ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെ കല്ല്യാണ വാര്‍ത്ത ട്വിറ്ററും ആഘോഷിച്ചത് വലിയ രീതിയിലാണ്. നടി സാഗരികയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സഹീര്‍ പുറത്തുവിട്ടത്. ഇരുവരും ട്വിറ്ററിലൂടെ ഇത് അറിയിക്കുകയും ചെയ്തു.
ഭാര്യയുടെ തെരഞ്ഞെടുക്കലുകളെ ഒരിക്കലും കളിയാക്കരുത്, നിങ്ങള്‍ അതിലൊരാളാണ് എന്ന ട്വീറ്റോടെയാണ് സഹീര്‍ വിവാഹ വാര്‍ത്ത ആഘോഷമാക്കിയത്. വാര്‍ത്ത പെട്ടെന്ന് വൈറലായതോടെ ആശംസകള്‍ കൊണ്ട് ആരാധകരും സഹീറിന്റെ അഭ്യുദയകാകംക്ഷികളുമെല്ലാം എത്തി. പലരും ട്വിറ്ററിലൂടെ ആയിരുന്നു സഹീറിനെയും സാഗരികയെയും ടാഗ് ചെയ്ത് ആശംസകള്‍ അറിയിച്ചത്. സഹ ക്രിക്കറ്റ് കളിക്കാര്‍ മുതല്‍ സഹീറിന്റെ സുഹൃത്തുക്കള്‍ വരെ ഇതിലുണ്ടായിരുന്നു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍ അനില്‍ കുംബ്ലെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീം ക്യാപ്റ്റനെ ആശംസിക്കാനെത്തി. എന്നാല്‍ കുംബ്ലെക്ക് പറ്റിയത് വലിയ അമളിയാണ്. സഹീറിന്റെ പ്രതിശ്രുത വധു സാഗരിക ഗാറ്റ്‌ഗെയെ ടാഗ് ചെയ്യേണ്ടതിന് പകരം കുംബ്ലെ ടാഗ് ചെയ്ത് ആശംസയര്‍പ്പിച്ചത് സാഗരിക ഘോഷ് എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകയെ ആണ്. സിഎന്‍എന്‍ ഐബിഎന്നിലെ സ്റ്റാര്‍ ജേണലിസ്റ്റായിരുന്ന സാഗരിക ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടിങ് എഡിറ്ററാണ്.
എന്നാല്‍ സാഗരിക ഘോഷ് ഉടന്‍ തന്നെ ട്വീറ്റിന് മറുപടി നല്‍കി. ഊപ്‌സ്...റോങ് സാഗരിക. സര്‍, ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്...ഇതായിരുന്നു മറുപടി. ഉടന്‍ തന്നെ കുംബ്ലെ തനിക്ക് പറ്റിയ അബദ്ധം മനസിലാക്കി തെറ്റ് തിരുത്തുകയും ചെയ്തു. സഹീറിന്റെ ടീമായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും സാഗരിക ഘോഷിനെ തന്നെയാണ് തെറ്റിദ്ധരിച്ച് ടാഗ് ചെയ്തത്. അവരും പിന്നീട് തെറ്റുതിരുത്തി മാപ്പു ചോദിച്ചു.