വേഷം കെട്ടിയതല്ല, ലിപ്സ്റ്റിക് പണി തന്നതാ....

ലില്ലി ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനു മുമ്പും ശേഷവും

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ ഒരുപടി മുന്നിലാണ്. നാലാളുകൾക്കു മുന്നിൽ തിളങ്ങുന്ന കാര്യത്തിൽ  ഒരു കോംപ്രമൈസിനും പെണ്ണുങ്ങൾ തയ്യാറല്ല. സുന്ദരിയാകുവാൻ മെനക്കെ‌‌ട്ടു വികൃതയായതിന്റെ വിഷമത്തിലാണ് ഫ്ലോറിഡ സ്വദേശിയായ ഒരു  യുവതിയിപ്പോൾ. ഫ്ലോറിഡക്കാരിയായ ലില്ലി ക്ലിയോപാട്ര മൗറിസിന് ആണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. ഭർത്താവിന്റെ പിറന്നാൾ ആഘോഷത്തിനു വേണ്ടി സുന്ദരിയാകുവാനാണ് ലില്ലി പുതിയ ലിപ്സ്റ്റിക് വാങ്ങിയത്. എന്നാൽ  ഭർത്താവിന്റെ പിറന്നാൾ  ആഘോഷിക്കുന്നതിനു പകരം ആശുപത്രിയിലായിരുന്നു ലില്ലി ആ ദിവസം ചിലവഴിച്ചത്. 

താഴത്തെ ചുണ്ടുകൾ നീരുവന്നു വീർത്ത് ലില്ലിയുടെ മുഖമാകെ വികൃതമായിരിക്കുകയാണ്. സാധാരണത്തേതിലും  മൂന്നുമടങ്ങ് വലിപ്പമാണ് ചുണ്ടുകൾക്കുണ്ടായത്. കവർഗേൾ എന്ന ബ്രാന്‍ഡിന്റെ ലിപ്സ്റ്റിക് ആണ് യുവതിക്ക്  പാരയായത്.  തുടക്കത്തിൽ ലില്ലിയുടെ ചുണ്ടുകൾ തടിച്ചതിനു കാരണം കണ്ടെത്താൻ കഴിയാതിരുന്ന ഡോക്ടർമാർ പിന്നീടാണ് ലിപ്സ്റ്റിക് അലർജിയായതാണ് കാരണമെന്നു മനസിലാക്കിയത്. അധികം വൈകാതെ തനിക്കു സംഭവിച്ച ദുരനുഭവത്തെക്കുറിച്ച് ലില്ലി ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുകയും ചെയ്തു. 

ലിപ്സ്റ്റിക് ഉപയോഗിക്കുന്നവർ അതിലെ ഇൻഗ്രീ‍ഡിയൻസ് എന്തൊക്കെ പാർശ്വ ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളവയാണെന്നു നേരത്തെ മനസിലാക്കി വെക്കണമെന്നു പറയുന്നു ലില്ലി. സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനു മുമ്പായി അവ മൂലമുണ്ടാേയക്കാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് അലർജി സ്പെഷലിസ്റ്റിൽ നിന്നും മനസിലാക്കേണ്ടതാണെന്നും ലില്ലി പറയുന്നു. ഇപ്പോൾ മരുന്നുകൾക്കും വിശ്രമത്തിനുമൊടുവിൽ ലില്ലിയുടെ ചുണ്ടുകൾ പഴയതുപോലെ തന്നെയായിട്ടുണ്ട്.

അതിനിടെ അമേരിക്കയിലെ പ്രശസ്ത കോസ്മെറ്റിക് ബ്രാൻഡ് കൂടിയായ കവർഗേൾ ഈ സംഭവത്തോടെ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. എന്നാൽ ലില്ലിയ്ക്കുണ്ട‌ായത് ലിപ്സ്റ്റിക് ഉപയോഗം മൂലം ആയിരിക്കില്ലെന്നും ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങൾക്ക് പ്രാധാന്യമെന്നും കവർഗേൾ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളെല്ലാം വേണ്ടത്ര പരീക്ഷണങ്ങൾക്കൊടുവിൽ വിപണിയില്ലെത്തിക്കുന്നതാണെന്നും വക്താക്കൾ പറഞ്ഞു.  എന്തായാലും ഒരു ലിപ്സ്റ്റിക് കാണുമ്പോഴേയ്ക്കും വാരിയെടുത്ത് ചുണ്ടിൽ പുരട്ടും മുമ്പ് തെല്ലൊന്നാലോചിക്കാം എന്നു വ്യക്തമാക്കിതരികയാണ് ലില്ലിയുടെ കഥ.