ട്വിറ്ററിനെ ഇളക്കിമറിച്ച് മോദിയുടെ പ്രിയമന്ത്രിമാരുടെ വര്‍ക്ക് ഔട്ട് വിഡിയോ!

ഇപ്പോള്‍ ട്വിറ്ററിനെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയ മന്ത്രിമാരായ കിരണ്‍ റിജ്ജുവിന്റെയും രാജ്യവര്‍ധന്‍ സിങ് റാത്തോറിന്റെയും വര്‍ക്ക് ഔട്ട് വിഡിയോകളാണ്...

ഫിറ്റ്‌നസ് ഇന്ന് എല്ലാവര്‍ക്കും പ്രഥമ പരിഗണനയായി മാറിക്കൊണ്ടിരിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് ഫിറ്റ്‌നസ് അനിവാര്യമാണെന്ന് മനസിലാക്കി വര്‍ക്ക് ഔട്ട് ചെയ്യുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് രണ്ടു കേന്ദ്ര മന്ത്രിമാര്‍. അതെ, ഇപ്പോള്‍ ട്വിറ്ററിനെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയ മന്ത്രിമാരായ കിരണ്‍ റിജ്ജുവിന്റെയും രാജ്യവര്‍ധന്‍ സിങ് റാത്തോറിന്റെയും വര്‍ക്ക് ഔട്ട് വിഡിയോകളാണ്. 

വര്‍ക്ക് ഔട്ട് ചെയ്ത് നല്ല ആരോഗ്യത്തിലൂടെ മുന്നേറുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ തങ്ങള്‍ മുന്നില്‍ നിന്നു നയിക്കാമെന്നാണ് ഇരുമന്ത്രിമാരുടെയും ചിന്ത എന്നു തോന്നുന്നു. ഒളിംപ്യനായ രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ ഫിറ്റ്‌നസ് പ്രിയനാണെന്നത് പണ്ടേ അറിയുന്ന കാര്യമാണ്. എന്നാല്‍ മന്ത്രിപദത്തിലെത്തി ഇത്രയും തിരക്കുപിടിച്ച ജീവിതത്തിനിടയിലും താരം വര്‍ക്ക് ഔട്ട് ചെയ്യാന്‍ സമയം കണ്ടെത്തുന്നു എന്നത് എന്തായാലും നല്ല കാര്യം തന്നെ. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് സഹമന്ത്രിയാണ് റാത്തോര്‍. 

കിരിണ്‍ റിജ്ജുവാണ് ആദ്യം വിഡിയോ പോസ്റ്റ് ചെയ്തത്. അതോടു കൂടി #fitnessgoaltweets എന്ന ടാഗില്‍ ട്വീറ്റുകളുടെ കുത്തൊഴുക്ക് തുടങ്ങി. ഡ്യൂട്ടി സമയത്ത് ഞങ്ങള്‍ക്ക് ഫിറ്റ്‌നസിന് തീരെ സമയംക കിട്ടാറില്ല. എന്നാല്‍ എന്റെ ഒളിംപ്യന്‍ സഹപ്രവര്‍ത്തകന്‍ കുറച്ച് സമയം എങ്ങനെയോ കണ്ടെത്തുന്നു. കടുത്ത വെല്ലുവിളിയാണ് എനിക്ക് തരുന്നത്-റിജ്ജു ട്വീറ്റ് ചെയ്തു. 

അടുത്ത ദിവസം റാത്തോറിന്റെ വെല്ലുവിളി സ്വീകരിച്ച് റിജ്ജുവും തന്റെ വര്‍ക്ക് ഔട്ട് വിഡിയോ ട്വിറ്ററില്‍ അപ്  ലോഡ് ചെയ്തു. 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതായിരുന്നു വിഡിയോ. 

സുഹൃത്തുക്കളേ, മയക്കുമരുന്നുകള്‍ വേണ്ട നമുക്ക്. മോദിജിയുടെ പുതിയ ഇന്ത്യക്കായി നമുക്കു യത്‌നിക്കാം. ഞാന്‍ 30 മിനുറ്റ് എന്റെ സമയത്തില്‍ നിന്നെടുത്ത് വര്‍ക്ക് ഔട്ട് ചെയ്ത് റാത്തോറിന്റെ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു-റിജ്ജു ട്വീറ്റ് ചെയ്തു. 

എന്തായാലും സംഭവം കലക്കിയെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. മന്ത്രിമാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്.