഇനത്തില്‍ പെട്ട ആഹാരങ്ങളില്‍ മുടിക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഭക്ഷണം. ബയോട്ടിന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളമായി വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യം മാത്രമല്ല മുടിക്ക് തിളക്കവും മിനുസവും നല്‍കാന്‍ വാള്‍നട്ടിന് സാധിക്കും. അത് കൊണ്ട് തന്നെ അഞ്ചോ ആറോ വാള്‍നട്ട് സ്ഥിരമായി കഴിക്കുന്നത് മുടിക്ക് ഗുണം ചെയ്യും ഒപ്പം നിങ്ങളുടെ തലച്ചോറിനും.

2. കാരറ്റ്

ഇനി മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മികച്ച ഭക്ഷണം കാരറ്റാണ്. വിറ്റാമിന്‍ ഇ, സി എന്നീ മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ വിറ്റാമിനുകള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇനി കാരറ്റ് വെറുതെ കഴിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ കാരറ്റിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്ന ഒന്ന് അതിനോടൊപ്പം ചേര്‍ത്ത് ജ്യൂസായി കഴിക്കാം. ആപ്പിളാണ് കാരറ്റിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്ന ജൂസിലെ പങ്കാളി.

3. മുട്ട

മുട്ട പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. പക്ഷെ കഴിക്കുമ്പോള്‍ മുട്ടയുടെ വെള്ള മാത്രം തിരഞ്ഞെടുത്ത് കഴിക്കരുത്. കാരണം മുട്ടയുടെ മഞ്ഞയില്‍ ലസിത്തിന്‍ എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട വസ്തുവാണ്. തലയോട്ടി ആരോഗ്യമുള്ളതായാല്‍ സ്വാഭാവികമായും തലമുടിയുടെ ശക്തിയും വര്‍ദ്ധിക്കും.,

4. അവകാഡോ

മനുഷ്യര്‍ക്ക് കഴിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ കൊഴുപ്പാണ് അവകാഡോയില്‍ ഉള്ളത്.  ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി എന്നിവയും വിവിധ ആന്റി ഓക്സിഡന്റുകളും അവകാഡോയില്‍ ഉണ്ട്. ഇനി അവകാഡോയുടെ സ്വാദ് ഇഷ്ടമല്ല, കഴിക്കാനാകില്ല എന്നുണ്ടെങ്കില്‍ ഹെയര്‍ാമസ്ക് ഉണ്ടാക്കുമ്പോഴും അവകാഡോ ഉള്‍പ്പെടുത്താനാകും. അകത്തേക്ക് കഴിച്ചാലും, പുറത്ത് മാസ്ക് ആയി ഉപയോഗിച്ചാലും തലമുടി വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഭക്ഷണമാണ് അവകാഡോ. 

5. ഡാര്‍ക്ക് ചോക്കളേറ്റ്‌

മധുരമുള്ള ചോക്കളേറ്റ് കഴിക്കുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഡാര്‍ക് ചോക്കളേറ്റിന്റെ കാര്യത്തില്‍ ഈ അഭിപ്രായ ഐക്യം ഉണ്ടാകണമെന്നില്ല. ഡാര്‍ക്ക് ചോക്കളേറ്രിന്റെ കയ്പ് രസം തന്നെ ഇതിന് കാരണം. എന്നാല്‍ ഡാര്‍ക്ക് ചോക്കളേറ്റിന് ഈ കയ്പ് നല്‍കുന്ന വസ്തുക്കളായ അയണും, സിങ്കും , കോപ്പറും എല്ലാം തലമുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. തലമുടി ആരോഗ്യമുള്ളതാക്കുവാനും തലമുടിയുടെ വളര്‍ച്ചയെ സഹായിക്കാനും ഈ മൂലകങ്ങള്‍ക്ക് കഴിയും. 

തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലായല്ലോ. ഇനി നിങ്ങളുടെ തലമുടിക്ക് ആവശ്യം ഏത് തരത്തിലുള്ള സംരക്ഷണം ആണെന്ന് മനസ്സിലാക്കുക. അതനുസരിച്ചുള്ള ആഹാരം തിരഞ്ഞെടുക്കുക.