ധോണിയുടെ സ്വകാര്യജീവിതവും ആഘോഷിക്കണോ, പൊട്ടിത്തെറിച്ച് ഭാര്യ

മഹേന്ദ്ര സിങ് ധോണി ആധാർ സേവനം ലഭ്യമാക്കുന്നു, സാക്ഷി സിങ് ധോണി

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ഇന്നും ആരാധകരേറെയാണ്. 'ധോണി ദി അണ്‍ടോൾഡ് സ്റ്റോറി' എന്ന ചിത്രവും ഇറങ്ങിയതോടെ എത്രത്തോളം പ്രതിസന്ധികളെ മറികടന്നാണ് ധോണി തന്റെ ജീവിതത്തിൽ വെന്നിക്കൊടി പാറിച്ചതെന്ന് എല്ലാവർക്കും മനസിലായി. കഠിനാധ്വാനവും അർപണബോധവും മാത്രമാണ് ക്രിക്കറ്റിന്റെ ലോകത്ത് മഹിക്ക് പൊൻതൂവൽ നല്‍കിയത്. പക്ഷേ ഒന്നുണ്ട്, ഗ്ലാമർ ലോകത്തിനും കളിക്കളത്തിനും അപ്പുറം ധോണി എന്ന നായകന് ഒരു സ്വകാര്യ ജീവിതമുണ്ട്, അത് മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമാക്കുന്നത് അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ പ്രിയപത്നി സാക്ഷിക്കും അത്ര ഇഷ്ടമില്ല. 

കഴിഞ്ഞ ദിവസത്തെ സാക്ഷിയുടെ ഒരു ട്വീറ്റ് ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ കത്തിപടരുന്നത്. തന്റെ ഭർത്താവിന്റെ സ്വകാര്യ ജീവിതം പരസ്യമാകുന്നുവെന്നു തോന്നിയതോടെ ട്വിറ്ററിലൂടെ പൊട്ടിത്തെറിക്കുക തന്നെ ചെയ്തു സാക്ഷി.  

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സിഎസ്‌സി ഗവേർണൻസ് സർവീസ് ഓഫ് ഇന്ത്യ ആധാർ സേവനം ലഭ്യമാക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. സിഎസ്‌സിയുടെ ഔദ്യോഗിക അക്കൗണ്ടിൽ ധോണി ആധാർ കാർഡിനായി വിരലടയാളം പതിപ്പിക്കുന്ന ചിത്രം മാത്രം പങ്കുവെക്കുന്നതിനു പകരം അവർ ആധാര്‍ രജിസ്ട്രേഷന്റെ വിവരങ്ങളും സ്ക്രീൻ ഷോട്ടായി നൽകി. സംഗതി െഎടി മന്ത്രി രവിശങ്കർപ്രസാദും റീട്വീറ്റ് ചെയ്തു. അതുവഴി ധോണിയുടെ തീർത്തും സ്വകാര്യമായിരിക്കേണ്ട വിവരങ്ങളും പരസ്യമാക്കപ്പെട്ടു. ഇതാണ് ധോണിയുടെ ഭാര്യയെ ചൊടിപ്പിച്ചത്.

ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോയെന്നും ആധാർ കാർഡിലെ വിവരങ്ങള്‍ പൊതുസ്വത്താക്കി പരസ്യമാക്കിയെന്നും നിരാശപ്പെടുത്തുന്നതാണ് ഇതെന്നുമാണ് സാക്ഷി ട്വീറ്റ് ചെയ്തത്.  ഇതോടെ, ഇതു തന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി എന്നും സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് നിയമലംഘനമാണെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും രവിശങ്കർ പ്രസാദ് സാക്ഷിക്ക് ഉറപ്പു നൽകുകയും ചെയ്തു. ശേഷം ധോണിയുടെ ആധാർ കാർഡിന്റെ ഫോറം സ്ക്രീൻഷോട്ടായി നൽകിയതെല്ലാം പേജുകളിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.