ഭർത്താവാണെങ്കിലും നീ എന്റെ പുന്നാര...

പതിവായി ഭാര്യ ആണോ നിങ്ങൾക്ക് മുടി തോർത്തി തരിക ? ഭാര്യ മക്കളെ നിങ്ങളെക്കാൾ കൂടുതൽ സ്നേഹിക്കുന്നു എന്ന് പരാതിപ്പെടാറുണ്ടോ ? എങ്കിൽ ഇത് ശ്രദ്ധിക്കേണ്ട ഒരു മാനസിക പ്രശ്നമാണ്.

മലബാറിലെ ഒരു സമ്പന്ന കുടുംബത്തിൽ നിന്നാണ് ആ അമ്മയും മകളും കോഴിക്കോട്ടെ ഒരു സൈക്കോളജിസ്റ്റിനെ കാണാനെത്തുന്നത്. മകളുടെ ഭർത്താവ് ഒരു ജോലിയും ചെയ്യുന്നി ല്ലെന്ന പരാതിയുമായാണ് അമ്മ വന്നത്. മകൾക്ക് അതിൽ വലിയ വിഷമമോ പരാതിയോ ഉള്ളതായി ഡോക്ടർക്ക് തോന്നിയില്ല. അദ്ദേഹത്തിന് ഓഫീസിലെ അന്തരീക്ഷവുമായി പൊരുത്ത പ്പെടാനാവാത്തതുകൊണ്ടല്ലേ ? ആ യുവതി ഭർത്താവിനെ ന്യായീകരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. അനുയോജ്യമായ ഒരു ജോലി കിട്ടിയാൽ അദ്ദേഹം താൽപര്യത്തോടെ ചെയ്യും എന്ന പ്രതീക്ഷ യിലായിരുന്നു ആ ഭാര്യ. കൂടുതൽ സംസാരിച്ചപ്പോഴാണ് ഡോക്ടർക്ക് ആ യുവതിയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത മനസ്സിലായത്. ഒരു നിമിഷം പോലും ഭാര്യയെ പിരിഞ്ഞിരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അയാൾ. ചെറുപ്പത്തിലേ അമ്മ മരിച്ച അയാൾ ആ സ്ത്രീയെ ഭാര്യയെപ്പോലെയും അമ്മയെപ്പോലെയും സ്നേഹിച്ചു. അവരെ പിരിഞ്ഞിരിക്കാനുള്ള വിഷമം കൊണ്ടാണ് അയാൾ ഒരു ജോലിയിലും ഉറച്ചു നിൽക്കാത്തത്. ഡോക്ടറോട് ആ യുവതി വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറഞ്ഞു. ഈയിടെയായി ഭർത്താവിന്റെ പരാതി, താൻ മകനെയാണ് ഭർത്താവിനെക്കാൾ കൂടുതൽ സ്നേഹിക്കുന്നത് എന്ന്. വിചിത്രമായ ഇത്തരം ബന്ധങ്ങൾ അടുത്തിടെയായി വല്ലാതെ വർദ്ധിച്ചിട്ടുണ്ടെന്നാണ് മനശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തൽ. ഭർത്താവിനെ മകനെപ്പോലെ സ്നേഹിക്കുന്നതിൽ ഭർത്താവും ഭാര്യയും ആനന്ദിക്കുന്നുണ്ടാവാം. പക്ഷേ, ഇത് അത്ര നല്ലതാണോ ?

എന്തുകൊണ്ട് ഇങ്ങനെ ?

‘കുട്ടികളുടെ സ്വഭാവമാണ് ഈ മനുഷ്യന് മിക്ക ഭാര്യമാരും ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാവും ഈ വാചകം. ആ പറച്ചിലിൽ തെളിയുന്നത് പരിഭവമാണെങ്കിലും ഭാര്യമാർ അതിൽ ഒരുപാട് സന്തോഷിക്കുന്നുണ്ടെന്നാണ് യാഥാർഥ്യം. ഭർത്താവ് ശരിക്കു തല തോർത്താത്തപ്പോൾ വഴക്കു പറഞ്ഞുകൊണ്ടാണെങ്കിൽ കൂടി തല തോർത്തിക്കൊടുക്കുന്നതിൽ, ഭർത്താവ് എവിടെയോ വച്ചു മറന്ന കാറിന്റെ താക്കോൽ കണ്ടെത്തി എടുത്തു കൊടുക്കുന്നതിൽ എല്ലാം അവൾ ഒരുപാട് സന്തോഷിക്കുന്നുണ്ട്. ഒടുവിൽ ഒരു ആത്മഗതം....‘എല്ലാത്തിനും എന്റെ കൈ തന്നെ ചെല്ലണം. പലപ്പോഴും ഭർത്താവ് മകനെപ്പോലെയായിത്തീരുന്നതിന്റെ തുടക്കം ഇങ്ങനെ ചില സന്ദർഭങ്ങളിൽ നിന്നാവും. പലപ്പോഴും ആണുങ്ങളും ഭാര്യ അമ്മയെപ്പോലെ തന്നെ സ്നേഹിച്ചിരുന്നെങ്കിൽ എന്നു കൊതിക്കാറുണ്ട്. അമ്മയുടെ സ്നേഹം കിട്ടാതെപോയ ആണുങ്ങളിലാണ് ഈ പ്രശ്നം കൂടുതൽ കടന്നുവരാറുള്ളത്. ചെറുപ്പത്തിലേ അമ്മ മരിച്ചവരിലും മറ്റും... ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയുള്ള ആണുങ്ങൾക്ക് പൊതുവെ ഭാര്യയുടെ സംരക്ഷണം കൂടുതൽ ഇഷ്ടമായിരിക്കും. സ്ത്രീകൾക്ക് പൊതുവെ ഭർത്താവിന്റെ ചിറകിൽ സുരക്ഷിതയായിരിക്കാനാണ് താൽപര്യമെങ്കിലും ചില സ്ത്രീകൾ ഭർത്താവിൽ അൽപം മേധാവിത്വം നേടിയെടുക്കാൻ കൊതിക്കും. പതുക്കെ പതുക്കെയാവും അവർ പിടിച്ചു കയറുക. സ്ത്രീ അവരുടെ വീട്ടിലെ മൂത്ത മകളും പുരുഷൻ അയാളുടെ വീട്ടിലെ ഇളയ മകനുമാണെന്നിരിക്കട്ടെ. ഇവർക്കിടയിൽ ഭാര്യ മേൽക്കൈ നേടാനുള്ള സാധ്യത കൂടുതലാണ്. ചിലരാവട്ടെ ഭർത്താവിനെ അമിതസ്നേഹം കൊണ്ടു പൊതിഞ്ഞ് പതുക്കെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നതാവും. ചെറുപ്പത്തിൽ മാതാപിതാക്കളുടെ സ്നേഹം കിട്ടാതെ വളർന്ന പെൺകുട്ടികളിലും മറ്റും ഈ ചിന്ത കൂടുതലായിരിക്കും.

എങ്ങനെ ബാധിക്കും ?

എന്തു ചെയ്യണം എന്തു ചെയ്യരുത് എങ്ങനെ ചെയ്യണം എന്നൊക്കെ ഭാര്യ അമ്മയെ പ്പോലെ കണ്ണുരുട്ടുമ്പോൾ ഭർത്താവ് ഒരു കൗമാരക്കാരനെപ്പോലെ അനുസരണക്കേട് കാട്ടുന്നതിൽ ആനന്ദം കണ്ടെത്തും.ഭർത്താവിന്റെ അനുസരണക്കേട് കൂടുന്തോറും ഭാര്യയുടെ കണ്ണുരുട്ടലും കൂടും. ആരു ജയിക്കും എന്ന വാശിയാകും. സ്വസ്ഥമായ ആശയവിനിമയം പോലും നടക്കാതെ വരും.ഭർത്താവും ഭാര്യയും മാത്രമുള്ള ലോകത്ത് അവർ എങ്ങനെ പെരുമാറിയാലും പ്രശ്നമില്ല. പക്ഷേ ഇതു മറ്റുള്ളവരുടെ മുന്നിലെത്തുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഭാര്യ ഒരു കൊച്ചുകുട്ടിയെപ്പോലെ തന്നെ ശാസിക്കുന്നതും പിറകേ നടക്കുന്നതുമൊന്നും ഭർത്താവ് സഹിച്ചോളണമെന്നില്ല. ഇതിന്റെ പേരിൽ പിന്നീട് പല കുടുംബങ്ങളിലും കലഹങ്ങൾ പതിവായിട്ടുണ്ടെന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. കുട്ടികൾ ഉണ്ടാകുന്നതോടെയാണ് ചില ഭർത്താക്കന്മാർ പ്രശ്നക്കാരാവുന്നത്. അതുവരെ ഭാര്യയുടെ പരിലാളനങ്ങൾ ഒറ്റയ്ക്ക് അനുഭവിച്ച പുരുഷന് കുട്ടിയുടെ ജനനത്തോടെ തനിക്കു കിട്ടുന്ന സ്നേഹം കുറഞ്ഞു പോയതായി തോന്നും. ഈ ചിന്ത കുഞ്ഞിനും അച്ഛനും ഇടയിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.

ലൈംഗിക ജീവിതം

ഭാര്യ തന്റെ പിറകെ കൊച്ചുകുട്ടിയോടെന്ന പോലെ നടക്കുന്നതു ഒരു പരിധി കഴിയുമ്പോൾ പല ഭർത്താക്കന്മാർക്കും സഹിക്കാവതാകും. അവർ ഭാര്യയെ തോൽപ്പിക്കാൻ കണ്ടെത്തുന്ന മാർഗം സെക്സിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ചില സമയങ്ങളിൽ അനുസരണക്കേടു കാട്ടുന്ന ഭർത്താക്കന്മാരെ ഒരു പാഠം പഠിപ്പിക്കാൻ ഈ ‘അമ്മ ഭാര്യമാർ അവർക്കു സെക്സ് നിഷേധിക്കും. പലപ്പോഴും ഭർത്താവിനെ മകനെപ്പോലെ സ്നേഹിക്കുന്ന ഭാര്യമാർക്ക് ഭർത്താവിന്റെ ഓരോ ചെറിയ കാര്യങ്ങളിലും കാണിക്കേണ്ടി വരുന്ന അമിതശ്രദ്ധ ലൈംഗികകാര്യങ്ങളിലും കാണിക്കേണ്ടി വരും. സെക്സിൽ മുൻ കൈ എടുക്കുന്നതും പലപ്പോഴും ഭാര്യ ആകും.

എന്തു ചെയ്യും ?

ഭർത്താവും ഭാര്യയും ആനന്ദം കണ്ടെത്തുന്നുണ്ടെങ്കിൽ അവരെ സാധാരണ അവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരാൻ അൽപം ബുദ്ധിമുട്ടാണ്. തങ്ങളുടെ ബന്ധത്തിൽ അസ്വാഭാവികതയുണ്ടെന്നു ഇരുവരും തിരിച്ചറിഞ്ഞിട്ടുണ്ടാവുമെങ്കിൽക്കൂടി അവർക്ക് അങ്ങനെ തുടരാനാവും താൽപര്യം. മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനായി ഞങ്ങൾ മാറിയെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുമെങ്കിൽക്കൂടി....ഇതിൽ നിന്ന് മാറ്റിയെടുക്കാൻ സൈക്കോളജിസ്റ്റ് രണ്ട് കാര്യങ്ങളാണ് പ്രധാനമായും ചെയ്യുക. ഭർത്താവിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചു രണ്ടുപേരെയും ബോധവൽക്കരിക്കും. ഭർത്താവിനോടും ഭാര്യയോടും കുറച്ചുകാലം പിരിഞ്ഞിരിക്കാൻ ആവശ്യപ്പെടും.

ഭർത്താവിനെ നിങ്ങൾ മകനെപ്പോലെയാണോ സ്നേഹിക്കുന്നത് ? നിങ്ങളും ഭർത്താവും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്നറിയാൻ താൽപര്യമില്ലേ ? ഈ ചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരം നൽകൂ....

1 നിങ്ങളുടെ വാക്ക് കേട്ട് ഭർത്താവ് തന്റെ വളര പ്രിയപ്പെട്ടസുഹൃത്തിന്റെ അടുത്തു പോവാതായിട്ടുണ്ടോ ?

2 നിങ്ങളാണോ പതിവായി ഭർത്താവിന്റെ തല തോർത്തിക്കൊടുക്കുന്നത് ? സെക്സിൽ ഏർപ്പെടാൻ നിങ്ങൾ ആണോ മുൻകൈ എടുക്കുന്നത് ?

3 ഒരു ദിവസം പോലും നിങ്ങളെ പിരിഞ്ഞിരിക്കാൻ കഴിയില്ല എന്ന അവസ്ഥയിലാണോ ഭർത്താവ് ?

4 നിങ്ങളുടെ ഭർത്താവ് നിങ്ങൾ അയാളെക്കാൾ കൂടുതൽ കുട്ടികളെയാണ് സ്നേഹിക്കുന്നതെന്ന് പരിഭവിക്കാറുണ്ടോ ?

5 ഭർത്താവിന് ഇഷ്ടമുള്ള കാര്യം നിങ്ങൾ പറഞ്ഞാൽ ചെയ്യാതിരിക്കുമോ ?

നാലു ചോദ്യങ്ങൾക്കെങ്കിലും ഉത്തരം ‘അതേ അല്ലെങ്കിൽ ‘ശരി എന്നാണെങ്കിൽ നിങ്ങൾ ഭർത്താവിനെ മകനെപ്പോലെയാണ് സ്നേഹിക്കുന്നത്.