വാട്സാപ്പിലെ പാവയ്ക്കയും മധുരനാരങ്ങയും

വാട്സാപ്പിലെ ‘പാവയ്ക്ക’ എന്ന ഗ്രൂപ്പിന്റെ പിന്നാമ്പുറം േതടി ആലപ്പുഴയിൽ നിന്ന് പൊലീസ് സംഘം കോട്ടയത്തൊക്കെ കറങ്ങിയിരുന്നു. ഹരിപ്പാട് ഒരു സ്ത്രിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണമാണ് ഇവിടെയെത്തിയത്. സ്ത്രീയുടെ ബന്ധു എൻജിനിയറിങ് വിദ്യാർഥിയുൾപ്പെടെയുള്ള പാവയ്ക്ക എന്ന വാട്സ് ആപ് ഗ്രൂപ്പ് എന്ന ക്രൈംത്രില്ലറിന്റെ ക്ലൈമാക്സിലേക്ക് പൊലീസ് കടന്നിട്ടില്ലങ്കിലും ഒരു കാര്യം ഉറപ്പ്. ഇൗ പാവയ്ക്കയ്ക്ക് കയ്പല്ല. ടീനേജ് സ്വപ്നങ്ങളുടെ മധുരമാണ്. ഇൗ വാട്സാപ്പ് ഗ്രൂപ്പിൽ കൈമാറ്റം ചെയ്യപ്പെട്ടതു മുഴുവൻ നമ്മുടെ അയൽപക്കത്തെയും സുഹ്യത്തുക്കളായ വിദ്യാർഥിനികളുടെയുമൊക്കെ കബളിപ്പിച്ചെടുത്ത അശ്ലീല ദൃശ്യങ്ങളാണ്.. ക‍ഞ്ചാവിന്റെ ലഹരിയ്ക്കൊപ്പം ചേക്കേറുന്ന മറ്റൊരു ലഹരി.

കോട്ടയത്ത് ഒരു സ്കൂളിൽ കൗൺസിലിങിനിടെ രഹസ്യമായി അധ്യാപികയ്ക്കു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടുപിടിക്കപ്പെട്ട വാട്സ് ആപ് ഗ്രൂപ്പിന്റെ പേരായിരുന്നു മധുരനാരങ്ങ. വേട്ടക്കാരന്റെ മുഖമാണ് അതിന് ഗ്രൂപ്പിൽ കൊടുത്തിട്ടുള്ള ചിത്രം. ഇൗ മധുരനാരങ്ങ തുളച്ചുനോക്കിയപ്പോൾ ടീച്ചർമാർ ഞെട്ടി തളർന്നിരുന്നുപോയി. 13 പേരുടെ ഗ്രൂപ്പിൽ പെൺകുട്ടികളും. രാവിലെ കുളിക്കുന്നതിന്റെ ഒരു സെൽഫിയായിരുന്നു മൽസരിച്ച് ആൺപെൺ വ്യത്യാസമില്ലാതെ മധുരനാരങ്ങയിലേക്ക് സംഭാവന. ഗ്രൂപ്പ് നേതാവിനെ അന്വേഷിച്ചുചെന്നപ്പോൾ സ്കൂളിന്റെ പിന്നാമ്പുറമാണ് ആസ്ഥാനം. കഞ്ചാവുതൊട്ട് ഇങ്ങോട്ട് ലഹരിയുടെ എല്ലാ ഏണിപ്പടികളും കയറിയിറങ്ങുന്ന ആശാൻ.

വഴിതെറ്റലിന്റെ മുനമ്പത്ത് കോട്ടയത്തെ യുവാക്കൾ?- അന്വേഷണ പരമ്പരയുടെ ഒന്നാം ഭാഗം വായിക്കാം

കഴിഞ്ഞ ദിവസം ദമ്പതികളെ പട്ടാപ്പകൽ ആക്രമിച്ച് പണം തട്ടിയെടുത്ത സംഘത്തിലെ നാലു യുവാക്കളെ പിടിക്കാൻ പൊലീസ് പെടാപാടുപെട്ടു. കൊലക്കേസ് പ്രതികളെ പോലും പിടിക്കാൻ സൈബർ സെല്ലിന് എളുപ്പമാണെങ്കിലും ഇൗ പ്രതികളെ ജില്ലയ്ക്കകത്തു നിന്നു പൊക്കാൻ മണിക്കൂറുകൾ താമസിച്ചു. സംഘാംഗങ്ങൾ പരസ്പരം ഒരു കോൾ എങ്കിലും ചെയ്താലല്ലേ ഇവർ തമ്മിലുള്ള ബന്ധമറിയാൻ പറ്റുകയുള്ളു. എല്ലാം വാട്സ് ആപ്പുവഴിയായിരുന്നു സന്ദേശം കൈമാറൽ. ഫോൺ വിളിക്കുന്നതിലല്ല ഇന്റർനെറ്റ് ചാർജ് ചെയ്യുന്നതിനാണ് കൂടുതൽ പണം ചെലവാക്കുന്നതെന്നു പ്രതികൾസമ്മതിക്കുയും ചെയ്തു. ഇരട്ടലഹരിയുടെ ഉന്മാദം.

ലഹരിയുടെ കെട്ടുപിണഞ്ഞ വലയിൽ കുടുങ്ങി...

ദൈവത്തിന്റെ പേരിനൊപ്പം വരും പുതുപ്പള്ളി സ്കൂളിൽ നിന്നു ഇന്നലെ പരിചയപ്പെട്ട 11–ാം ക്ലാസുകാരന്. പൊലീസിന്റെ കൗൺസിലിങും നിരീക്ഷണവുമൊക്കെയായി നടക്കുന്ന വിദ്യാർഥി. പൊലീസിന്റെ കയ്യിൽ നിന്നുള്ള പേരും വിവരവുമായി കാണാൻ ചെന്നതാണ്. സ്കൂൾ ബാഗുമായി സ്കൂൾ മുറ്റത്തുണ്ടെങ്കിലും ആൾ സ്ഥലത്തില്ലെന്നു മനസിലായി. രാവിലെ വലിച്ചുകയറ്റിയ കഞ്ചാവിന്റെ ലഹരിയിൽ സ്പോഞ്ചുപോലെ നടക്കുകയാണ്. സംസാരത്തിലും അതുമനസിലാകും. ‘ ഹെവി ട്രിപ്പിങിലാണ് ’ താനെന്നായിരുന്നു അവകാശവാദം. അതെന്താണ് സംഭവമെന്ന് ചോദിച്ചപ്പോൾ മറുപടി. അത് രാവിലെ ഒരു കഞ്ചാവെടുത്താൽ വൈകുന്നേരം വരെ നിൽക്കും. ‘ജോയിന്റടിക്കുകയല്ല’. എന്നുവച്ചാൽ സംഘം ചേർന്ന് ഒരു കഞ്ചാവ് ബിഡി വീതംവച്ച് വലിക്കുകയല്ല. ഒരെണ്ണം ആർക്കും കൊടുക്കാതെ അങ്ങ് വലിച്ചാൽ അത് ഹെവി ട്രിപ്പിങ്. വലിയൊരു യാത്ര പോക്ക് എന്നർഥം. ഭൂമിയിൽ ജീവിക്കുന്നെന്നേയുള്ള ആൾ കറങ്ങുന്നത് സ്വർഗത്തിലാണെന്നും ആ വിദ്യാർഥി വാദിച്ച ജയിക്കുന്നു ന്യായീകരണവുമുണ്ട്. ദൈവം സൃഷ്ടിച്ച ഒരു ചെടി. അത് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്.

ക്വട്ടേഷൻ തലവനുമായി മുഖാമുഖം- അന്വേഷണ പരമ്പരയുടെ മൂന്നാം ഭാഗം വായിക്കാം

തെറ്റും ശരിയും പറയാതെ ഇൗ 11–ാം ക്ളാസുകാരന്റെ വീട്ടിലെ അവസ്ഥ തേടിപ്പോയി. ചായക്കട നടത്തുന്ന പിതാവിൽ നിന്ന് പണം മോഷ്ടിച്ചാണ് മകൻ കഞ്ചാവിന്റെ ലഹരി തേടിയത്. സ്കൂളിൽ കൂട്ടുകാരുടെ എണ്ണം കൂടി. അഞ്ഞൂറു രൂപ വരെ മോഷ്ടിക്കുമായിരുന്നു വീട്ടിൽ നിന്ന് മോഷണം കയ്യോടെ പിടിച്ചതോടെ പിന്നെ കാറ്ററിംങ് സംഘത്തിൽ ഇടയ്ക്ക് ജോലിയ്ക്ക് പോയി. ലഹരിമൂത്ത് വീട്ടിൽ കയറി വന്നപ്പോൾ സംശയം തോന്നിയ മകനോട് തർക്കിച്ച അമ്മയെ കഴുത്തിൽ കുത്തിപിടിച്ച് കൊല്ലാൻ ശ്രമിച്ചപ്പോൾ ഓടിക്കൂടി നാട്ടുകാരാണ് മകന്റെ പോക്കിനെക്കുറിച്ച് മാതാപിതാക്കളെ ബോധ്യപ്പെടുത്തിയത്. ലഹരിയിൽ നിന്നും ക്രിമിനൽ വാസനയിലേക്കു കൂടി കടന്ന മകനോട് മാതാപിതാക്കൾ ചോദിക്കുന്നു. മോനേ...നീയിത് എന്തുഭാവിച്ചാ....പാതിമുറിഞ്ഞ വാക്യത്തിൽ അവർ ഒടുങ്ങുമ്പോൾ അവർ കാണുന്നുണ്ട് ലഹരിയുടെ കെട്ടുപിണഞ്ഞ വലയിൽ കുടുങ്ങിയ മകനെ