ഇവൾ അമ്മയുടെ സ്നേഹക്കനി

ഡൗൺ സിൻഡ്രം ബാധിച്ച രണ്ടുവയസുകാരിയായ മോഡല്‍ കാനീ റോസ്.

ഡോക്ടർമാർ പറഞ്ഞിരുന്നതിനേക്കാളും രണ്ടു മാസം മുൻപായിരുന്നു കാനീ റോസ് എന്ന പെൺകുട്ടിയുടെ ജനനം. അതുകൊണ്ടുതന്നെ അമ്മ ജൂലിയും അച്ഛൻ പീറ്ററും മകളെ പൊന്നുപോലെയാണു നോക്കിയത്. അങ്ങനെ കാനീയ്ക്ക് രണ്ടു വയസ്സു തികയാറായി. ഇക്കാലത്തെല്ലാം മകളുടെ പല പോസിലുള്ള ഫോട്ടോകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതായിരുന്നു ജൂലിയുടെ ഒഴിവുസമയത്തെ പ്രധാന വിനോദം. ഫോട്ടോകൾ കണ്ട സുഹൃത്തുക്കളിൽ ഏതാണ്ടെല്ലാവരും തന്നെ പറഞ്ഞത് ഒറ്റക്കാര്യമായിരുന്നു: ‘ആർക്കും ഓമനത്തം തോന്നിപ്പോകുമല്ലോ ജൂലീ, നിന്റെ കുഞ്ഞോമനയുടെ ചിരി കണ്ടാൽ...ഇവളെ ഒരു കുട്ടിമോഡലാക്കിക്കൂടേ നിനക്ക്...?’

ആദ്യം അതൊരു തമാശയായിട്ടാണ് ജൂലിക്ക് തോന്നിയത്. പക്ഷേ തുടരെത്തുടരെ ഇങ്ങനെ കമന്റുകൾ വന്നതോടെ ജൂലിക്കും തോന്നി, എന്നാലൊന്ന് ശ്രമിച്ചാലെന്താ? കയ്യിലുള്ള കുറേ ഫോട്ടോകളെടുത്ത് ജൂലി മൂന്ന് മോഡലിങ് ഏജൻസികൾക്ക് അയച്ചുകൊടുത്തു. മറുപടി എന്തുതന്നെയായാലും തന്നെ അറിയിക്കണമെന്ന ഒരു കുറിപ്പും ഒപ്പം വച്ചു. അയച്ച് ദിവസങ്ങൾക്കകം എല്ലാ ഏജൻസിയിൽ നിന്നും മറുപടിയെത്തി. മകളെ സ്റ്റുഡിയോയിൽ കൊണ്ടുവരണമെന്നും ചില ടെസ്റ്റ് ഫോട്ടോഷൂട്ടുകളുണ്ടെന്നുമായിരുന്നു അത്. കാനീയെ അണിയിച്ചൊരുക്കി സുന്ദരിയാക്കി സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകുമ്പോഴും നേർത്തൊരു ചങ്കിടിപ്പുണ്ടായിരുന്നു ആ അമ്മയ്ക്ക്.

കാനീ റോസ് അമ്മ ജൂലിയ്ക്കൊപ്പം

ഫോട്ടോഷൂട്ടിനുള്ള പേപ്പറുകൾ ശരിയാക്കുന്നതിനിടെ മടിച്ചുമടിച്ച് ജൂലി ചോദിച്ചു: ‘മകൾക്ക് ഡൗൺ സിൻഡ്രമാണ്...അതുകൊണ്ടെന്തെങ്കിലും പ്രശ്നം...?’ പക്ഷേ ആ പരിസരത്തുള്ള ഒരാളു പോലും അത് കേട്ടതായിപ്പോലും ഭാവിച്ചില്ല. അവർ കാനീ റോസ്ക്കുട്ടിയുമൊത്ത് സ്റ്റുഡിയോയിൽ പോയി, നിറയെ ഫോട്ടോകളെടുത്തു. ജൂലിയോട് മറുപടി കാത്തിരിക്കാൻ പറഞ്ഞു. പിറ്റേന്നു തന്നെ ഏജൻസികളിൽ നിന്ന് ജൂലിയുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ആ സന്തോഷവർത്തമാനമെത്തി: ‘കാനീയുടെ ഫോട്ടോകളെല്ലാം സോ ക്യൂട്ട്. രണ്ട് കമ്പനികളുടെ ടിവി പരസ്യങ്ങളിൽ അഭിനയിക്കാൻ അവസരമുണ്ട്. താൽപര്യമുണ്ടെങ്കിൽ അറിയിക്കുക’ എന്നതായിരുന്നു ആ സന്ദേശം. ആലോചിക്കാൻ പോലുമുണ്ടായില്ല, ജൂലിക്കും പീറ്ററിനും നൂറുവട്ടം സമ്മതം. ഷൂട്ടെല്ലാം പൂർത്തിയായി ബ്രിട്ടണിലെ തൊട്ടടുത്ത സൂപ്പർ കുട്ടിമോഡലാകാനുള്ള ഒരുക്കത്തിലാണ് കാനീയിപ്പോൾ.

ജനിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് കാനീയ്ക്ക് ഡൗൺ സിൻഡ്രമാണെന്ന് തിരിച്ചറിഞ്ഞത്. ബ്രിട്ടണിൽ ജനിക്കുന്ന 1000 കുട്ടികളിൽ ഒരാൾക്ക് എന്ന കണക്കിൽ ഈ രോഗം ബാധിക്കാറുണ്ട്. പക്ഷേ പലർക്കുമറിയില്ല, ഡൗൺ സിൻഡ്രം ബാധിച്ച കുട്ടികൾക്ക് സാധാരണ എല്ലാ കുട്ടികൾക്കും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാനാകുമെന്ന്. അതിനവർക്കു വേണ്ടത് സഹതാപമല്ല, സ്നേഹവും കരുതലും നിറഞ്ഞ പിന്തുണ മാത്രം. കാനീയുടെ കാര്യത്തിലാകട്ടെ തനിക്ക് ആരിൽ നിന്നും ഒരു നെഗറ്റീവ് കമന്റു പോലും വന്നിട്ടില്ലെന്നു പറയുന്നു ജൂലി. കിട്ടിയതെല്ലാം പോസിറ്റീവ് അഭിപ്രായങ്ങൾ. ആ ധൈര്യത്തിലാണല്ലോ ജൂലി കാനീയുടെ ഫോട്ടോകൾ അയച്ചുകൊടുത്തതും കക്ഷിയിപ്പോൾ ബ്രിട്ടണിലെ ക്യൂട്ട് സ്റ്റാറായതും.

ഡൗൺ സിൻഡ്രം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളുമായി തന്റെ അനുഭവം പങ്കിടുന്ന തിരക്കിലാണ് ജൂലിയിപ്പോൾ. അതിനിടയ്ക്ക് ഒന്നുകൂടി പറയുന്നു ആ അമ്മ: ‘കാനീയ്ക്ക് ഇപ്പോൾ ഫോട്ടോഷൂട്ടും കാര്യങ്ങളുമെല്ലാം ഏറെ സന്തോഷം പകരുന്നുണ്ട്. പക്ഷേ എന്നെങ്കിലും മോഡലിങ്ങിനിടെ മകൾ ഒരനിഷ്ടം പ്രകടിപ്പിച്ചാൽ അവിടെ വച്ച് എല്ലാം നിർത്തും...’. അല്ലെങ്കിലും ആ അമ്മയ്ക്കും മകൾക്കും വെട്ടിപ്പിടിക്കാൻ ഇനിയും എത്രയോ കാര്യങ്ങൾ ബാക്കി കിടക്കുന്നു ഈ ലോകത്തിൽ...