വഴിതെറ്റലിന്റെ മുനമ്പത്ത് കോട്ടയത്തെ യുവാക്കൾ?

Representative Image

വഴിതെറ്റലിന്റെ മുനമ്പത്ത് നിൽക്കുകയാണോ കോട്ടയത്തെ യുവാക്കൾ? കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മോഷണം, പിടിച്ചുപറി, ബൈക്കിലെത്തി മാലപൊട്ടിക്കൽ, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളിൽ കോട്ടയത്തു നിന്ന് പിടിയിലായ പ്രതികളുടെ പട്ടിക നിരത്തുമ്പോൾ ഈ ചോദ്യത്തിന്റെ ഉത്തരം കിട്ടും. 13 പേരാണ് അഞ്ചു കേസുകളിലായി പിടിയിലായത്. എല്ലാവരും 20 വയസ്സിൽ താഴെയുള്ളവർ. കൂടുതൽ പേരും 17ൽ തൊട്ടുനിൽക്കുന്നു.

ഇതൊരു പാഠമാണ്. കോട്ടയത്തെ പാഠശാലകളുടെ ചില മൂലകളിൽ നിന്നുള്ള കാറ്റിന് നാലഞ്ച് വർഷം മുൻപ് ക‍ഞ്ചാവിന്റെ മണം വന്നപ്പോൾ അതു കാര്യമാക്കാതിരുന്ന അധികൃതർക്കും പൊലീസിനുമുള്ള മറുപടിയാണ് ഇൗ കുട്ടിക്കുറ്റവാളികൾ. പൊലീസിന്റെ കണക്കിൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ള ജില്ലയാണ് കോട്ടയം. ഇതിനു പിന്നിൽ ലഹരി കടത്തലിനും വ്യാപാരത്തിനും ഇവിടെ കിട്ടുന്ന അമിതസ്വാതന്ത്യമാണ്. 143 പേരാണ് ജില്ലയിൽ മാനഭംഗവും പിടിച്ചുപറിയും കൊലപാതകശ്രമവും ഉൾപ്പെടെയുള്ള കേസുകളിൽപ്പെട്ടവർ. ആറുമാസം മുൻപ് പൊലീസ് സർക്കാരിനു കൊടുത്ത ഇൗ റിപ്പോർട്ടിന് േശഷം ഇൗ പട്ടികയിൽ ഇടം പിടിച്ചത് അൻപതിലേറെ യുവാക്കൾ. ബൈക്കിൽ പോയ ദമ്പതികളിൽ നിന്ന് പണം പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് കഴിഞ്ഞ ദിവസം ഗുരുതരപരുക്കേറ്റു. യുവാക്കൾക്കിടയിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ മടിയില്ലെന്നതാണ് പൊലീസിനെ ഞെട്ടിപ്പിക്കുന്ന പ്രധാനകാര്യം. പൊലീസിന്റെ പിടിയിലായ 13 പേർക്കും യോഗ്യതയിൽ സമാനതയുണ്ട്. 13 പേരും പ്ലസ്ടൂ തോറ്റു. പഠിത്തം ഉപേക്ഷിച്ചു. 13 പേരും കഞ്ചാവിനടിമകൾ.

കഞ്ചാവ് മണക്കുന്ന പ്രണയ ക്വട്ടേഷൻ, തലവനുമായി മുഖാമുഖം- അന്വേഷണ പരമ്പരയുടെ മൂന്നാം ഭാഗം വായിക്കാം

സ്കൂളിൽ പഠിക്കുമ്പോൾ ഒരു പുകയുടെ കൗതുകം തേടി പോയവരാണ് ഇവരൊക്കെ. പിന്നെ തനിക്കും കൂട്ടുകാരനും കൂടി രണ്ടു പൊതികൾ ദിവസവും സംഘടിപ്പിച്ചു. പൊതിയുടെ വലുപ്പം കൂടിയപ്പോൾ കഞ്ചാവ് വിൽപനയ്ക്ക് നിയോഗിക്കപ്പെട്ടു. കഞ്ചാവ് വാങ്ങാനും വിലസാനും പണം കിട്ടാതെ വന്നതോടെ മുന്നിൽ കണ്ടവരുടെ തലയ്ക്കടിച്ചും കവർന്നും പണമുണ്ടാക്കാൻ നോക്കി. കൊല്ലാൻ പോലും മടിയില്ലാത്തവരായി പലരും മാറുന്നു. മൂന്നുപേരെ പിടിച്ചത് മോഷ്ടിച്ച നാൽപതിനായിരം രൂപ മൂന്നാറിൽ കൊണ്ടുപോയി അടിച്ചുപൊളിക്കുന്നതിനിടെയാണ്.

ചില തുമ്പുകൾ ലഭിച്ച് ഇവരുടെ വീടുകളിൽ തിരക്കിചെന്ന പൊലീസ് കണ്ടത് രക്ഷിതാക്കളുടെ നിസഹായതയുട നിലവിളികൾ. പൊലീസ് കാര്യങ്ങൾ വിവരിക്കുമ്പോൾ ആ വിടുകളുടെയെല്ലാം പ്രതീക്ഷകൾ ദ്രവിച്ചുവീഴുന്നതുകാണാം. എല്ലാം പാവപ്പെട്ട കുടുംബങ്ങൾ. ഇല്ലായ്മകൾ ശീലമാക്കിയ രക്ഷിതാക്കളുടെ മക്കൾ എങ്ങനെയാണ് ഇൗ രീതിയിൽ പോകുന്നത്. ഒന്നുറപ്പിക്കാം കഞ്ചാവിൽ പുകഞ്ഞു പൊട്ടിയ ജീവിതങ്ങളാണിവ.