പെണ്ണ് കോപിച്ചാൽ അഹങ്കാരി, ആണ് കലിച്ചാൽ പൗരുഷം!!!

ആണിനൊപ്പം പെണ്ണുയരുന്നത് അസൂയയോടെ വീക്ഷിക്കുന്ന ഭൂരിഭാഗം പേരടങ്ങിയ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പെണ്ണൊന്നു കുറച്ചു ബോൾഡ് ആയാൽ അവളെ അഹങ്കാരിയായി മുദ്രകുത്തും അതേസമയം ഒരാണാണ് ബോൾഡ് ആകുന്നതെങ്കിലോ അവൻ മിടുക്കനാണെന്നു പറയും. അടുത്തിടെ പുറത്തു വന്ന പഠനം ആണിനെയും പെണ്ണിനെയും സമൂഹം രണ്ടുതട്ടിൽ മാത്രമേ കാണൂ എന്നതിന് ഉത്തമ ഉദാഹരണമാണ്. സ്ത്രീകളെയും പുരുഷന്മാരെയും കാണുന്നതിൽ വ്യക്തമായ പക്ഷപാതം നിലനിൽക്കുന്നുണ്ടെന്നു തെളിയിച്ചിരിക്കുന്നത് ചിക്കാഗോയിലെ ഒരു സംഘം ഗവേഷകര്‍. സ്ത്രീയുടെയും പുരുഷന്റെയും ദേഷ്യവും അതിനെ രണ്ടു രീതിയിൽ കാണുന്ന സമൂഹത്തെയുമാണ് അവർ പഠനത്തിലൂടെ പുറത്തു കാണിക്കുന്നത്.

പാർട്ടിയ്ക്കിടയിലോ ഔദ്യോഗിക വേളയിലോ തനിക്കിഷ്ടമില്ലാത്ത ന്യായമായ കാര്യം പറയുന്ന പെണ്ണുങ്ങൾ എന്നും അഹങ്കാരികളായേ സമൂഹം കണക്കാക്കൂ എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ഇതേകാര്യം ഒരു പുരുഷൻ ചെയ്താൽ അതിനെ വാഴ്ത്തിപ്പാടുകയും ന്യായീകരിക്കുകയും ചെയ്യും. 2009ലെ യുഎസ് ഓപ്പണിൽ നിയന്ത്രണംവിട്ട് ശബ്ദമൊന്നുയർത്തിയതിന് സെറീന വില്യംസിന് 82500 ഡോളര്‍ പിഴയാണ് ചുമത്തിയിരുന്നത്. സെറീനയുടെ സ്ഥാനത്ത് ഒരാണായിരുന്നുവെങ്കിൽ ഈ പെരുമാറ്റത്തോട് ക്ഷമിക്കാൻ തയ്യാറായിരുന്നേനെയെന്ന് ടെന്നീസ് ലോകം തന്നെ പിന്നീടു പറയുകയുണ്ടായി. ഇതുപോലെ തനിക്കു തോന്നുന്ന ഉചിതമായ തീരുമാനം പറയുന്ന പെണ്ണുങ്ങള്‍ എന്നും മറ്റുള്ളവർക്കു മുന്നിൽ അഹങ്കാരികളാവുകയാണ്.

210 ബിരുദ വിദ്യാർഥികളെ ആധാരമാക്കിയാണ് ഈ ഇരട്ടത്താപ്പിനെ ഗവേഷകർ പരീക്ഷിച്ചത്. ആറു സംഘങ്ങളായി തിരിച്ചായിരുന്നു നിരീക്ഷണം. ഗവേഷകർ നൽകിയ സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തില്‍ മെസഞ്ചറിലൂടെയായിരുന്നു പരീക്ഷണം. ഗ്രൂപ്പുകളിലൂടെ ഒരു ആൺകുട്ടിയും പെൺകുട്ടിയും തങ്ങളുടെ അഭിപ്രായങ്ങൾ നിയന്ത്രണം വിട്ട് ഒരുപോലെ പ്രകടിപ്പിച്ചു. എന്നാൽ ഫലം വിചാരിച്ചതുപോലെ തന്നെയായിരുന്നു. പെൺകുട്ടിയെ പിന്താങ്ങുന്നവർ വളരെ കുറവും ആൺകുട്ടിയെ അഭിനന്ദിച്ചവർ ഏറെയും.

ഇത്തരം സാഹചര്യങ്ങളിൽ ന്യായമായ കാര്യങ്ങളിൽപ്പോലും സ്ത്രീകൾക്ക് പിന്തുണ കുറയുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളിൽ അവർ ഒറ്റപ്പെടുമെന്നും ഗവേഷകർ പറയുന്നു. അതിനാൽ തന്നെ സാമൂഹികപരമായി പ്രാധാന്യമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ സ്ത്രീ പിന്തള്ളപ്പെടുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.