അമ്പമ്പോ! ദേ കാടിനു നടുവിൽ ഒരു ഭീമൻ ലിഫ്റ്റ്!

ചൈനയിലെ സാൻജിയാജി ഫോറസ്റ്റ് പാർക്കിലുള്ള ഭീമൻ ലിഫ്റ്റ്

ചിലർക്ക് പർവതാരോഹണം എന്നാൽ സാഹസികമായി കടമ്പകൾ ക‌ടന്നു പർവതത്തിനറ്റം കണ്ടെത്തി വിജയം ആഘോഷിക്കുന്നതാണ്. എന്നാൽ മറ്റു ചിലർക്കോ അതു എങ്ങനെയെങ്കിലും പെട്ടെന്ന് ഉയരത്തിലെത്തി ദൂരക്കാഴ്ച്ചകൾ കാണുക എന്നതാണ്. രണ്ടാമതു പറഞ്ഞ വിഭാഗക്കാർക്കൊരു സന്തോഷ വാർത്തയാണു ചൈനയിൽ നിന്നു വരുന്നത്. മറ്റൊന്നുമല്ല ഇവിടെ ഒരു ഭീമൻ പർവതം വെറും സിമ്പിളായി കയറാൻ കിടിലൻ ലിഫ്റ്റ് കാത്തിരിപ്പുണ്ട്. ചില്ലറയല്ല 1070 അടി അഥവാ 326 മീറ്ററാണ് ഇതിന്റെ നീളം. വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ.. എന്നാൽ ഈ ഭീമൻ ലിഫ്റ്റ് ആണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ചൈനയിലെ സാൻജിയാജി ഫോറസ്റ്റ് പാർക്കിലുള്ള ഭീമൻ ലിഫ്റ്റ്

ഇരുവശവും കുത്തനെയുള്ള ഭീമാകാരമായ പാറക്കെ‌ട്ടുകൾ... കാടിനു നടുവില്‍ പച്ചപുതച്ചു നിൽക്കുന്ന ആ പാറക്കെട്ടുകൾക്കിടയില്‍ അതാ നീണ്ടുനിവർന്നു നില്‍ക്കുന്നു ഒരുഗ്രൻ ലിഫ്റ്റ്. സംശയിക്കേണ്ട ലിഫ്റ്റു തന്നെ. മെട്രോ നഗരങ്ങളിലും മാളുകളിലും മാത്രം കാണുന്ന ലിഫ്റ്റിന് ഈ കാട്ടുപ്രദേശത്തെങ്ങനെ വന്നു എന്നാണോ? അതിന്റെ ക്രെഡിറ്റ് മുഴുവൻ ചൈനക്കാർക്കുള്ളതാണ്. ലോകത്തിലെ തുറസായ പ്രദേശങ്ങളിലുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയ ലിഫ്റ്റാണിത്.

ചൈനയിലെ സാൻജിയാജി ഫോറസ്റ്റ് പാർക്കിലുള്ള ഭീമൻ ലിഫ്റ്റ്

യാത്രക്കാരെ താഴെ നിന്നും പർവതത്തിന്റെ മുകളിലേക്കെത്തിക്കുവാനാണ് ലിഫ്റ്റ് നിർമിച്ചിരിക്കുന്നത്. വെറും രണ്ടു നിമിഷങ്ങള്‍ക്കുള്ളിൽ ലിഫ്റ്റ് നിങ്ങളെ മുകളിലെക്കെത്തിക്കും. ഗ്ലാസുകളാൽ നിർമിതമായ ലിഫ്റ്റിൽ ഒരേസമയം 50 പേരെ വരെ കയറ്റാൻ കഴിയും. ചൈനയിലെ സാൻജിയാജി ഫോറസ്റ്റ് പാർക്കിലെ വുലിങ്‌യുവാൻ സീനിക് ഏരിയയിലാണ് ലിഫ്റ്റ് സ്ഥിതി ചെയ്യുന്നത്. ഇനി ഈ ലിഫ്റ്റിന്റെ പേര് എന്താണെന്നോ 'ഹണ്ട്ര‍ഡ് ഗ്രാഗൺസ് സ്കൈ ലിഫ്റ്റ്'. അല്ലെങ്കിലും ആകാശം മുട്ടെ നീളമുള്ള ഈ ഭീമൻ ലിഫ്റ്റിന് ഇതില്‍പ്പരം നല്ല പെരെന്തു നൽകും?

ചൈനയിലെ സാൻജിയാജി ഫോറസ്റ്റ് പാർക്കിലുള്ള ഭീമൻ ലിഫ്റ്റ്

മൂന്നു വർഷത്തോളമെടുത്താണ് 1999ൽ ആരംഭിച്ച ലിഫ്റ്റിന്റെ പണി പൂർത്തിയാക്കിയത്. ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുത്ത ലിഫ്റ്റ് സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി നേരത്തെ പ്രവർത്തനം നിർത്തി വച്ചിരുന്നുവെങ്കിലും 2003ൽ വീണ്ടും ആരംഭിക്കുകയായിരുന്നു. ഈസിയായി പർവതാരോഹണം നടത്താനും ഒപ്പം അത്യുഗ്രൻ ആകാശകാഴ്ച്ചകൾ കണ്ടു ആനന്ദിക്കുവാനും ഇപ്പോൾ വിനോദ സഞ്ചാരികൾ ചൈനയിലേക്ക് കുതിക്കുകയാണ്.‌