‘ട്രോൾ’ ചിരിക്ക് പിന്നിലെ ചിന്തകൾ

കാലമിനിയുമുരുളും....ചാക്യാർ കൂത്ത് വന്നു, ഓട്ടൻ തുളളൽ വന്നു, ഹാസ്യ കഥാപ്രസംഗങ്ങൾ വന്നു, പാരഡി പാട്ടുകളും മിമിക്സ് പരേഡുകളും വന്നു. ആക്ഷേപ ഹാസ്യം കാലത്തി നൊപ്പമുരുണ്ട് ഇന്ന് ഫേസ്ബുക്ക്, വാട്സ് അപ്പ് പോസ്റ്റുകളായി, ട്രോളുകളായി മാറിയിരിക്കുന്നു, ട്രോളുകൾക്ക് തിരി കൊളുത്തി കൊണ്ട് ആദ്യമെത്തിയ ‘ട്രോൾ മലയാള’ത്തിന്റെ പോസ്റ്റുകൾ നമ്മെ ചിരിപ്പിക്കുകയും പിന്നാ‌ലെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. മർമ്മത്ത് കൊളളുന്ന നർമ്മവുമായി വരുന്ന ഈ ‌ട്രോളുകൾ ആരുടെ സൃഷ്ടികളാണെന്ന്, ഇത് രസിച്ചവർ ഒരിക്കലെങ്കിലും ചിന്തിച്ചു കാണും. തീർച്ച.

നവമാധ്യമ ലോകത്ത് വൈറൽ ആയിരിക്കുന്ന ‘ട്രോൾ‌ മലയാളം’ പോസ്റ്റുകളുടെ പിന്നണിക്കാർ, രാഷ്ട്രീയ സാംസ്ക്കാരിക ചലച്ചിത്ര മേഖലയെ എത്രമാത്രം വിമർശന ബുദ്ധിയോടെയാണ് നിരീക്ഷിക്കുന്നതെന്ന് പോസ്റ്റുകൾ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും. ദിവസവും ഉണ്ടാകുന്ന രാഷ്ട്രീയപരമായ വിഷയങ്ങളെ അതിന്റെ ആവി പറന്നു കഴിയും മുമ്പേ ജനപ്രിയ സിനിമകളുടെ സീനുക ളുമായി ബന്ധപ്പെടുത്തി, നർമ്മത്തിന്റെ മേമ്പൊടി ചേർത്ത ഡയലോഗോടു കൂടി നിർമ്മിച്ചെടുക്കുന്ന ‘ട്രോൾ മലയാളം’ പോസ്റ്ററുകൾ ആദ്യം ഫേസ്ബുക്കിലേക്കും അവിടെ നിന്ന് വാട്സ് ആപ്പിലേക്കുമാണ് പടരുന്നത്. പറയാനുളള കാര്യങ്ങളെ ഏത് വിധേനയും ആവിഷ്കരിക്കണം എന്ന ലക്ഷ്യത്തോടെ ചിന്തിക്കുന്ന ഒരു ന്യൂജനറേഷൻ ടീം ആണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. രാഷ്ട്രീയപ്പാർട്ടികളുടെയോ മതസംഘടനകളുടെയോ പിൻബലമില്ലാതെയും സാമ്പത്തികമായ യാതൊരു നേട്ടത്തിനും വേണ്ടിയല്ലാതെയുമാണ് ഇവരുടെ പ്രവർത്തനം ‘രാഷ്ട്രീയവും സാമൂഹി കവുമായ വിഷയങ്ങളോട് പ്രതികരിക്കാൻ ഒരു വേദി വേണമെന്നും അതിനെ ജനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെ സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ ജനങ്ങളെ ഉദ്ബോധിപ്പിക്കണമെന്നും മാത്രമേ ‘ട്രോൾ മലയാള’ത്തിലൂടെ ഉദ്ദേശിക്കുന്നുളളൂവെന്ന് ‘ട്രോൾ മലയാളം’, ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്ററിലൊരാളായ സുഭാഷ് നായർ പറയുന്നു.

‘ട്രോൾ ഫു‍ട്ബോൾ’ എന്ന പേരിൽ ഉണ്ടായിരുന്ന ന്യൂമീഡിയ പോസ്റ്റ് ഗ്രൂപ്പിലെ അഡ്മിനിസ്ട്രേറ്റേഴ്സിൽ ഒരാളായിരുന്ന ശരത് മോനോനിലാണ് ‘ട്രോൾ മലയാള’ത്തിന്റെ ആശയം ആദ്യമുദിച്ചത്. ചുറ്റുവട്ടക്കാഴ്ചകളെ ആരോഗ്യപരമായി വിമർശിക്കുന്നതിനു വേണ്ടി 2012 ജൂലായിലായിരുന്നു ശരത് ‘ട്രോൾ മലയാള’ത്തിന്റെ പേരിൽ ഫേസ്ബുക്കിൽ പേജ് ഉണ്ടാക്കിയത്. കേരളത്തനിമയുളള ഗൃഹാതുരത്വമുണർത്തുന്ന പോസ്റ്റുകൾ അന്ന് ചെയ്തിരുന്നെങ്കിലും, അവയ്ക്ക് സ്വീകാര്യത കുറവായിരുന്നു. ‘പെൺകുട്ടികൾ എന്തു ചെയ്താലും അതിന് ലൈക്ക്’ കൊടുക്കാൻ കുറേപ്പേർ ഉണ്ടാകും. എന്ന ആശയത്തെ ആസ്പദമാക്കി നിർമ്മിച്ച് ‘ട്രോൾ’ ക്ലിക്ക് ആയതോടെ , ട്രോൾ ക്രിയേഷന്റെ ചിന്തകൾ വേറെ വഴിക്ക് തിരിഞ്ഞു. ടിന്റു മോൻ ജോക്കുകളുടെ ടെക്സ്റ്റ് മെസ്സേജുകൾക്കായിരുന്നു അന്ന് ജനപ്രീതി ലഭിച്ചിരുന്നത്. ആനുകാലിക സംഭവങ്ങളെ സിനിമാ സീനുകളുമായി ചേർത്ത് എഡ‍ിറ്റ് ചെയ്ത് പോസ്റ്റുകൾ ഉണ്ടാക്കുകയെന്ന ആശയം സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ഇതിനായി ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇവർ ചേർന്ന് നിർമ്മിച്ച ട്രോളുക ളെ ഫേസ്ബുക്കിന്റെ പേജിൽ പോസ്റ്റ് ചെയ്യുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തപ്പോൾ ‘ട്രോൾ മലയാളം ഗ്രൂപ്പി ലേക്ക് വരാൻ നിരവധി പേർ താൽപര്യം കാണിച്ചു. ഗ്രൂപ്പ് അംഗങ്ങൾ അവരുടെ ആശയങ്ങൾ ഷെയർ ചെയ്യുകയോ പോസ്റ്റ് ആക്കാൻ പറ്റിയ ഫോട്ടോകൾ ഗ്രൂപ്പിൽ ഇടുകയോ ചെയ്തു. ഇന്ന് 1,47,000 ത്തിലധികം അംഗങ്ങളാണ് ഗ്രൂപ്പിൽ ഉളളത്. ഇതിൽ നാലായിരത്തോളം പേർ വളരെ ആക്ടീവായി പ്രവർത്തിക്കുയും പോസ്റ്റുകൾ ഉണ്ടാക്കുകയും ചെയ്യുന്നു ണ്ടെങ്കിലും ഇതെല്ലാം പബ്ലിഷ് ചെയ്യുന്നില്ല. ഗ്രൂപ്പിന് 30 അഡിമിനിസ്ട്രേറ്റീവുമാരാണുളളത്. ഇതിൽ പകുതി പേർ മാത്രമേ ആക്ടീവായി രംഗത്തുളളൂ. ഇവർ തമ്മിൽ ചർച്ചയ്ക്ക് മേന്മയുണ്ടെന്ന് ഉറപ്പു വരുത്തുന്ന പോസ്റ്റുകള്‍ മാത്രമാണ് എഡിറ്റ് ചെയ്ത് ‘ട്രോൾ മലയാള’ത്തിന്റെ ലോഗോയോടു കൂടി ഫേസ്ബുക്ക് പേജിലേക്ക് പോസ്റ്റ് ചെയ്യുന്നത്.

‘ട്രോൾ മലയാള’ത്തിന്റെ ഫേസ്ബുക്ക് പേജിൽ ഇന്ന് നാലേ കാൽ ലക്ഷത്തോളം ഫോളോവേഴ്സാണ് ഉളളത്. 2014 വരെ 76,000 പേരേ ഉണ്ടായിരുന്നു. 2012 മുതൽ ‘ട്രോൾ മലയാളം’ ഫേസ്ബുക്കിൽ സജീവമായിരുന്നെങ്കിലും സ്മാർട്ട് ഫോണു കളും അതിൽ വാട്സ് ആപ്പ് ഉപയോക്താക്കളും വർദ്ധിച്ചതോ ടെയാണ്, ഫോളോവേഴ്സ് ഫേസ്ബുക്ക് ട്രോളുകളെ ഫോണിൽ സേവ് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സെൻഡ് ചെയ്യാൻ തുടങ്ങിയതോടെ സൃഷ്ടിച്ചവർ സ്വപ്നം കാണുക പോലും ചെയ്യാത്തത്ര വേഗത്തിൽ ലോകത്തിൽ മലയാളികളുളള കോണിലേക്കെല്ലാം ‘ട്രോൾ മലയാളം’ വ്യാപിച്ചു.

അഡ്മിനിസ്ട്രേറ്റേഴ്സ് എല്ലാവരും കേരളത്തിലും ഗൾഫിലു മൊക്കെയായി ‍ജോലി ചെയ്യുന്നവരാണ്. പരസ്പരം കണ്ടിട്ടി ല്ലാത്ത ടീമംഗങ്ങളാണ് കൂടുതലും. മാദ്ധ്യമ മേഖലയുമായി പ്രത്യേക ബന്ധങ്ങളൊന്നുമില്ലാത്ത ‘ട്രോൾ മലയാളം’ ടീമിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് ന്യൂമീഡിയയുടെ എല്ലാ സാദ്ധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. ഓൺ ലൈൻ ചാറ്റിംഗിലൂടെയാണ് ഇവർ വിഷയങ്ങൾ ചർച്ച ചെയ്യുന്നത്. ഗ്രൂപ്പിലെ എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിക്കുകയും ചെയ്യുന്നുമുണ്ട്. പത്തൊമ്പതു വയസ്സു കാരി കീർത്തന മുതൽ 32 വയസ്സിനിടയിൽ വരുന്ന ഗ്രൂപ്പ് മെമ്പേഴ്സ് വ്യത്യസ്ത മേഖലകളിലായി ജോലി ചെയ്യുന്ന വരാണ്. ഗ്രൂപ്പിൽ നിന്ന് വരുന്ന ആശയങ്ങളെ പിന്താങ്ങുന്ന സിനിമാ സീനുകളുടെ സ്ക്രീൻ ഷോട്ട് എളുപ്പത്തിൽ ഡൗൺ ലോ‍ഡ് ചെയ്തെടുക്കാനും ഡയലോഗും ലോഗോയും ചേർത്ത് എഡിറ്റ് ചെയ്യാനുമൊക്കെയായി നെറ്റ് വർക്ക് എഞ്ചിനീയറായ ജെയിംസ് കുട്ടിയെപ്പോലുളളവർ ഗ്രൂപ്പിൽ ആക്ടീവ് ആയി ട്ടുണ്ട്. അതു കൊണ്ടാണ് വാർത്തകൾ ഉണ്ടാകുന്ന മുറയ്ക്കു തന്നെ ട്രോളുകൾ നിർമ്മിക്കാനും വൈറൽ ആക്കി മാറ്റാനും സാധിക്കുന്നത്. 2012 ജൂലായ് മുതൽ ഇന്നോളം പതിനായിര ത്തിലധികം ‘ട്രോൾ മലയാളം’ നിർമിക്കുകയും ഫേസ്ബുക്ക് പോസ്റ്റാക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 70 ശതമാനത്തോളം പോസ്റ്റുകൾ വൈറൽ ആവുകയും ചെയ്തു. ഓരോ ദിവസ ത്തെയും ആദ്യ പോസ്റ്റ് എന്നും രാവിലെ പത്തു മണിക്ക് ഫേസ് ബുക്ക് േപജിൽ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിൽ ജോബി, വിഷ്ണു, രഞ്ജു, അതുല്യ, നിബിൻ തുടങ്ങി നിരവധി പേരുടെ പ്രയത്നമുണ്ട്. (ഫീച്ചറിന്റെ പരിധിക്കുളളിൽ നിന്നു കൊണ്ട് എല്ലാ പേരുകളും എഴുതുക സാദ്ധ്യമല്ല)

ഹാസ്യത്തിലൂടെ ആക്ഷേപിക്കാൻ കഴിയുന്ന സംഭവങ്ങൾ ഉണ്ടാകുന്നത് ഏത് മേഖലയിലായാലും ‘ട്രോൾ മലയാളം’ അതിനെ വൈറൽ ആക്കുന്നു. ഇതിന്റെ ടീമിലെ ഓരോരു ത്തർക്കും വ്യക്തമായ രാഷ്ട്രീയ ദർശങ്ങൾ ഉണ്ടെങ്കിലും അത് ‘ട്രോൾ മലയാളത്തിനെ ബാധിക്കില്ലെന്ന് ട്രോളിന്റെ എ‍‍ഡിറ്റർ മാരിൽ ഒരാളായ രഞ്ജി തോപ്പില്‍‌ രവീന്ദ്രൻ വ്യക്തമാക്കി. ചില ട്രോളുകൾ കാണുമ്പോൾ ഇവർ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ വക്താക്കളായിട്ടാണല്ലോ പ്രവർത്തിക്കുന്നത് എന്ന് പലർക്കും തോന്നാം. പക്ഷേ, വിവിധ വിഷയങ്ങളെ സംബന്ധിച്ച് ‘ട്രോൾ മലയാളം’ സ്വീകരിച്ച നിലപാടുകളെ ശ്രദ്ധിച്ചാൽ ഇവർക്ക് പ്രത്യേക രാഷിട്രീയമില്ലെന്നും ആരുടേയും പിണിയാളുകളല്ല ഇവരെന്നും വ്യക്തമാകും.

‘ഒരേ സമയത്ത് നാലു രാജ്യങ്ങളിലൊക്കെ കണ്ടവരുണ്ട്’ എന്ന തലക്കെട്ടിൽ ‘നന്ദന’ത്തിലെ കുമ്പിടിയുടെ സ്ഥാനത്ത് വന്ന നരേന്ദ്രമോദി– കാവി നിക്കറിട്ട വെളളാപ്പളളി– സരിത യുടെ കുമ്പസാരം– സിഡിയ്ക്ക് പിന്നാലെ ഓടിയ കേരളം– നമ്മുടെ രണ്ടു പേരുടെയും ശബ്ദം ഒരുപോലിരിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ട് സൈക്കിളിൽ പോകുന്ന ഫറൂഖ് കോളജി ലേയും കേരളവർമ്മയിലേയും(പട്ടണപ്രവേശത്തിലെ രംഗം– തിലകനും ശ്രീനിവാസനും)പ്രിൻസിപ്പൽമാർ– രോഗം മാറിയിട്ടില്ല, വിഴുങ്ങിയത് വെളളക്കുതിരയെ’യാണെന്ന് പറഞ്ഞ് ജഗതിയിലൂടെ കരയുന്ന ജയരാജൻ– ‘ആവിഷ്ക്കാര സ്വാതന്ത്ര്യം എനിക്കുമുണ്ടെന്ന് പറഞ്ഞ് ജഗതിയുടെ കൈപിടിച്ച് തിരിക്കുന്ന(യോദ്ധ) മോഹൻലാൽ– അഞ്ചാം വർഷത്തിൽ പണി തീരാത്ത പദ്ധതികൾ തിരക്കിട്ട് ഉദ്ഘാടനം നടത്തുന്ന മുഖ്യമന്ത്രി– തുടങ്ങി ജെഎൻയു വിഷയവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹിയും ദേശസ്നേഹിയും ആരെന്ന തർക്കങ്ങൾ മുറുകിക്കൊണ്ടിരുന്നപ്പോൾ ‘ട്രോൾ മലയാളം’ സൃഷ്ടിച്ച പോസ്റ്റുകൾ എല്ലാം തന്നെ ചിരിയ്ക്ക് പിന്നാലെ നമ്മെ ചിന്തിപ്പിച്ച ‘ട്രോളു’കൾ ആയിരുന്നു. ഈ ഉദാഹരണ ങ്ങൾ എടുത്തു പരിശോധിച്ചാൽ വ്യക‌്തമാകുന്ന ഒരു കാര്യം ഇവർക്ക് പ്രത്യേകമായൊരു രാഷ്ട്രീയ ചായ് വ് ഇല്ല എന്നതു തന്നെയാണ്.

ആധികാരികമായും നിഷ്പക്ഷമായും നിലകൊളളുന്ന മദ്ധ്യമങ്ങളിലെ വാർത്തകളെ ആസ്പദമാക്കിയാണ് ‘ട്രോൾ മലയാളം’ പോസ്റ്റുകൾ ചമയ്ക്കുന്നത്. സ്വീകരിച്ച നിലപാടു ശരിയായില്ലെന്ന് തോന്നിയിട്ടുളള സമയത്ത് തിരുത്തലുകൾ വരുത്തുകയും ചെയ്തിരുന്നതായി അഡ്മിനിസ്ട്രേറ്റേഴ്സ് അംഗമായ സുഭാഷ് വ്യക്തമാക്കി. ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് ട്രോൾ മലയാളത്തിനു വേണ്ടി പ്രത്യേക ഭാഷയും രൂപപ്പെടുത്തിയിട്ടുണ്ട്. ‘ലെ സംഘി’ ‘ലെ രാജ്യസ്നേഹി’ എന്നൊക്കെ പറഞ്ഞു വരുന്ന ട്രോളുകളിലെ ‘ലെ’ എന്ന ഫ്രഞ്ചു വാക്കിനെ ‘അപ്പോൾ’ എന്നാണ് ട്രോൾ വിവക്ഷിച്ചി രിക്കുന്നത്. ‘ആ സംഭവത്തിനിടയിൽ’ ‘പിന്നീട്’ എന്നെല്ലാം അർത്ഥം വരുന്ന ‘മീൻ വൈൽ’ എന്ന ഇംഗ്ലീഷ് വാക്ക് ‘മീനവിയൽ’ ആക്കി മാറ്റി. –––––––––പ്ലീസ് ’ന് ബിജു പ്ലീസ്–ഓക് വേഡ് മൊമന്റ്’ ന് ‘വിജ്യംഭിച്ച നിമിഷം– ‘നൊസ്റ്റാൾജിയ’ക്ക് ‘നഷ്ടാൾജിയ’– ‘ക്ലോസ് ഇനഫ്’–ന് ‘ചായകാച്ചൽ’– ‘ട്രൂ സ്റ്റോറിക്ക്’ സത്യകഥ എന്നൊക്കെയാണ് ട്രോൾ മലയാളം അർത്ഥം കൽപിച്ചിരിക്കുന്നത്.

രാഷ്ട്രീയവും, പ്രണയവും, ക്ലാസ് റൂം തമാശകളുമൊക്കെ വിഷയങ്ങളാക്കുന്ന ‘ട്രോൾ മലയാള’ത്തിനെ അഭിനന്ദി ച്ചുകൊണ്ടും. എതിരെ അസഭ്യം പറഞ്ഞു കൊണ്ടും നിരവധി കമന്റുകൾ ഫേസ് ബുക്ക് പേജിൽ ദിവസവും വന്നു കൊണ്ടി രിക്കുന്നു. അസഭ്യങ്ങൾക്ക് ടീം മെമ്പേഴ്സ് മറുപടി നൽകുന്നത് മറ്റൊരു ട്രോളിലൂടെയാണെന്നതും കൗതുകകരമാണ്. ‘ട്രോൾ മലയാളം’ ത്തിന്റെ സ്വീകാര്യതയെ മനസ്സിലാക്കി കൊണ്ടാ യിരുന്നു ‘ഐസിയു’ പോലുളള മറ്റ് ട്രോളുകൾ പിന്നാലെ രംഗത്തെത്തിയത്. ടീം വർക്കാണ് ‘ട്രോൾ മലയാള’ത്തിനെ മുൻപോട്ട് കൊണ്ട് പോകുന്നത്. ഇതിന്റെ പ്രഥമ ക്രിയേറ്റർ ആയ ശരത് മേനോൻ സംവിധാനം ചെയ്ത ഷോർട്ട് ഫിലിമായ ‘ഇന്ന് ഇന്നലെ നാളെ’യ്ക്ക് വേണ്ടി സാമ്പത്തിക പിന്തുണ നൽകിയത് ‘ട്ര‌ോൾ മലയാള’ത്തിന്റെ ഗ്രൂപ്പ് മെമ്പേഴ്സായിരുന്നു.

സമൂഹത്തിലെ കാപട്യങ്ങളെ വിമർശിക്കുക, ആ വിമർശന ചിന്തകളെ ‍ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യം മാത്രമേ ‘ട്രോൾ മലയാളം’ എന്ന ആക്ഷേപ ഹാസ്യ വേദിയ്ക്ക് പിന്നിലൂളളൂ. രാഷ്്ട്രീയക്കാരും അവരുടെ പൊളളത്തരങ്ങളും, ബുദ്ധിജീവികളും അവരുടെ കപടസദാചാരവും. മതവും അതിനുളളിലെ ജീർണ്ണതകളും, സാധാരണക്കാരും അവരുടെ നിസ്സഹായാവസ്ഥയും നിലനിൽക്കുന്നിടത്തോളം കാലം, ഈ സമൂഹത്തിൽ ചിന്തകൾക്കും ചർച്ചകൾക്കും മരണമുണ്ടാകില്ല. എവിടെയുമെത്താതെ ‘ഗുഡ് ബൈ’ പറഞ്ഞു പിരിയുന്ന ചർച്ചകളെ സഹിഷ്ണുതയോടെ കാണുന്ന മലയാളിയുടെ യഥാർത്ഥ പ്രതികരണങ്ങൾ തന്നെയാണ് ‘ട്രോളു’കളായി നമ്മുടെ ഫേസ്ബുക്കിലേക്കും ഫോണിലേക്കും എന്നും എത്തിക്കൊണ്ടിരിക്കുന്നത്. ‘വന്നു ഞാൻ’ എന്ന ശബ്ദത്തോടെ നിങ്ങളുടെ ഫോണിലേക്കെത്തിയ ആ ഇമേജിനെ ഒന്നു തൊട്ടു നോക്കൂ, ചിരിക്ക് പിന്നാലെ ചിന്തയുണർത്തുന്ന ഒരു ട്രോൾ ആയിരിക്കും അത്. കാലത്തി നൊപ്പം ഉരുളുന്ന ട്രോൾ.